ലീഗിനും തിരിച്ചടി; സി.പി.എമ്മിനൊപ്പം ചെറു പാര്‍ട്ടികള്‍ക്ക് നേട്ടം
text_fieldsകോഴിക്കോട്: ഫാഷിസ്റ്റ് ഭീഷണി നേരിടാന്‍ മുസ്ലിം സമൂഹം ഇടതുമതേതര ചേരിക്ക് കരുത്തുനല്‍കിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ഉള്‍പ്പെടെ മുസ്ലിം കേന്ദ്രങ്ങളില്‍ ഇടതുമുന്നണി നേടിയ തിളക്കമാര്‍ന്ന വിജയം ഇതിന്‍െറ തെളിവാണ്.
മുസ്ലിം നിലപാട് കോണ്‍ഗ്രസിന് മാത്രമല്ല സഖ്യകക്ഷിയായ മുസ്ലിം ലീഗിനും തിരിച്ചടിയായി. മലപ്പുറത്തെയും കോഴിക്കോട്ടെയും മുസ്ലിം കേന്ദ്രങ്ങളില്‍ ലീഗിനെ പിന്തള്ളി സി.പി.എം ജയിച്ചത് ഇതാണ് വിളിച്ചോതുന്നത്.
സംഘ്പരിവാര്‍ രാജ്യത്തുയര്‍ത്തിയ ഭീതിതമായ സാഹചര്യത്തെ രാഷ്ട്രീയമായി നേരിടാന്‍ സി.പി.എമ്മും ഇടതുചേരിയും സധൈര്യം മുമ്പോട്ടുവന്നതാണ് മുസ്ലിം മനസ്സിനെ ഒപ്പംനിര്‍ത്താന്‍ തുണയായത്. മുസ്ലിം മതസംഘടനകള്‍പോലും ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിന് ഇടതുചേരിയെ പിന്തുണക്കണമെന്ന് പ്രസ്താവന നടത്തിയിരുന്നു. ഗോവധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംഘ്പരിവാറിന്‍െറ കടന്നുകയറ്റത്തെ നേരിടാന്‍ കോണ്‍ഗ്രസ് ചേരി തന്‍േറടം കാട്ടാത്തതില്‍ ന്യൂനപക്ഷ മനസ്സുകളില്‍ പ്രതിഷേധം ഉയരുകയും ചെയ്തു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.
മുസ്ലിം ന്യൂനപക്ഷത്തിന്‍െറ രാഷ്ട്രീയ സംഘടനയായ ലീഗിന് സ്വന്തംതട്ടകമായ മലപ്പുറത്തും മറ്റ് ജില്ലകളിലും തിരിച്ചടി നേരിട്ടപ്പോള്‍ നേട്ടംകൊയ്തത് സി.പി.എം മാത്രമല്ല. ലീഗില്‍നിന്ന് ഭിന്നിച്ച് ഇടതിനൊപ്പംനിന്ന ഐ.എന്‍.എല്ലും നാല് വയസ്സ് മാത്രം പ്രായമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി.
അതേപോലെ എസ്.ഡി.പി.ഐയും കഴിഞ്ഞതവണത്തേതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ പി.ഡി.പി ചലനം സൃഷ്ടിച്ചില്ല. ആലപ്പുഴ, കൊല്ലം ജില്ലകളിലായി പത്തില്‍താഴെ സീറ്റുകള്‍ മാത്രമാണ് പി.ഡി.പിക്ക് ലഭിച്ചത്.
2010ലെ തെരഞ്ഞെടുപ്പില്‍ ഇരുചേരിയായി നിന്നതിനാല്‍ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിയാതിരുന്ന ഐ.എന്‍.എല്‍ ഇത്തവണ തിരുവനന്തപുരം, കണ്ണൂര്‍ കോര്‍പറേഷനിലും 11 നഗരസഭകളിലും 22 പഞ്ചായത്തുകളിലുമായി 49 സീറ്റുകളില്‍ ജയിച്ചു. ഇതിനുപുറമെ 30 ഇടങ്ങളില്‍ പാര്‍ട്ടി പിന്തുണയോടെ സ്വതന്ത്രരും വിജയിച്ചിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രഫ. എ.പി.എ. വഹാബ് പറഞ്ഞു.
ആദ്യമായി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട വെല്‍ഫെയര്‍ പാര്‍ട്ടി 42 സീറ്റുകളിലാണ് ജയിച്ചത്. പാലക്കാട്, വളാഞ്ചേരി, പരപ്പനങ്ങാടി, തലശ്ശേരി, മുക്കം മുനിസിപ്പാലിറ്റികളിലായി ഒമ്പത് സീറ്റും ഒരു ബ്ളോക് പഞ്ചായത്ത് സീറ്റും 32 ഗ്രാമപഞ്ചായത്ത് സീറ്റുമാണ് പാര്‍ട്ടിക്കുള്ളത്. പലയിടങ്ങളിലും മതേതര രാഷ്ട്രീയ ചേരിയുമായി ധാരണയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിച്ചത്.
മത്സരിച്ച 50 വാര്‍ഡുകളില്‍ രണ്ടാംസ്ഥാനത്തത്തൊനും കഴിഞ്ഞു. നാലുവര്‍ഷമായി ജനപക്ഷ രാഷ്ട്രീയ നിലപാടുകളുയര്‍ത്തി നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് വിജയമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
കൊല്ലം കോര്‍പറേഷനില്‍ ഒരു സീറ്റും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ നാല് സീറ്റും ഉള്‍പ്പെടെ 49 ഇടങ്ങളിലാണ് എസ്.ഡി.പി.ഐ വിജയിച്ചത്. 13 ജില്ലകളിലും സംഘടനക്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞതായി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. കെ.എം. അഷ്റഫ് പറഞ്ഞു.
മുന്നണിയിലെ പ്രശ്നങ്ങളും പ്രാദേശിക വിഷയങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത കാരണവുമാണ് മുസ്ലിം ലീഗിനും യു.ഡി.എഫിനും പ്രതീക്ഷിച്ച വിജയം ലഭിക്കാതെപോയതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. എങ്കിലും 1995ലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായതുപോലുള്ള തിരിച്ചടി പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടായിട്ടില്ല.
മലപ്പുറത്ത് യു.ഡി.എഫ് സംവിധാനം നിലനിന്ന ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. മുന്നണിബന്ധത്തിന്‍െറ മോശമായ അവസ്ഥയാണ് സംസ്ഥാനത്ത് യു.ഡി.എഫിന് തിരിച്ചടി നേരിട്ടത്. അല്ലാതെ സി.പി.എമ്മിന്‍െറ നിലപാടുകൊണ്ട് മുസ്ലിം ന്യൂനപക്ഷ സമൂഹത്തിനുണ്ടായ ചാഞ്ചാട്ടമൊന്നുമല്ല.
തെരഞ്ഞെടുപ്പ് ഫലം അവലോകനംചെയ്യാന്‍ നാളെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പാണക്കാട്ട് ചേരും. അതുകഴിഞ്ഞ് ഈമാസം 12ന് തിരുവനന്തപുരത്ത് പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തകസമിതി യോഗവും ചേരുമെന്ന് മജീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.