വോട്ടെടുപ്പിനിടെ സംഘർഷം: വനിതാ സ്ഥാനാർഥിക്ക് നേരെ കൈയ്യേറ്റം; നാലുപേർ കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാസർകോട് നേരിയ സംഘർഷം. കാഞ്ഞങ്ങാടിനടുത്ത് മൂലകണ്ടത്താണ് എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ആനാട് എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെട്ടേറ്റു. വഞ്ചുവം വാർഡിലെ സി.പി.ഐ സ്ഥാനാർഥി ഷമീമിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. സ്ഥാനാർഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് എൽ.പി സ്കൂളിൽ യു.ഡി.എഫ് വനിത സ്ഥാനാർഥി രേഷ്മയെ സി.പി.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. വോട്ടർപട്ടിക വലിച്ചു കീറിയതായി യു.ഡി.എഫ് പരാതിപ്പെട്ടു. എന്നാൽ, പോളിങ് തടസപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. 15 മിനിറ്റിന് ശേഷം വോട്ടിങ് മെഷീൻ മാറ്റിസ്ഥാപിച്ചു.
കോട്ടയം ഈരാറ്റുപേട്ട നഗരസഭയിൽ സ്ഥാനാർഥിക്ക് നേരെ ആക്രമണം നടന്നു. പത്താം വാർഡ് സ്ഥാനാർഥി റിയാസ് അമീന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് വെസ്റ്റ് എളേരിയിൽ സി.പി.എം പ്രവർത്തകനെ യു.ഡി.എഫ് തട്ടിക്കൊണ്ടു പോയതായി പരാതി. വെസ്റ്റ് എളേരി പുന്നക്കുന്ന് വാർഡിലെ കുഞ്ഞിക്കയെ തട്ടിക്കൊണ്ടു പോയെന്ന് മകൻ പൊലീസിൽ പരാതി നൽകി.
പാനൂർ നഗരസഭയിലെ രണ്ടാം വാർഡിലെ ബൂത്തിൽ വെബ് ക്യാമറ പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ അന്വേഷണത്തിന് തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടു.
ന്യൂമാഹി പഞ്ചായത്തിലെ വോട്ടറായ പി.വി അച്ചൂട്ടി (74) പോളിങ് ബൂത്തിലേക്കുള്ള വഴിയിൽ കുഴഞ്ഞു വീണു മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.