ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് നേതാക്കളുടെ പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: കേരള ഘടകത്തിലെ പ്രശ്നങ്ങൾക്ക് അറുതി വരുത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് നേതാക്കളുടെ പ്രഖ്യാപനം. കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാ ഭവനിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഐക്യ പ്രഖ്യാപനം നടത്തിയത്. വിഭാഗീയത അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലെ മുതിർന്ന നേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്താൻ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിർദേശം നൽകിയിരുന്നു. ഈ നിർദേശ പ്രകാരമാണ് നേതാക്കളുടെ വാർത്താസമ്മേളനം നടന്നത്.
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരം മുന്നോട്ടു പോകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. സോണിയ ഗാന്ധിയുടെ കേരളാ സന്ദർശനം പാർട്ടിക്ക് പുത്തനുണർവ് നൽകിയിട്ടുണ്ട്. യു.ഡി.എഫിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകും. മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ കോൺഗ്രസ് ഉത്തരവാദിത്തങ്ങൾ പൂർണമായി നിറവേറ്റുമെന്നും സുധീരൻ വ്യക്തമാക്കി.
പാർട്ടിയിൽ ഒരു തലത്തിലുമുള്ള അഭിപ്രായ ഭിന്നതകൾ പാടില്ലെന്നും പ്രശ്നങ്ങൾക്ക് അതാത് തലത്തിൽ തന്നെ ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും സുധീരൻ വ്യക്തമാക്കി. പാർട്ടി പ്രവർത്തനങ്ങൾക്ക് കൂടുതൽ അടുക്കും ചിട്ടയും വരുത്തും. ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് തിരിച്ചു വരവിന്‍റെ പാതയിലാണ്. സർക്കാർ, പാർട്ടി, മുന്നണി തലങ്ങളിൽ വിവാദപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമാണ് നേതാവിനെ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടിയും സർക്കാറും മുന്നണിയും പ്രവർത്തിക്കുന്നത്. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും വിജയം നേടാനായി. പ്രാദേശിക പ്രശ്നങ്ങൾ കാരണം തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറിയ തിരിച്ചടി നേരിട്ടൂവെന്നത് സത്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ യു.ഡി.എഫിന് സാധിക്കുമെന്നും ഉമ്മൻചാണ്ടി അവകാശപ്പെട്ടു.
പാർട്ടിയിലെ അഭിപ്രായ വ്യത്യാസം സ്വഭാവികമാണെന്നും എന്നാൽ, ജനങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കുമാണ് മുൻതൂക്കം നൽകേണ്ടതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. യു.ഡി.എഫ് സർക്കാറിന് ഭരണത്തുടർച്ച ഉണ്ടാവുക എന്ന ചരിത്ര ദൗത്യമാണ് നേതാക്കളുടെയും പ്രവർത്തകരുടെയും മുന്നിലുള്ളത്. രാജ്യത്ത് ഫാസിസ്റ്റ് വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിന് കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ജനുവരി നാലിന് കെ.പി.സി.സി അധ്യക്ഷന്‍റെ നേതൃത്വത്തിൽ കാസർകോട് കുമ്പളയിൽ നിന്ന് ആരംഭിക്കുന്ന ജനരക്ഷായാത്ര ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കുമെന്നും സുധീരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.