വെബ് അധിഷ്ഠിത പരീക്ഷാ രീതിയുമായി സാങ്കേതിക സർവകലാശാല; പരീക്ഷ കഴിഞ്ഞ് അഞ്ച് ദിവസത്തിനകം ഫലം
text_fieldsതിരുവനന്തപുരം: ആദ്യബാച്ച് മുതൽ വെബ് അധിഷ്ഠിത പരീക്ഷയുമായി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാല പൂർണമായും വെബ് അധിഷ്ഠിത പരീക്ഷാരീതി നടപ്പാക്കുന്നത്. നവംബർ 19ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷയും ഡിസംബർ രണ്ടിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.ടെക്, എം.ടെക്ക് പരീക്ഷകളുമാണ് പൂർണമായും ഇൻറർനെറ്റ് അധിഷ്ഠിതമായി നടത്തുന്നത്. സർവകലാശാലയിൽ അഫിലിയേറ്റ് ചെയത 152 എൻജിനീയറിങ് കോളജുകളിലെ 40044 ബി.ടെക്, 3558 എം.ടെക്, 120 എം.ബി.എ വിദ്യാർഥികൾക്കാണ് പുതിയ രീതിയിൽ പരീക്ഷ നടത്തുന്നത്. ഉത്തരക്കടലാസ് മൂല്യനിർണയത്തിന് കേന്ദ്രീകൃത മൂല്യനിർണയം, മൂല്യനിർണയ ക്യാമ്പുകൾ എന്നിവ ആവശ്യമില്ല. മൂല്യനിർണയത്തിന് നിയോഗിക്കപ്പെടുന്ന അധ്യാപകർക്ക് വെബ് വഴി ഉത്തരപേപ്പറുകൾ കൈമാറുകയും ലോകത്തിെൻറ ഏത് ഭാഗത്തിരുന്നും മൂല്യനിർണയം നടത്താൻ കഴിയുന്നതുമാണ് പുതിയ രീതി.
മൂല്യനിർണയത്തിന് നിയോഗിക്കപ്പെടുന്നവർക്ക് മൊബൈൽ/ ഇ–മെയിൽ വഴി യൂസർ ഐ.ഡിയും പാസ്വേഡും അയച്ചുനൽകും. മൂല്യനിർണയത്തിന് പേപ്പർ അയക്കുന്ന വിവരം അധ്യാപകരെ മുൻകൂട്ടി അറിയിക്കും. നിശ്ചിത ദിവസത്തേക്ക് മാത്രമേ യൂസർ ഐ.ഡി ഉപയോഗിച്ച് അധ്യാപകർക്ക് ലോഗിൻ ചെയ്യാൻ സാധിക്കൂ. ഈ സമയത്തിനകം മൂല്യനിർണയം പൂർത്തിയാക്കിയില്ലെങ്കിൽ ഉത്തരപേപ്പറുകൾ തിരിച്ചെടുത്ത് മറ്റൊരു അധ്യാപകന് കൈമാറും. മൂല്യനിർണയം നടത്താത്ത അധ്യാപകനെതിരെ സർവകലാശാല നടപടിയെടുക്കും. പരീക്ഷക്ക് മുമ്പായി ഈ മാസം 17ന് സംവിധാനത്തിെൻറ ട്രയൽ റൺ നടത്തുമെന്ന് പ്രോവൈസ്ചാൻസലർ ഡോ. എം. അബ്ദുറഹ്മാൻ പറഞ്ഞു.
ബി. ടെക്കിന് പുതുതായി ഉൾപ്പെടുത്തിയ ‘സസ്റ്റൈനബ്ൾ എൻജിനീയറിങ്’ വിഷയത്തിന് നവംബർ 17ന് 152 കോളജുകളിലും രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ട്രയൽ പരീക്ഷയും നടത്തും. ഇതുപൂർണമായും വെബ് അധിഷ്ഠിതവും മാർക്ക് പ്രസിദ്ധീകരണം ഉൾപ്പെടെ നടപടികൾ പൂർണമായും ഓൺലൈനായിട്ടുമായിരിക്കും പൂർത്തിയാക്കുക. മൂല്യനിർണയം പരിശീലിക്കാനായി അഫിലിയേറ്റഡ് കോളജുകളിലെ അധ്യാപകർക്ക് ഇതിനകം ഡെമ്മി ലോഗിൻ നൽകിയിട്ടുണ്ട്. ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ പോവുകയോ അപാകത വരുത്തുകയോ ചെയ്താൽ കമ്പ്യൂട്ടർ ശ്രദ്ധയിൽപെടുത്തും. മാർക്ക് കൂട്ടിയിടുന്നത് ഉൾപ്പെടെ ജോലികൾ കമ്പ്യൂട്ടർതന്നെ പൂർത്തിയാക്കും.
