ശാശ്വതീകാനന്ദയുടെ മരണം: ധർമവേദിയുടെ ഇടപെടൽ നിർണായകം
text_fieldsതൊടുപുഴ: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് കൈംബ്രാഞ്ച് അന്വേഷണം പഴുതടച്ചാകണമെന്ന നിർദേശവുമായി ശ്രീനാരായണ ധർമവേദി. സംഭവത്തിൽ എസ്.എൻ.ഡി.പിയുടെ സമീപനം പൊതുസമൂഹത്തിൽ സൃഷ്ടിച്ച സംശയങ്ങൾ ദൂരീകരിക്കണമെന്ന നിർദേശമാണ് ഗോകുലം ഗോപാലൻ ചെയർമാനും ബിജു രമേശ് ജനറൽ സെക്രട്ടറിയുമായ വേദി മുന്നോട്ടുവെക്കുന്നത്.
വെള്ളാപ്പള്ളി നടേശനും മകൻ തുഷാറിനുമെതിരെയുള്ള ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഹൈകോടതി മുമ്പാകെ അറിയിച്ച പശ്ചാത്തലത്തിൽ വേദിയുടെ ഇടപെടൽ നിർണായകമാണ്. ഈഴവ സമുദായത്തിെൻറ ആത്മീയ കേന്ദ്രമായ ശിവഗിരിയുടെ മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ധർമവേദി ഇതുവരെ അഭിപ്രായം പറഞ്ഞിരുന്നില്ല.
സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ഇപ്പോഴത്തെ മഠാധിപതി സ്വാമി പ്രകാശാനന്ദ അഭിപ്രായപ്പെട്ടതോടെ കാര്യങ്ങൾക്ക് മാറ്റം വന്നു. അന്വേഷണം സുതാര്യമല്ലെന്ന ധാരണ പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നത് സർക്കാറിന് ക്ഷീണമാണ്. ശിവഗിരിയിലെ പൊലീസ് ഓപറേഷനുമായി ബന്ധപ്പെട്ട് എ.കെ. ആൻറണി സർക്കാറിനെതിരെ ശാശ്വതീകാനന്ദ നടത്തിയ രഥയാത്രയും മറ്റും ഇടതുമുന്നണിയെ അധികാരത്തിലേറ്റിയതിന് സഹായകമായെന്ന് യു.ഡി.എഫിന് അറിയാം.
എസ്.എൻ.ഡി.പിയെക്കാൾ സമുദായത്തിൽ സ്വാധീനമുള്ളത് ശിവഗിരിക്കാണെന്ന വസ്തുത തള്ളിക്കളയാനാകില്ല. എ.ഡി.ജി.പി അനന്തകൃഷ്ണെൻറ നേതൃത്വത്തിലെ പൊലീസ് ഓഫിസർമാരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിെൻറ നേതൃത്വത്തിലാകണം അന്വേഷണമെന്ന് ധർമവേദി നിർദേശിക്കുന്നു. വെള്ളാപ്പള്ളിയും മകനും എസ്.എൻ.ഡി.പി ഭാരവാഹിത്വത്തിൽനിന്ന് ഒഴിയണം. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളിയെ മാറ്റാനായി ശാശ്വതീകാനന്ദ ശ്രമിച്ചതിനെ ത്തുടർന്നാണ് ഇരുവരും തെറ്റിയതെന്ന് ചൂണ്ടിക്കാട്ടുന്ന വേദി, തിരുവനന്തപുരത്തുവെച്ച് പരസ്യമായി അവർ ഇടഞ്ഞതിന് സാക്ഷിയായ മുൻ ദേവസ്വം സെക്രട്ടറി എം.ബി. ശ്രീകുമാറടക്കമുള്ളവരെ സാക്ഷിയായി വിസ്തരിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുന്നു.
പോസ്റ്റ്മോർട്ടത്തിന് വേണ്ട ഒത്താശചെയ്ത ഇപ്പോഴത്തെ പ്രസിഡൻറ് ഡോ. എം.എൻ. സോമൻ, പോസ്റ്റ്മോർട്ടം നടത്തിയ ഡോ. അനിലകുമാരി, സ്വാമിയുടെ ഡ്രൈവർ സുഭാഷ്, കൊലചെയ്തെന്ന് ആരോപണമുയർന്ന പള്ളുരുത്തിക്കാരൻ പ്രിയെൻറ പിതാവ് തുടങ്ങിയവരെ സാക്ഷിയാക്കിയെങ്കിൽ മാത്രമെ എല്ലാ തെളിവുകളും വെളിയിൽ വരൂവെന്ന് വേദി വൈസ് ചെയർമാൻ കെ.കെ. പുഷ്പാംഗദൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.