ബാര്‍ കോഴക്കേസ് പരിഗണനക്കിടെ നാടകീയരംഗങ്ങള്‍
text_fieldsകൊച്ചി: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് ഹരജി പരിഗണിക്കവേ ഹൈകോടതിയില്‍ നാടകീയ രംഗങ്ങള്‍. തിങ്കളാഴ്ച ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ബെഞ്ചില്‍ വിജിലന്‍സിനുവേണ്ടി വാദം നടത്താന്‍ മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ സുപ്രീംകോടതി അഭിഭാഷകനുമായ കപില്‍ സിബലിനൊപ്പമാണ് അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയില്‍ എത്തിയത്. കേസില്‍ വിജിലന്‍സിനുവേണ്ടി താന്‍ ഹാജരാകുന്നതിനെതിരെ എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളതിനാല്‍ ഒഴിവാകുകയാണെന്ന് എ.ജി കോടതിയെ അറിയിച്ചു. കേസില്‍ സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം നടത്തുമെന്നും അറിയിച്ചു. എന്നാല്‍, എ.ജി ഹാജരാകുന്നതിനെ തങ്ങള്‍ എതിര്‍ത്തിട്ടില്ളെന്ന് എതിര്‍ അഭിഭാഷകരും അറിയിച്ചു. വിജിലന്‍സ് കേസുകളുടെ അന്വേഷണത്തില്‍ ഡയറക്ടര്‍ക്കുള്ള സവിശേഷ അധികാരങ്ങളെക്കുറിച്ച് കപില്‍ സിബല്‍ വിശദമായ വാദത്തിലേക്ക് കടന്നെങ്കിലും വിജിലന്‍സിന്‍െറ ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ളെന്നും സര്‍ക്കാര്‍ കേസില്‍ കക്ഷിയല്ളെന്നും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനടക്കമുള്ള കേസിലെ എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ബോധിപ്പിച്ചു. തുടര്‍ന്ന് വിജിലന്‍സ് കോടതി വിധിക്കെതിരെ ഹരജി സമര്‍പ്പിക്കാന്‍ വിജിലന്‍സ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാറിന്‍െറ കത്ത് അഡ്വക്കറ്റ് ജനറല്‍ കോടതിക്ക് കൈമാറി. തുടര്‍ന്ന് ഇതേച്ചൊല്ലിയുള്ള വിശദ വാദത്തിലേക്ക് കടക്കേണ്ടതില്ളെന്ന് കോടതി വ്യക്തമാക്കി. അഴിമതിനിരോധ നിയമപ്രകാരം സി.ബി.ഐയും വിജിലന്‍സും അന്വേഷിക്കുന്ന കേസുകളില്‍ പ്രത്യേക അധികാരങ്ങളാണ് ഡയറക്ടര്‍മാര്‍ക്കുള്ളതെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, കേസുകളുടെ അന്വേഷണത്തില്‍ ഇടപെടാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡയറക്ടര്‍ക്ക് അനിയന്ത്രിത അധികാരമുണ്ടോയെന്ന കാര്യമാണ് പരിശോധിക്കേണ്ടതെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍െറ വസ്തുതാ റിപ്പോര്‍ട്ടും ഡയറക്ടറുടെ സൂക്ഷ്മപരിശോധനാ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതി പരിശോധിച്ച് ഇതിന്‍െറ അടിസ്ഥാനത്തില്‍ തുടരന്വേഷണ ഉത്തരവിട്ടത് നിയമപരമല്ളെന്ന് കപില്‍ സിബല്‍ വാദിച്ചു. ഈ രേഖകള്‍ കേസ് ഡയറിയുടെ ഭാഗമല്ളെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അന്വേഷണവേളയിലെ കണ്ടത്തെലുകളും നിഗമനങ്ങളുമാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും ഇത് കേസ് ഡയറിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറി വിളിച്ചുവരുത്താനും പരിശോധിക്കാനും കേസിന്‍െറ അന്തിമറിപ്പോര്‍ട്ട് പരിഗണിക്കുന്ന വേളയില്‍ വിചാരണ കോടതിക്ക് അധികാരമുണ്ട്. തെളിവെന്ന രീതിയിലല്ല, അന്വേഷണ ഉദ്യോഗസ്ഥന്‍െറ കണ്ടത്തെലുകള്‍ക്ക് മതിയായ വസ്തുതകളുണ്ടോയെന്ന് പരിശോധിക്കാനാണ് കേസ് ഡയറി കോടതി പരിശോധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