പരീക്ഷാഹാളിൽ വിദ്യാർഥികൾ ഇരിക്കുന്ന ക്രമം എങ്ങനെയെന്ന് രണ്ടാഴ്ച മുമ്പ് സർവകലാശാലയെ ഓൺലൈനായി അറിയിക്കണം. ഇതുപ്രകാരം വിദ്യാർഥിയുടെ ഫോട്ടോയുള്ള ഹാജർ ഷീറ്റ് സർവകലാശാല തയാറാക്കും. അഞ്ച് സെറ്റ് ചോദ്യക്കടലാസാണ് ഓരോ പരീക്ഷക്കും ഉണ്ടാവുക. പരീക്ഷാദിവസം രാവിലെ പരീക്ഷാ കൺട്രോളർ ഒരു ബട്ടൺ അമർത്തുമ്പോൾ ഇതിൽ ഒരു ചോദ്യക്കടലാസ് ഓൺലൈനായി പരീക്ഷാകേന്ദ്രങ്ങളിലേക്കു പോകും. അയച്ച ചോദ്യക്കടലാസ് ഏതെന്ന് കൺട്രോളർക്ക് അറിയാൻ കഴിയില്ല്ല.
പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മുതൽ ചോദ്യക്കടലാസ് ഡൗൺലാഡ് ചെയ്ത് പ്രിൻറ് എടുക്കാം. ചീഫ് സൂപ്രണ്ടിനും പുറത്തുനിന്നുള്ള നിരീക്ഷകനും പ്രത്യേകം പാസ്വേഡ് നൽകിയിട്ടുണ്ടാകും. രണ്ട് പാസ്വേഡ് അടിച്ചാൽ മാത്രമേ പ്രിൻറ് എടുക്കാനാവൂ. ഓരോ എൻജിനീയറിങ് കോളജിലും ഇതിനായി സർവകലാശാല പ്രത്യേക കൺട്രോൾ റൂം തയാറാക്കും. അവിടെ നടക്കുന്ന കാര്യങ്ങൾ സർവകലാശാലാ ഓഫിസിലെ സി.സി ടി.വിയിലൂടെ നിരീക്ഷിക്കും. വിദ്യാർഥികളുടെ എണ്ണം അനുസരിച്ചുള്ള പ്രിൻറ് മാത്രമേ ലഭിക്കൂ. ചോദ്യക്കടലാസിെൻറ പ്രിൻറ് എടുക്കുന്നതിനു മുമ്പ് വിദ്യാർഥികളുടെ അറ്റൻഡൻസ് ഷീറ്റ് പ്രിൻറ് എടുക്കണം.
ഉത്തരങ്ങൾ 24 പേജുള്ള ഉത്തരക്കടലാസിൽ ഒതുക്കണം. പരീക്ഷ തുടങ്ങുന്നതിനു മുമ്പായി അറ്റൻഡൻസ് ഷീറ്റിന് മുകളിലുള്ള ബാർ കോഡ്, ഉത്തരക്കടലാസിൽ ഒട്ടിക്കണം. രജിസ്റ്റർ നമ്പർ എഴുതുന്ന രീതി ഇല്ല. പരീക്ഷ കഴിഞ്ഞാൽ ഉത്തരക്കടലാസുകൾ ശേഖരിച്ച് കൺട്രോൾ റൂമിൽനിന്ന് സ്കാൻ ചെയ്ത് സർവറിൽ അപ്ലോഡ് ചെയ്യും. ഇതാണ് അധ്യാപകർക്ക് മൂല്യനിർണയത്തിനായി അയക്കുന്നത്. യഥാർഥ ഉത്തരക്കടലാസുകൾ ഒരു വർഷത്തേക്ക് കോളജ് പ്രിൻസിപ്പൽ സൂക്ഷിക്കും. ഒരു ക്ലാസിലെ മുഴുവൻ പേപ്പറുകളും ഒരു അധ്യാപകന് അയക്കുന്ന പതിവ് രീതിക്ക് പകരം ഓരോ വിദ്യാർഥിയുടെയും വ്യത്യസ്ത അധ്യാപകർക്കായിരിക്കും പോവുക. അധ്യാപകർ യഥാസമയം പേപ്പർ നോക്കുന്നുണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാൻ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കമ്പ്യൂട്ടർ സ്ക്രീനിെൻറ ഇടത് വശത്ത് ചോദ്യക്കടലാസും വലത് വശത്ത് സ്കീമും തെളിഞ്ഞുവരും. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ മറ്റൊരു അധ്യാപകൻ കൂടി നോക്കും. ഇതിെൻറ ശരാശരി മാർക്കാണ് വിദ്യാർഥിക്ക് നൽകുക. രണ്ടും തമ്മിൽ 15 മാർക്കിൽ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ മൂന്നാമതും മൂല്യനിർണയം നടത്തും. ഏറ്റവും കൂടുതൽ ലഭിച്ച രണ്ട് മാർക്കിെൻറ ശരാശരിയായിരിക്കും വിദ്യാർഥിക്ക് ലഭിക്കുക. ടാബുലേഷൻ ആവശ്യമില്ലാത്തതിനാൽ മൂല്യനിർണയം പൂർത്തിയാക്കി അഞ്ച് ദിവസത്തിനുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിക്കും. ചെന്നൈ ആസ്ഥാനമായ ‘മെറിറ്റ് ട്രാക്’ ഒരുക്കിയ സോഫ്റ്റ്വെയർ ആണ് പുതിയ പരീക്ഷാ രീതി നടപ്പാക്കാൻ സാങ്കേതിക സർവകലാശാലക്ക് വഴിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.