ഫാഷിസ്റ്റ് ഭീഷണി നേരിടുന്നതിലെ വീഴ്ച തിരിച്ചടിയായി –മുസ്ലിംലീഗ്
text_fieldsതിരുവനന്തപുരം: ഫാഷിസ്റ്റ്, വര്‍ഗീയ ഭീഷണി നേരിടുന്നതില്‍ യു.ഡി.എഫിന്‍െറ ഭാഗത്ത് വീഴ്ചയുണ്ടായെന്നും ഇതിന്‍െറ പ്രത്യാഘാതം തദ്ദേശഫലത്തെ ബാധിച്ചെന്നും മുസ്ലിംലീഗ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദുമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
വര്‍ഗീയ, ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായി നിലകൊള്ളാന്‍ കഴിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലെ മതേതര ജനാധിപത്യ കൂട്ടായ്മക്കാണ്. എന്നാല്‍, ഇക്കാര്യത്തില്‍ യു.ഡി.എഫിന്‍െറ പ്രതികരണം സന്ദര്‍ഭത്തിനനുസരിച്ചായിരുന്നില്ല. രാജ്യത്തിന്‍െറ പ്രാണവായുവായ ബഹുസ്വരതയെ വെല്ലുവിളിച്ച് ജനങ്ങള്‍ എങ്ങനെ ജീവിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നെല്ലാം ഫാഷിസ്റ്റ് ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഇതിനെതിരെ മതേതര ജനാധിപത്യനിര ഉയര്‍ന്നുവരണം. അതില്‍ അണിനിരക്കാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും പിറകോട്ട് പോയെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നു. യു.ഡി.എഫിന്‍െറ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്‍െറ അഭാവം പരാജയകാരണങ്ങളിലൊന്നായി. അച്ചടക്കം സംബന്ധിച്ച പ്രശ്നങ്ങളിലും വീഴ്ചയുണ്ടായി. വിമതശല്യം ഇതിന്‍െറ ഭാഗമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുമായി ഉണ്ടായ പ്രശ്നങ്ങളില്‍ 25ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തുടര്‍നടപടികള്‍ ആലോചിക്കും.
കെ.എം. മാണിയുടെ രാജി യു.ഡി.എഫിന് ഭീഷണിയാകില്ല. മാണിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. കണ്ണൂര്‍ മാട്ടൂലില്‍ തോറ്റ വനിതാ സ്ഥാനാര്‍ഥിയെ അപമാനിച്ച സംഭവത്തില്‍ ബന്ധമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതായും ലീഗ് നേതാക്കള്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷസ്ഥാനത്തിനായി ബി.ജെ.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയുമായി സഹകരിക്കാന്‍ പാടില്ളെന്ന് ലീഗ് തീരുമാനിച്ചു. പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.