വോട്ടിങ് യന്ത്രങ്ങളുടെ തകരാർ നിർമാണത്തിലെ അപാകത കൊണ്ടെന്ന് നിഗമനം
text_fieldsമലപ്പുറം: ജില്ലയിൽ 105 ബൂത്തുകളിൽ റീപോളിങ് നടത്താനിടയാക്കിയ വോട്ടിങ് യന്ത്രങ്ങളുടെ തകരാറിന് കാരണം നിർമാണത്തിലെ അപാകതയാണെന്ന് നിഗമനം.
ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ കമ്പനിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) കമ്പനിയിൽ കേരളം മൊത്തം ഓർഡർ നൽകിയ യന്ത്രങ്ങളുടെ ആദ്യ അലോട്ട്മെൻറ് മലപ്പുറത്തേക്കായിരുന്നു. 20,000 ബാലറ്റ് യൂനിറ്റുകളും 5,000 കൺട്രോൾ യൂനിറ്റുകളുമാണ് മലപ്പുറത്ത് ഇറക്കിയത്. നിർമാണം കഴിഞ്ഞ് നേരിട്ട് ഇറക്കിയതായതിനാൽ ഹൈദരബാദിൽ നിന്നുള്ള എൻജിനീയർമാർ മലപ്പുറത്ത് എത്തിയാണ് ഇതിെൻറ പ്രാഥമിക പരിശോധന നടത്തിയത്.
എട്ടു പേർ 27 ദിവസമെടുത്താണ് പരിശോധന പൂർത്തിയാക്കിയത്. ഈ പരിശോധനയിൽ തന്നെ 243 യന്ത്രങ്ങൾ തകരാർ കാരണം മാറ്റി വെച്ചിരുന്നു. ഇവ പിന്നീട് കമ്പനിയിൽ നിന്നുള്ള വിദഗ്ധരെത്തി നന്നാക്കി. ചിഹ്നങ്ങൾ സെറ്റ് ചെയ്യുന്ന സമയത്തും ചില യന്ത്രങ്ങളിൽ തകരാറുണ്ടായിരുന്നു. 2010ലെ തെരഞ്ഞെടുപ്പിൽ നഗരസഭകളിൽ ഉപയോഗിച്ച ഇതേ കമ്പനിയിൽ നിന്നുള്ള യന്ത്രങ്ങൾക്കൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇതേ യന്ത്രങ്ങൾ ഇത്തവണ ഉപയോഗിച്ചപ്പോഴും കുഴപ്പമുണ്ടായില്ല. മുമ്പ് വിതരണം ചെയ്ത യന്ത്രങ്ങളെ അപേക്ഷിച്ച് പുതിയ യന്ത്രങ്ങൾ നിലവാരം കുറഞ്ഞവയാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
ഒരേ കൺട്രോൾ യൂനിറ്റിൽ മൂന്ന് ബാലറ്റ് യൂനിറ്റുകൾ കണക്ട് ചെയ്യുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങളും ബാലറ്റ് യൂനിറ്റുകളിലെ ബട്ടെൻറ പ്രശ്നങ്ങളുമാണ് കണ്ടെത്തിയവയിൽ ഏറെയും. കണ്ടെത്തിയത് ചെറിയ പ്രശ്നങ്ങളാണെങ്കിലും 105 ബൂത്തുകളിൽ പോളിങ് മുടങ്ങാനിടയായ സാഹചര്യം മറ്റു ജില്ലകളിലെവിടെയും ഉണ്ടായിട്ടില്ല. മതിയായ സാങ്കേതിക വിദഗ്ധരെ നൽകാത്തതാണ് പ്രശ്നം രൂക്ഷമാക്കിയത്. 15 ബ്ലോക്കുകളിലേക്കായി 15 വിദഗ്ധരെയാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതെങ്കിലും നാലു പേരെ മാത്രമാണ് നൽകിയത്. ഒരേസമയം ജില്ലയിലുടനീളം പ്രശ്നങ്ങളുണ്ടായപ്പോൾ ഓടിയെത്താൻ ഇവർക്കായില്ല. തകരാർ കണ്ടെത്തിയ 1500 യന്ത്രങ്ങളും സീൽ ചെയ്ത് കലക്ടറേറ്റിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവ പരിശോധിക്കാൻ കമ്പനിയിൽ നിന്നുള്ള പ്രതിനിധികൾ ഇതുവരെ എത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.