രൂപേഷിനെ കോയമ്പത്തൂർ ജയിലിലേക്ക് കൊണ്ടുപോയി
text_fieldsമഞ്ചേരി: നിലമ്പൂർ കവളമുക്കട്ടയിൽ ലഘുലേഖകൾ കണ്ടെടുത്തതായി പറയുന്ന സംഭവത്തിൽ ഒരു പങ്കുമില്ലാത്ത തന്നെ പൊലീസ് അതുമായി ബോധപൂർവം ബന്ധപ്പെടുത്തുകയാണെന്ന് മാവോവാദി നേതാവ് രൂപേഷ് മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.ജെ. ജോസിന് പ്രസ്താവന എഴുതി നൽകി. സിനിക്, ശശി എന്നിങ്ങനെ രണ്ടുപേർ ലഘുലേഖ വിതരണത്തിനെത്തിച്ചതായാണ് പറയുന്നത്. ഇക്കാര്യത്തിൽ തെൻറ മൊഴിയെടുക്കുകയോ തനിക്കെതിരെ തെളിവ് ലഭിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും സംഭവത്തിൽ തന്നെയും പ്രതിയാക്കിയതായി രൂപേഷ് വ്യക്തമാക്കി.
കോയമ്പത്തൂരിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന രൂപേഷിനെ ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചത്. അന്നുതന്നെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോയി. നിയമസഹായത്തിന് ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് രൂപേഷ് അറിയിച്ചപ്പോൾ അതിന് കോടതി അവസരം നൽകി. പിന്നീട് പെരിന്തൽമണ്ണയിൽ പൊലീസ് ഓഫിസർമാരുടെ സാമീപ്യത്തിൽ അഡ്വ. പി.എ. പൗരൻ രൂപേഷുമായി സംസാരിച്ചു. പൊലീസ് പറയുന്ന സംഭവത്തിലെ നിരപരാധിത്വം അദ്ദേഹം അഭിഭാഷകനോട് പറഞ്ഞു. പെരിന്തൽമണ്ണയിൽ പൊലീസ് ആസ്ഥാനത്ത് സി.സി.ടി.വികളുടെ മധ്യത്തിലാണ് രൂപേഷുമായി അഭിഭാഷകൻ സംസാരിച്ചത്. ഏതെങ്കിലും വിധത്തിൽ തെളിവുള്ളതായി പൊലീസ് അറിയിച്ചിട്ടില്ലെന്നും രൂപേഷ് അഭിഭാഷകനെ അറിയിച്ചു.
പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയായതിനാൽ വക്കാലത്ത് അന്വേഷണ ഉദ്യോഗസ്ഥനോട് അറ്റസ്റ്റ് ചെയ്യിക്കാൻ ശ്രമിച്ചെങ്കിലും തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ഐ.എസ്.ഐ.ടി) ഡിവൈ.എസ്.പി ഇസ്മയിൽ ഒപ്പിട്ടുനൽകാൻ കൂട്ടാക്കിയിരുന്നില്ല. വെള്ളിയാഴ്ച രൂപേഷ് കോടതിയിൽ നൽകിയ പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കി. വെള്ളിയാഴ്ച കോടതിയിൽ രൂപേഷിനെ തിരികെ ഏൽപിച്ചപ്പോൾ മറ്റൊരു അഭിഭാഷകൻ വഴി രൂപേഷിൽനിന്ന് വക്കാലത്ത് ഒപ്പിട്ടുവാങ്ങി. രൂപേഷിെൻറ മകൾ ആമിയും വെള്ളിയാഴ്ച മഞ്ചേരിയിൽ കോടതിയിൽ എത്തിയിരുന്നു. രൂപേഷിനെ വീണ്ടും കോയമ്പത്തൂർ ജയിലിലേക്ക് തന്നെ കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.