ലൈറ്റ് മെട്രോ: പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ ഡി.എം.ആര്‍.സിക്ക്
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ ഡി.എം.ആര്‍.സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്‍െറ ഭാഗമായി കേരള റാപ്പിഡ് ട്രാന്‍സിസ്റ്റ് കോര്‍പറേഷന്‍ അധികൃതര്‍ കഴിഞ്ഞദിവസം ഡി.എം.ആര്‍.സി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഒരാഴ്ചക്കകം കരാര്‍ ഒപ്പിടുമെന്നറിയുന്നു.
ലൈറ്റ് മെട്രോ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ തയാറാക്കല്‍, മേല്‍പ്പാലങ്ങളുടെ നിര്‍മാണം, തിരുവനന്തപുരത്തും കോഴിക്കോട്ടും സ്ഥലം ഏറ്റെടുക്കാനുള്ള രൂപരേഖകള്‍ തയാറാക്കുക എന്നിവയടങ്ങുന്ന പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറാണ് ഡി.എം.ആര്‍.സിക്ക് നല്‍കുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും 17.47 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 4.62 ഹെക്ടര്‍ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. തിരുവനന്തപുരത്ത് നാല് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കും. കോഴിക്കോട്ട് മേല്‍പ്പാലങ്ങളില്ല. ലൈറ്റ് മെട്രോ കടന്നുപോകുന്ന റൂട്ടിലെ വലിയ പൈപ്പ് ലൈനുകള്‍ നീക്കുന്നത് സംബന്ധിച്ച രൂപരേഖയും ഇതോടൊപ്പം തയാറാക്കും.
കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചുള്ള അറിയിപ്പ് കൈമാറുന്നതോടെ ഈ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാനാകും. 500 കോടി രൂപയാണ് പ്രാരംഭജോലികള്‍ക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. 0.11 ശതമാനം നിരക്കില്‍ 5.2 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി ഡി.എം.ആര്‍.സിക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ 20 ശതമാനം മുന്‍കൂറായി കൈമാറും. ശേഷിക്കുന്ന തുക രൂപരേഖ സമര്‍പ്പിക്കുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി നല്‍കുമെന്നാണ് അറിയുന്നത്. ആറുമാസമാണ് രൂപരേഖ തയാറാക്കാനുള്ള സമയപരിധി. തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കുന്ന ലൈറ്റ് പദ്ധതിക്കായി ഡി.എം.ആര്‍.സി തയാറാക്കിയ വിശദപഠന റിപ്പോര്‍ട്ട് ഇപ്പോള്‍ നഗരാസൂത്രണവിഭാഗത്തിന്‍റ പരിഗണനയിലാണ്.
ഒക്ടോബറിലാണ് ഇടക്കാല കണ്‍സള്‍ട്ടന്‍റിനെ നിയോഗിക്കണമെന്ന നിര്‍ദേശം ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ചത്. പദ്ധതിനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഡി.എം.ആര്‍.സി മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍വ്യവസ്ഥകളുള്‍ക്കൊള്ളിച്ച നിര്‍ദേശം ഡി.എം.ആര്‍.സിക്ക് സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. തിരുവനന്തപുരത്ത് 21 കിലോമീറ്ററും കോഴിക്കോട്ട് 13 കിലോമീറ്ററുമാണ് ലൈറ്റ് മെട്രോ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.