ബാര്‍ കോഴ: അധികം പറയാതിരിക്കുന്നതാണ് നല്ലത് –മാണി
text_fieldsകോട്ടയം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നും അധികം പറയാതിരിക്കുന്നതാണ് നല്ലതെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. ‘കൂടുതലൊന്നും പറയാനില്ല. എപ്പോഴും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ല. അതിന്‍െറ അര്‍ഥം എടുത്താല്‍ മതി’ - ബാര്‍ കോഴക്കേസില്‍ നീതി ലഭിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാണി മറുപടി നല്‍കി. ധനമന്ത്രി സ്ഥാനം രാജിവെച്ചശേഷം ആദ്യമായി കോട്ടയത്തെ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി ഓഫിസില്‍ എത്തിയതായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കും കെ. ബാബുവിനും ഇരട്ടനീതിയാണെന്ന ആക്ഷേപം കേരള കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടിയില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിക്കുന്ന പ്രതികരണം മാണിയില്‍നിന്നുണ്ടായത്. നേരത്തേ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് നീതി കിട്ടേണ്ടിടത്തുനിന്ന് നീതി കിട്ടിയില്ളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ബാര്‍ കോഴയില്‍ കേരള കോണ്‍ഗ്രസിന് നീതിലഭിച്ചില്ളെന്ന് ജോസ് കെ. മാണി എം.പിയും ഞായറാഴ്ച കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അധികം പറയാതിരിക്കുന്നതാണ് നല്ലതെന്ന മാണിയുടെ പ്രസ്താവന. ബാര്‍ കോഴയില്‍ ഇരട്ടനീതിയെന്ന ആക്ഷേപത്തിന് സര്‍ക്കാറും യു.ഡി.എഫും ഉടന്‍ പരിഹാരം കാണണമെന്ന് കഴിഞ്ഞദിവസം മന്ത്രി പി.ജെ. ജോസഫും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പ്രസ്താവനകളെന്നാണ് സൂചന. ഇതിലൂടെ ഗൂഢാലോചനവാദത്തിന് കൂടുതല്‍ ബലം നല്‍കാനും കേരള കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.
കേരള കോണ്‍ഗ്രസിന് നീതികിട്ടിയില്ല -ജോസ് കെ. മാണി
കോട്ടയം: ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസിന് നീതി കിട്ടിയില്ളെന്ന് ജോസ് കെ. മാണി എം.പി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാര്‍ കോഴക്കേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്. ഏതുഭാഗത്തുനിന്നാണ് ഇതുണ്ടായതെന്ന് മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്തെണം. വിവാദമുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എഴുതിത്തള്ളാന്‍ ആഗ്രഹിച്ച പലരുമുണ്ട്. അവരിപ്പോള്‍ നിരാശരായി. തിരുവനന്തപുരം മുതല്‍ പാലാവരെ നടത്തിയ യോഗങ്ങളിലും സമ്മേളനങ്ങളിലും കെ.എം. മാണിക്ക് ലഭിച്ച സ്വീകരണം അതിനെ മറികടക്കുന്നതായിരുന്നു. ഇതുതന്നെയാണ് കെ.എം. മാണി പാലായില്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.