മാണിയുടെ പിൻഗാമി: കേരളാ കോൺഗ്രസിൽ അഭിപ്രായ ഭിന്നത
text_fieldsതിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ കെ.എം മാണി രാജിവെച്ചെങ്കിലും കേരളാ കോൺഗ്രസിലും യു.ഡി.എഫിലും പ്രതിസന്ധി പുകയുന്നു. ധനമന്ത്രി പദവിയിൽ മാണിക്ക് പകരക്കാരനെ കണ്ടെത്താൻ കേരളാ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാന സർക്കാറിന്‍റെ പ്രധാന വകുപ്പ് പരിണിത പ്രജ്ഞനായ ഒരാളെ ഏൽപിക്കാനാണ് മാണിക്കും താൽപര്യം. ധനമന്ത്രിയില്ലാതെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗമാണ് ഇന്ന് നടക്കുന്നത്.
എന്നാൽ, പാർട്ടിയിലെ മുതിർന്ന നേതാക്കളായ മന്ത്രി പി.ജെ ജോസഫും ചങ്ങനാശേരി എം.എൽ.എ സി.എഫ് തോമസുമാണ് ധനവകുപ്പ് ഏറ്റെടുക്കാൻ നിലവിൽ യോഗ്യരായവർ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ അടക്കമുള്ള മറ്റ് എം.എൽ.എമാർ ഇരുവരെയും അപേക്ഷിച്ച് ജൂനിയറുമാണ്. ധനവകുപ്പ് നൽകുക വഴി പാർട്ടിയിൽ ജോസഫും കൂട്ടരും ശക്തരാകുമെന്ന ഭയവും മാണിയെ അലട്ടുന്നുണ്ട്. എന്നാൽ, മാണി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് പി.ജെ ജോസഫ് അറിയിച്ചതാണ് മാണിക്ക് ഏക ആശ്വാസം.
അതിനിടെ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.എം മാണിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിയിലെത്തി അദ്ദേഹവുമായി രാവിലെ കൂടിക്കാഴ്ച നടത്തി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍റെ രാജിക്കാര്യമാണ് ഇരുവരും ചർച്ച ചെയ്തെന്നാണ് സൂചന. മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രാത്രി ഉണ്ണിയാടൻ ചീഫ് വിപ്പ് പദവി രാജിവെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. യു.ഡി.എഫ് യോഗത്തിന് ശേഷം ഉണ്ണിയാടന്‍റെ രാജി സംബന്ധിച്ച തീരുമാനമറിയിക്കാമെന്നാണ് ഉമ്മൻചാണ്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ഉമ്മൻചാണ്ടിയെ കൂടാതെ മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, കെ.പി മോഹനൻ, പി.ജെ ജോസഫ് എന്നിവരും മാണിയുമായി കൂടിക്കാഴ്ച നടത്തി. മാണിയുമായുള്ള കൂടിക്കാഴ്ചയെ സൗഹൃദ സന്ദർശനമെന്നാണ് ചെന്നിത്തല വിശേഷിപ്പിച്ചത്.
മാണിയുടെ രാജിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയുടെ പേരിൽ കേരളാ കോൺഗ്രസ് എം പിളരില്ലെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മാണിക്കൊപ്പം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ധനവകുപ്പ് ഏറ്റെടുക്കേണ്ടെന്ന തന്‍റെ തീരുമാനം വ്യക്തിപരമാണ്. ധനവകുപ്പ് ആർക്ക് കൈമാറണമെന്ന കാര്യം മാണിസാർ തീരുമാനിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, മാണിയുമായി ബന്ധം വേർപെടുന്ന സാഹചര്യം വന്നാൽ ജോസഫ് വിഭാഗത്തെ മുന്നണിയിൽ ഉറപ്പിച്ചു നിർത്താനുള്ള നീക്കം കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് ആരംഭിച്ചിരുന്നു. രാജി വിഷയത്തിൽ മാണിയുമായി ഇടഞ്ഞ പി.ജെ ജോസഫിന് പിന്തുണയുമായി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും മന്ത്രിയുമായ കെ.സി ജോസഫാണ് ചൊവ്വാഴ്ച രാത്രി നീക്കം നടത്തിയത്. ജോസഫിന്‍റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയ കെ.സി ജോസഫ്, കോൺഗ്രസിന്‍റെ പിന്തുണ അദ്ദേഹത്തെ അറിയിക്കുകയും യു.ഡി.എഫിൽ ഉറച്ചുനിൽക്കാൻ അഭ്യർഥിക്കുകയും ചെയ്തെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.