പി.സി ജോർജിനെ അയോഗ്യനാക്കി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കില്ല
text_fieldsതിരുവനന്തപുരം: കേരളാ കോൺഗ്രസ് നേതാവ് പി.സി ജോർജിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് നിയമസഭാ സ്പീക്കർ അയോഗ്യനാക്കി. പതിമൂന്നാം നിയമസഭയുടെ കാലാവധി തീരുന്നതുവരെ ആര്‍ട്ടിക്കിള്‍ 191-2ലെ പത്താം ഷെഡ്യൂള്‍ പ്രകാരമാണ് അയോഗ്യത. 3.6.2015 മുതൽ മുൻകാല പ്രാബല്യത്തിലാണ് അയോഗ്യനാക്കിയത്. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പി.സി ജോർജിന് അയോഗ്യതയില്ലെന്ന് സ്പീക്കർ എൻ. ശക്തൻ അറിയിച്ചു.
അയോഗ്യതാ വിഷയത്തിൽ വിധി വരുന്നതിന് തലേദിവസം ജോർജ് സമർപ്പിച്ച രാജിക്കത്ത് സ്വീകരിക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. നിയമസഭാംഗമെന്ന നിലയിൽ ജോർജ് കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കില്ല.
പി.സി ജോർജിനെ അയോഗ്യനാക്കാനുള്ള കാരണങ്ങൾ:
- കേരളാ കോൺഗ്രസ് എം ടിക്കറ്റിൽ എം.എൽ.എയായി വിജയിച്ച ജോർജ് പാർട്ടിയെ ഡിരജിസ്റ്റർ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി 17/4/15ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
- കെ.എം മാണിയെ കേരളാ കോൺഗ്രസ് എം ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ക്വാവാന്‍റോ ഹരജി നൽകി.
- കേരളാ കോൺഗ്രസ് മാണി വിഭാഗവുമായി യാതൊരു ബന്ധവുമില്ലെന്നും കേരളാ കോൺഗ്രസ് സെക്യുലർ പാർട്ടി പുനരിജീവിപ്പിച്ചുവെന്നും യു.ഡി.എഫ് ഭാഗമല്ലാതെ നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി 3/6/15ന് സ്പീക്കർക്ക് പരാതി നൽകി.
- അരുവിക്കര തെരഞ്ഞെടുപ്പിൽ കെ. ദാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തു.
- സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ജോർജിന്‍റെ ചിത്രവും വെച്ച് പോസ്റ്റർ ഇറക്കുകയും ചെയ്തു.
എം.എൽ.എ സ്ഥാനത്ത് നിന്ന് പി.സി ജോർജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് 21/7/15നാണ് കേരളാ കോൺഗ്രസ് എം വിപ്പും സർക്കാർ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടൻ സ്പീക്കർക്ക് പരാതി നൽകിയത്. തുടർന്ന് ഇരുവിഭാഗക്കാരുടെ വാദങ്ങളും സാക്ഷി വിസ്താരവും തെളിവെടുപ്പും സ്പീക്കർ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച സ്പീക്കർ വിധി പ്രഖ്യാപിച്ചത്.
തെളിവ് നൽകിയവരിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ, എം.എൽ.എമാരായ ടി.എൻ പ്രതാപൻ, വി.ഡി സതീശൻ എന്നിവർ പി.സി ജോർജിന് എതിരായും എം.എൽ.എമാരായ എ. പ്രദീപ് കുമാർ, വി.എസ് സുനിൽ കുമാർ എന്നിവർ അനുകൂലിച്ചും മൊഴി നൽകിയിരുന്നു.
അതേസമയം, എം.എൽ.എ സ്ഥാനത്തു നിന്നുള്ള തന്‍റെ രാജി സ്വീകരിക്കാത്തിരുന്നത് ചട്ടലംഘനമാണെന്ന് പി.സി ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. മുൻകാല പ്രാബല്യത്തോടെ അയോഗ്യനാക്കിയത് മോശമായിപ്പോയി. തന്നെ പുറത്താക്കാനുള്ള തീരുമാനം മുൻകൂട്ടി തയാറാക്കിയതാണെന്നും ജോർജ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.