മടിക്കേരി സംഘര്‍ഷം: വെടിയേറ്റ മലയാളി യുവാവ് മരിച്ചു
text_fieldsവീരാജ്പേട്ട: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷം അരങ്ങേറിയ മടിക്കേരി സമാധാനത്തിലേക്ക്. ബുധനാഴ്ച അനിഷ്ട സംഭവങ്ങളൊന്നും നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനിടെ, ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ വെടിയേറ്റ മലയാളി യുവാവ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയും ദീര്‍ഘകാലമായി സിദ്ധാപുരം ഗൂഡ്ഗദ്ദെയില്‍ താമസക്കാരനുമായ നാസറിന്‍െറ മകന്‍ ഷാഹുല്‍ (22) ആണ് മരിച്ചത്. ഇതോടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി.
ചൊവ്വാഴ്ച ആഘോഷത്തില്‍ പങ്കെടുത്ത് മടിക്കേരിയില്‍നിന്നും സിദ്ധാപുരത്തേക്ക് വരുന്നതിനിടെ ചെട്ടള്ളി അബ്ബാലയില്‍ വെച്ചാണ് ഷാഹുലിന് വെടിയേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി എട്ടിനാണ് മരിച്ചത്. ബംഗളൂരുവില്‍ ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജീവനക്കാരനാണ്. പിതാവ്: നാസര്‍ (സൗദി). മാതാവ്: ഉമ്മുകുല്‍സു. സഹോദരങ്ങള്‍: റംഷിന, നൗഫിന. ഖബറടക്കം വ്യാഴാഴ്ച സിദ്ധാപുരത്ത്.
പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് വി.എച്ച്.പി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംഘ്പരിവാര്‍ ആഹ്വാനംചെയ്ത ബന്ദ് ജില്ലയില്‍ പൂര്‍ണമായിരുന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ തീരെ കുറവായിരുന്നു. ചുരുക്കംചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ വാഹനസഞ്ചാരം പാടേ നിലച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നിര്‍ത്തിവെച്ചു. കേരളത്തില്‍നിന്നുള്ള വിരലിലെണ്ണാവുന്ന ബസുകള്‍ സര്‍വിസ് നടത്തി. വീരാജ്പേട്ടയില്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന ആഴ്ചച്ചന്തയും നടന്നില്ല. സംഘര്‍ഷത്തിനിടെ മരിച്ച വി.എച്ച്.പി ഓര്‍ഗനൈസിങ് സെക്രട്ടറി ഡി.എ. കുട്ടപ്പ (55)യുടെ മൃതദേഹം സ്വദേശമായ മാദാപൂരില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. സംഘര്‍ഷത്തിനിടെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണുമരിച്ച രാജു (56)വിന്‍െറ മൃതദേഹവും മടിക്കേരിയില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.