കുട്ടികൾക്കെതിരായ അതിക്രമം: കെട്ടിക്കിടക്കുന്നത് 9000 കേസുകൾ
text_fieldsതൃശൂർ: സ്പെഷൽ പ്രോസിക്യൂട്ടർമാരില്ലാത്തതിനാൽ സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 9382 കേസുകൾ കെട്ടിക്കിടക്കുന്നു. ഒരു ശിശുദിനം കൂടി കടന്നുപോകുമ്പോൾ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നതിെൻറ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സ്പെഷൽ പ്രോസിക്യൂട്ടർമാരുടെ അഭാവമാണ് കേസുകൾ കോടതികളിൽ കെട്ടിക്കിടക്കാൻ കാരണം. ബാലവേല, കുട്ടികളോടുള്ള ലൈംഗികാതിക്രമവും ഗാർഹികപീഡനവും എന്നിവയെല്ലാം മുൻ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കൂടിയെന്ന് ചൈൽഡ്ലൈൻ പഠനം തെളിയിക്കുന്നു.
2014–15ൽ മാത്രം ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് 924 വിവിധ ജില്ലകളിലെ ചൈൽഡ് ലൈനുകളിൽ റിപ്പോർട്ട് ചെയ്തു. ഇരകളിൽ 754 പേർ പെൺകുട്ടികളും 170 പേർ ആൺകുട്ടികളുമാണ്. എന്നാൽ, പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതാകട്ടെ 1139 കേസുകൾ. 2013–14ൽ ഇത് യഥാക്രമം 746ഉം 1380ഉം ആയിരുന്നു. 2012–13ൽ 378 കേസുകൾ ചൈൽഡ് ലൈനിലെത്തി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. ഈവർഷം മാത്രം ഇരകളായത് 152 കുട്ടികൾ. 2012–13, 2013–14 വർഷങ്ങളിൽ ഇത് യഥാക്രമം 39ഉം 112ഉം ആയിരുന്നു. ഈ വർഷം കേസുകൾ കുറവ് കോട്ടയം ജില്ലയിലാണ്–സെപ്റ്റംബർ വരെ 38. തൃശൂരിൽ 110 കേസുകൾ രജിസ്റ്റർ ചെയ്തു. 2012–13ൽ 32ഉം 2013–14ൽ 33ഉം 2014–15ൽ 27ഉം കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് ജില്ലയിൽ ഈ വർഷം 682 കേസുകൾ റിപ്പോർട്ട് ചെയ്തു.
924 ലൈംഗികാതിക്രമ കേസുകളിൽ 559 എണ്ണത്തിൽ മാത്രമാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. ഇതിൽ 319 എണ്ണത്തിൽ കുറ്റപത്രം നൽകി. മാനക്കേട് ഭയന്ന് പല സംഭവങ്ങളും രക്ഷിതാക്കൾ റിപ്പോർട്ട് ചെയ്യാറില്ല. ചില കേസുകൾ ഉന്നത ഇടപെടൽ മൂലം ചൈൽഡ് ലൈനിൽപോലും എത്താതെ പോകുന്നുണ്ടെന്ന് അധികൃതർ സമ്മതിക്കുന്നു. 11–15 വയസ്സുള്ള കുട്ടികളാണ് കൂടുതലായും ലൈംഗികാതിക്രമത്തിന് ഇരകളാകുന്നത്.
കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത 14 കേസുകൾ ഗാർഹിക പീഡനങ്ങളാണ്. കുട്ടികളുടെ അവകാശലംഘനത്തിനെതിരെ കൂടുതൽ പരാതികൾ ബാലാവകാശ കമീഷന് ലഭിച്ചതും കോഴിക്കോട് ജില്ലയിൽ നിന്നാണ്– 2013–15 വരെ 433 എണ്ണം.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാൻ 2012ൽ പോക്സോ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇത്തരം കേസുകൾ പരിഹരിക്കുന്നതിതൽ സർക്കാറിന് തികഞ്ഞ അലംഭാവമാണ്. കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യാൻ ബാലസൗഹൃദ കോടതികൾ വേണമെന്നാണ് നിയമം. ‘പോക്സോ’ പ്രകാരം ജില്ലാ ഒന്നാം അഡീഷനൽ സെഷൻസ് കോടതികളെ ഹൈകോടതി പ്രത്യേക അധികാരം നൽകി ചിൽഡ്രൻസ് കോടതികളാക്കി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.