കൂലി വർധിപ്പിക്കാനാവില്ലെന്ന് തോട്ടം ഉടമകൾ; ധാരണ നടപ്പാക്കിയേ തീരുവെന്ന് തൊഴിൽ മന്ത്രി
text_fieldsകൊച്ചി: തൊഴിലാളികളുടെ വർധിപ്പിച്ച കൂലിയും ബോണസും നടപ്പാക്കാനാവില്ലെന്ന് തോട്ടം ഉടമകളുടെ സംഘടന.. തെരഞ്ഞെടുപ്പിന് മുമ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചത് സർക്കാറിനെ സഹായിക്കാനാണെന്നും അസോസിേയഷൻ ഒാഫ് പ്ലാന്‍റേഷൻ കേരള ഭാരവാഹികൾ അറിയിച്ചു. തൊഴിലാളികളുമായും തോട്ടം ഉടമകളുമായും സർക്കാർ പ്രതിനിധികൾ തിങ്കളാഴ്ച ചർച്ച നടത്താനിരിക്കെയാണ് പ്ലാന്‍റേഷൻ ലേബർ കമ്മിറ്റിയിലെ ധാരണയിൽ നിന്നുള്ള ഉടമകളുടെ പിന്മാറ്റം.
ബോണസ് നല്‍കുന്നതും കൂലി വർധിപ്പിക്കുന്നതും നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. തേയിലയുടെയും റബറിന്‍റെയും വില വര്‍ധിപ്പിക്കാതെ കൂലി വർധന നടപ്പാക്കാൻ സാധിക്കില്ല. കൂലി വര്‍ധിപ്പിക്കാത്തതിന്‍റെ പേരില്‍ സമരം ഉണ്ടായാല്‍ നേരിടും. കൂലി വര്‍ധിപ്പിക്കാനുള്ള സെറ്റില്‍മെന്‍റ് കാലാവധി മൂന്ന് വര്‍ഷം എന്നത് നാല് വര്‍ഷമാക്കി ഉയർത്തണം. ഇക്കാര്യം തിങ്കളാഴ്ച ചേരുന്ന പി.എല്‍.സി യോഗത്തില്‍ ആവശ്യപ്പെടുമെന്നും ഉടമകളുടെ സംഘടന വ്യക്തമാക്കി.
അതേസമയം, കൂലി വർധനയിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ പ്രതികരിച്ചു. മുഖ്യമന്ത്രി, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് തീരുമാനമുണ്ടായത്. കൂലി വർധന നടപ്പാക്കാതെ തോട്ടം നടത്തികൊണ്ട് പോകാനാവില്ല. തോട്ടം ഉടമകളുടെ ഭീഷണിക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കില്ല. സർക്കാർ തൊഴിലാളികൾക്കൊപ്പമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളികൾക്ക് ഉറപ്പുനൽകിയ കൂലി വാങ്ങി നൽകാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി പി.എസ് രാജൻ പറഞ്ഞു.
തോട്ടം ഉടമകളുടെ പുതിയ തീരുമാനത്തെകുറിച്ച് സംസ്ഥാന സർക്കാർ പ്രതികരിക്കണമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി ആവശ്യപ്പെട്ടു. തൊഴിലാളി സമരം ഇനി സെക്രട്ടറിയേറ്റ് പടിക്കലാണെന്നും ലിസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.