സോണിയക്കെതിരെ വെള്ളാപ്പള്ളി; ശിവഗിരിയെ കോൺഗ്രസ് പ്രചാരണ വേദിയാക്കിയെന്ന്
text_fieldsകൊല്ലം: ശിവഗിരിയെ സോണിയ ഗാന്ധി കോൺഗ്രസ് പ്രചാരണ വേദിയാക്കിയെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിശുദ്ധ സ്ഥലത്ത് രാഷ്ട്രീയ പ്രസംഗം നടത്തി മലിനപ്പെടുത്തി. കോൺഗ്രസിനെ അനുകൂലിക്കാത്തത് കൊണ്ടാണ് തന്നെ രൂക്ഷമായി വിമർശിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കോൺഗ്രസ് അധ്യക്ഷ നടത്തിയ പ്രസംഗം അൽപത്തരമായിപ്പോയി. ആരെങ്കിലും എഴുതി നൽകിയത് വായിക്കുന്നത് അല്ലാതെ ശിവഗിരിയെ കുറിച്ച് സോണിയക്ക് എന്തറിയാം. കോൺഗ്രസിന്‍റെ പോഷക സംഘടനയല്ല എസ്.എൻ.ഡി.പി. ആരുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടത് സോണിയ അല്ലെന്നും വെള്ളാപ്പള്ളി വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ബുധനാഴ്ച 83ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വെള്ളാപ്പള്ളിക്കും ബി.ജെ.പിക്കും എതിരെ രൂക്ഷ വിമർശമാണ് നടത്തിയത്. ഗുരുവിന്‍റെ പൈതൃകം തട്ടിയെടുക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നെന്നും അവർക്കെങ്ങനെ ശ്രീനാരായണഗുരു ധർമം പ്രചരിപ്പിക്കാനാവുമെന്നും സോണിയ ചോദിച്ചിരുന്നു.
ജാതിചിന്തയും മതദ്വേഷവും മറന്ന് ഏവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ഗുരു പഠിപ്പിച്ചത്. സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിന്‍റെ പ്രചാരകരാകാൻ മത്സരിക്കുന്നവർക്ക് രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളതെന്നും സോണിയ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.