വിജിലന്‍സിന്‍െറയും എതിര്‍ കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കി 12 മണിക്കുശേഷം ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി കോടതി വിധിന്യായമായി പുറപ്പെടുവിക്കാന്‍ തുടങ്ങി. ഒരു മണിയോടെ ഉച്ചഭക്ഷണത്തിന് പിരിയാന്‍ ബെല്ലടിച്ചു. എന്നാല്‍, വിധിന്യായം പൂര്‍ത്തിയാക്കിയിട്ട് പിരിഞ്ഞാല്‍ മതിയോയെന്ന് കോടതി അഭിഭാഷകരോട് ആരാഞ്ഞു. അവരുടെ സമ്മതത്തോടെ വീണ്ടും തുടര്‍ന്നു. വിജിലന്‍സ് കോടതി കണ്ടത്തെിയ തെളിവെന്ന നിലയില്‍ ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ മുതിര്‍ന്നപ്പോള്‍ കപില്‍ സിബലും അഡ്വക്കറ്റ് ജനറലും എതിര്‍പ്പുമായി എഴുന്നേറ്റു. വിചാരണ കോടതിയുടെ കണ്ടത്തെല്‍ എന്ന നിലയില്‍ കേസിന്‍െറ മര്‍മത്തിലേക്ക് കടന്ന് ഹൈകോടതി ഉത്തരവുണ്ടാകരുതെന്ന് ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍, നിയമം നിയമമാണെന്നും നമ്മളുണ്ടാക്കിയതല്ളെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
കപില്‍ സിബലിനും എ.ജിക്കും എതിരെ മറുവാദവുമായി എതിര്‍ കക്ഷികളും രംഗത്തത്തെി. തുടര്‍ന്ന് വിജിലന്‍സിന്‍െറ ആവശ്യം പരിഗണിച്ച് ആ ഭാഗം കോടതി വിധിന്യായത്തില്‍നിന്ന് ഒഴിവാക്കി. തുടരന്വേഷണം ശരിവെക്കുന്ന ഭാഗമായപ്പോള്‍ ഇതിനെതിരെയും കപില്‍ സിബലും എ.ജിയും എതിര്‍പ്പുമായത്തെി. ഇടുക്കി അറക്കുളം സ്വദേശി സണ്ണി മാത്യുവിനുവേണ്ടി അഭിഭാഷകന്‍ വിജയഭാനുവും രംഗത്തത്തെി. തുടരന്വേഷണം നടക്കുന്നതില്‍ നിങ്ങള്‍ക്കെന്താണ് വിഷമം എന്ന് ഈ ഘട്ടത്തില്‍ കോടതി ആരാഞ്ഞു. മന്ത്രി മാണിക്കുവേണ്ടി ആരെങ്കിലും വക്കാലത്ത് എടുത്തവര്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞു. ആവശ്യമെങ്കില്‍ വിധിന്യായം ചേംബറില്‍ വെച്ച് തയാറാക്കിയാല്‍ മതിയെന്ന് ഇതിനിടെ എ.ജി പറഞ്ഞത് കോടതിക്കകത്ത് ചിരിപടര്‍ത്തി. താന്‍ കേസില്‍ ഹാജരായിട്ടില്ളെന്ന് വിധിന്യായത്തില്‍ ചേര്‍ക്കണമെന്ന എ.ജിയുടെ ആവശ്യവും കോടതി തള്ളി. വേണമെങ്കില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചതായി ചേര്‍ക്കാമെന്ന ബെഞ്ചിന്‍െറ മറുപടിയും ചിരിക്ക് കാരണമായി. നേരത്തേ നല്‍കിയ ഭാഗം ഒഴിവാക്കിയശേഷം വിധിന്യായം തുടര്‍ന്നപ്പോഴാണ് മന്ത്രി മാണിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ടായത്. വിജിലന്‍സ് ഡയറക്ടറുടെ നടപടികളെ പൂര്‍ണമായി പിന്തുണക്കാതെ ചില കാര്യങ്ങളിലെ കീഴ്കോടതി പരാമര്‍ശങ്ങള്‍ മാത്രം ഒഴിവാക്കി നല്‍കി.
രണ്ടുമണിയോടെ വിധിന്യായം പൂര്‍ത്തിയാക്കിയാണ് കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞത്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ കോടതിമുറി നിറഞ്ഞുകവിഞ്ഞിരുന്നു. വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ, വൈക്കം വിശ്വന്‍, ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരന്‍, നെയ്യറ്റിന്‍കര പി. നാഗരാജ്, സാറാ ജോസഫ്, തിരുവനന്തപുരം സ്വദേശി അഡ്വ. ആര്‍. വിജു, അഡ്വ. നോബിള്‍ മാത്യു, ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ എന്നിവരാണ് ഹരജിയിലെ മറ്റ് എതിര്‍ കക്ഷികള്‍. മറ്റൊരു എതിര്‍ കക്ഷിയായ മന്ത്രി കെ.എം. മാണിക്ക് നോട്ടീസ് നല്‍കേണ്ടെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.