ഹൃദയപൂര്‍വം വിജയന്‍ ഷംസുദ്ദീനെ കണ്ടു; സങ്കടമൊതുക്കി ചിരിച്ചു
text_fieldsകോഴിക്കോട്: പൊന്നുമകന്‍െറ ഹൃദയം തൊട്ടടുത്ത് മറ്റൊരാളുടെ നെഞ്ചിന്‍കൂട്ടിലിരുന്ന് മിടിക്കുന്നത് ഇടറുന്ന നെഞ്ചോടെ ആ അച്ഛന്‍ കാതോര്‍ത്തു. എന്‍െറ മോനേയെന്ന് ഹൃദയം പൊട്ടി വിളിക്കാന്‍, അവനെയൊന്ന് ചേര്‍ത്തണക്കാന്‍ ആ മനം തുടിച്ചിരിക്കണം. എന്നാല്‍, എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി വിജേഷിന്‍െറ അച്ഛന്‍ വിജയന്‍ ഷംസുദ്ദീന് തൊട്ടരികിലിരുന്നു. മകന്‍െറ ഹൃദയം നല്‍കി തനിക്ക് ജീവന്‍ തന്ന ആ മനുഷ്യനെ അച്ഛാ എന്നുവിളിക്കാന്‍ ഷംസുദ്ദീനും കൊതിച്ചിരിക്കണം. എന്നാല്‍, ഇരുവരും മൗനം കൊണ്ട് വാചാലരായിരുന്നു.
മെട്രോ കാര്‍ഡിയാക് സെന്‍ററില്‍ ഒക്ടോബര്‍ 16ന് നടന്ന മലബാറിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം മഞ്ചേരി സ്വദേശി ഷംസുദ്ദീന്‍െറ (54) ഡിസ്ചാര്‍ജിനുമുമ്പ് ആശുപത്രിക്കാര്‍ ഒരുക്കിയ ചടങ്ങിനത്തെിയതാണ് വിജയനും കുടുംബവും. വിജയനോടൊപ്പം ഭാര്യ ശാന്തയുടെ അനിയത്തി സാവിത്രി, വിജേഷിന്‍െറ സഹോദരിമാരായ ഷീബ, ഷീന, വിജേഷിന്‍െറ അമ്മാവന്മാരായ ഭാസ്കരന്‍, രാജന്‍ എന്നിവരും ചടങ്ങിനത്തെിയിരുന്നു.
‘എന്‍െറ മകന്‍ ഇതാ ജീവിച്ചിരിക്കുന്നു’വെന്ന് സന്തോഷപൂര്‍വം പ്രഖ്യാപിച്ച ഷംസുദ്ദീന്‍െറ പിതൃസഹോദരന്‍ കെ.ടി അബൂബക്കര്‍, വിജയേട്ടനുവേണ്ടി തന്‍െറ ഹൃദയം മിടിക്കുമെന്നും താന്‍ മരിച്ചാല്‍ ഈ ഹൃദയം ഉപയോഗയോഗ്യമെങ്കില്‍ ആര്‍ക്കും സ്വീകരിക്കാമെന്നും വികാരഭരിതനായി പറഞ്ഞു. ഒരു വാച്ച് അദ്ദേഹം വിജയന് സമ്മാനിക്കുകയും ചെയ്തു. ഷംസുദ്ദീന്‍െറ ഭാര്യ ജില്‍സത്തും ചടങ്ങിനത്തെിയിരുന്നു. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഭര്‍ത്താവിനെ തിരികെ തന്ന വിജേഷിന്‍െറ കുടുംബാംഗങ്ങളെ പരിചയപ്പെട്ടും സംസാരിച്ചും ജില്‍സത്ത് അവരോടൊപ്പം കൂടി.
ഷംസുദ്ദീന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് ഹൃദയ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. നന്ദകുമാര്‍ പറഞ്ഞു. ഇനി അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയും മരുന്നുകള്‍ കൃത്യമായി കഴിക്കുകയുമാണ് ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹൃദയശസ്ത്രക്രിയക്ക് ശേഷം ഒരു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ ജീവിതം നീട്ടി ലഭിക്കുമെന്നും 25 വര്‍ഷം ജീവിച്ചിരുന്നവരുമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. അഞ്ചും ആറും പേര്‍ക്ക് ജീവന്‍ നല്‍കി ലോകം വിട്ടുപോകുന്നവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും നാവികസേനയുടെ വിമാനങ്ങളും മറ്റു സംവിധാനങ്ങളും ഇത്തരം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഉപയോഗിക്കണമെന്നും ഡോ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. അവയവദാനത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ച മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഭാസ്കരന്‍ മാസ്റ്റര്‍, വി.കെ.സി മമ്മദ് കോയ, ആശുപത്രി ഡയറക്ടര്‍ പി.പി. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷലൂബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.