തലങ്ങും വിലങ്ങും ഓട്ടം; വിശ്രമമില്ലാതെ പൊലീസുകാർ വിയർക്കുന്നു
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് വിവിധ ജില്ലകളിൽ ഡ്യൂട്ടിക്കെത്തിച്ച പൊലീസുകാർ വിയർക്കുന്നു. മതിയായ ക്രമീകരണങ്ങളോ ധാരണയോ ഇല്ലാതെ പൊലീസുകാരെ തലങ്ങും വിലങ്ങും ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് പ്രശ്നമായത്. ക്യാമ്പുകളിൽനിന്നും ബറ്റാലിയനുകളിൽനിന്നും ആയിരക്കണക്കിന് പൊലീസുകാരെയാണ് വിവിധ ജില്ലകളിൽ നിയോഗിച്ചത്. ഡ്യൂട്ടിക്കെത്തിച്ച സ്ഥലങ്ങളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ഉദ്യോഗസ്ഥർ പരിതപിക്കുന്നു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് തീരുന്ന ദിവസംതന്നെ രണ്ടാംഘട്ട ഡ്യൂട്ടിക്കായി മറ്റ് ജില്ലകളിലേക്ക് പോകാനാണ് നിർദേശം. വിശ്രമമില്ലാതെ മണിക്കൂറുകളോളം ഡ്യൂട്ടി നോക്കുന്നവർക്ക് സമയത്ത് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ നിശ്ചയിച്ചത് വ്യാഴാഴ്ച രാത്രി വൈകിയാണത്രെ. വെള്ളിയാഴ്ച രാവിലെ, ജില്ലകളിലേക്ക് പോകാനുള്ളവരോട് അതതു സെൻററുകളിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു. തുടർന്ന്, ജില്ലതിരിച്ച് ഉദ്യോഗസ്ഥരെ ബസുകളിൽ കയറ്റിയിരുത്തി. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽനിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട ഉദ്യോഗസ്ഥരെ അഞ്ചുമണിക്കൂറോളം ഇതിൽ ഇരുത്തിയിരുന്നു. തുടർന്ന് ബസ് മാറാനും നിർദേശിച്ചു. ഈ സമയത്ത് കുടിവെള്ളം പോലും ലഭ്യമായില്ലെന്ന് പൊലീസുകാർ പറയുന്നു. ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തിയ പൊലീസ് വാനുകൾ എങ്ങോട്ടുപോകണമെന്നറിയാതെ വലഞ്ഞു. പല ബൂത്തുകളിലേക്കും ആവശ്യത്തിലധികം വാഹനങ്ങളെ നിയോഗിച്ചു. ചിലയിടങ്ങളിലേക്ക് സേനയെ അയച്ചതുമില്ല.
ഇടുക്കിയിലേക്ക് പോയ പൊലീസുകാരെ രാത്രി വൈകി എരുമേലിയിൽ വഴിവക്കിൽ ഇറക്കി. തുടർന്ന് മുണ്ടക്കയം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ കൊണ്ടിറക്കി. പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ സമയം നൽകിയെങ്കിലും ഉടൻ കാഞ്ഞിരപ്പള്ളിയിലേക്ക് എത്താൻ നിർദേശം നൽകി. തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് മിക്ക വാഹനങ്ങളും ഡ്യൂട്ടി കേന്ദ്രങ്ങളിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വൈകുവോളം ഡ്യൂട്ടി നോക്കിയ ഉദ്യോഗസ്ഥർക്ക് രണ്ടുമണിക്കൂർ പോലും വിശ്രമം ലഭിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ അടുത്ത കേന്ദ്രങ്ങളിൽ എത്താനാണ് നൽകിയിരിക്കുന്ന നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.