സേവനം ജനങ്ങൾക്ക്; ജീവിക്കാൻ ചുമടുമായി ഇവർ...
text_fieldsകൊച്ചി: ജീവിതഭാരം കുറക്കാനാണ് ഷൈനും ചന്ദ്രനും ഷാനവാസും ചുമട്ടുതൊഴിലാളികളായത്. വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത് കൗൺസിലർ ചുമതലയേൽക്കുന്നതോടെ ജനപ്രതിനിധികളെന്ന ഭാരവും ഇവർ ചുമക്കേണ്ടിവരും. സാധാരണക്കാരുടെ പ്രതിനിധികൾ എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നം നേരിട്ടറിയാവുന്ന തങ്ങൾക്ക് ഏറ്റവും നന്നായി പ്രവർത്തിക്കാനാകുമെന്നാണ് ഇവരുടെ വിശ്വാസം. ചുമട്ടുതൊഴിലാളിയായ പി.എസ്. ഷൈനും പൂണിത്തുറ, പേട്ട ബിവറേജസ് ഗോഡൗണിൽ ലോഡിങ് വിഭാഗത്തിൽ തൊഴിലാളിയായ വി.പി. ചന്ദ്രനും കൊച്ചി നഗരസഭയിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഏലൂർ മുനിസിപ്പാലിറ്റി കൗൺസിലിലേക്കെത്തുന്ന എ.കെ. നവാസ് എറണാകുളം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്.
ചുമട്ടുതൊഴിലാളിയായി തുടരുമെന്ന് മൂവരും പറഞ്ഞു. ജീവിക്കണമെങ്കിൽ ചുമടെടുത്തെ തീരൂ. കൗൺസിലർ എന്നത് ജനസേവനമാണ് –നവാസ് പറഞ്ഞു.
വൈറ്റില റൈസിങ്സൺ ആർട്സ് ക്ലബ് ബ്രാഞ്ച് സെക്രട്ടറിയായ ഷൈൻ വൈറ്റില കോരു ആശാൻ സ്മാരക ചാരിറ്റബ്ൾ സൊസൈറ്റി ജോയൻറ് സെക്രട്ടറിയുമാണ്. നാലുവർഷത്തിനിടെ സൊസൈറ്റി മുഖാന്തരം 100 പേരുടെ നേത്രങ്ങൾ ദാനം ചെയ്തു. 200 പേർക്ക് അതുവഴി കാഴ്ചകിട്ടി. ഇതിെൻറ സംഘാടകനെന്ന നിലയിൽ ഈ 40കാരനെ അംഗീകാരങ്ങൾ തേടിയെത്തി. എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തക്യാമ്പ് സംഘടിപ്പിച്ചതിന് ഐ.എം.എ അവാർഡും ലഭിച്ചു. 18 വർഷമായി ഷൈൻ ചുമട്ടുതൊഴിലാളിയാണ്. സ്മിതയാണ് ഭാര്യ. തൃപ്പൂണിത്തുറ ശ്രീനാരായണ സ്കൂളിൽ പഠിക്കുന്ന ആദിത്യൻ, ഒരു വയസ്സുകാരി ആവണി എന്നിവർ മക്കളാണ്. ഇത് മൂന്നാം തവണയാണ് ഷൈൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയാകുന്നത്.
ചുമട്ടുതൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന നിർവാഹകസമിതി അംഗവും ജില്ലാ സെക്രട്ടറിമാരിൽ ഒരാളുമായ ചന്ദ്രൻ 15 വർഷമായി തൊഴിലാളിയാണ്. ഒരു പെട്ടിക്ക് 5.17 രൂപ എന്ന നിരക്കിൽ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് വഴിയാണ് മാസ പ്രതിഫലം ലഭിക്കുന്നത്. പാർട്ടി വൈറ്റില ഏരിയ കമ്മിറ്റിയംഗമാണ് ഈ അമ്പതുകാരൻ. ഭാര്യ ജോബി കിൻഫ്രയിൽ അക്കൗണ്ടൻറാണ്. മൂത്തമകൾ ഐശ്വര്യ ചെന്നൈയിൽ എം.ബി.എ വിദ്യാർഥിയാണ്. തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയയിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മറ്റൊരു മകളായ ആദിത്യ.
എറണാകുളം മാർക്കറ്റിൽ മലബാർ പൂൾ ലീഡറായ എ.കെ. നവാസ് പാർട്ടിയുടെ മഞ്ഞുമ്മൽ പ്രൊമീജിയൻ ബ്രാഞ്ച് അംഗമാണ്. പത്തുവർഷമായി എറണാകുളം മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയാണ്. തിങ്കളാഴ്ച മുതൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമെന്ന് നവാസ് പറഞ്ഞു. ഷീബയാണ് ഭാര്യ. മഞ്ഞുമ്മൽ ഗാർഡിയൻ എയ്ഞ്ചൽസ് സ്കൂളിൽ അഞ്ച്, ഒന്ന് ക്ലാസുകളിൽ പഠിക്കുന നെഹ്ർ, നുസ്താൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.