കോൺഗ്രസ് ആർ.എസ്.പി ബന്ധം ഉലയുന്നു; കോൺഗ്രസ് കാലുവാരിയെന്ന് ആരോപണം
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരിയെന്ന് ആർ.എസ്.പി. പാർട്ടി മത്സരിച്ച ഇടങ്ങളിൽ കോൺഗ്രസ് വോട്ട് ബി.ജെ.പിക്ക് മറിച്ചു നൽകുകയായിരുന്നുവെന്നാണ് ആർ.എസ്.പി ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗത്വം നൽകാത്തതിനെ ചൊല്ലി കോൺഗ്രസുമായുള്ള ബന്ധം ഉലഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി ആർ.എസ്.പി രംഗത്തെത്തിയിരിക്കുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനത്തിൽ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി നേരത്തേ യുഡി.എഫിന് കത്ത് നൽകിയുന്നു. ഇത് പരിഗണിച്ചില്ല എന്നു മാത്രമല്ല, അംഗങ്ങളേയും പ്രസിഡന്‍റിനേയും തെരഞ്ഞെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് ആർ.എസ്.പി അറിഞ്ഞത്. തങ്ങളുമായി ചർച്ച പോലും നടത്താതെ വിഷയത്തിൽ തീരുമാനമെടുത്തത് ആർ.എസ്.പിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം യു.ഡി.എഫ് നേതൃത്വത്തെ അറിയിക്കുമെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
യു.ഡി.എഫിൽ തുടരേണ്ടതില്ല എന്ന നിലപാട് ആർ.എസ്.പിയുടെ യുവജനസംഘടനയായ ആർ.വൈ.എഫ് പരസ്യമായി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അഴിമതി മുന്നണിയിൽ തുടരേണ്ടതില്ലെന്നും ഇനിയും അപമാനം സഹിക്കേണ്ടതില്ലെന്നുമാണ് ഇവരുടെ വാദം. മുന്നണിയിൽ തുടർന്നാൽ പാർട്ടി ഇല്ലാതാകുമെന്നും അതിനാൽ മുന്നണി വിടണമെന്നുമുള്ള അഭിപ്രായം ഒരു വിഭാഗത്തിനിടയിൽ ശക്തി പ്രാപിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് പ്രേമചന്ദ്രൻ അറിയിച്ചു. എന്നാൽ മുന്നണി വിടുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക്് കടക്കാൻ തൽക്കാലം സാധ്യതയില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.