ശങ്കർ റെഡ്ഡി വിജിലൻസ് ഡയറക്ടർ ആയേക്കും
text_fieldsതിരുവനന്തപുരം: ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കർറെഡ്ഡിയെ വിജിലൻസ് മേധാവിയാക്കാൻ നീക്കം. നിലവിലെ ഡയറക്ടർ വിൻസൻ എം. പോൾ അവധിയിലാണ്. അദ്ദേഹം നവംബർ 30ന് വിരമിക്കുന്ന ഒഴിവിലാണ് ശങ്കർ റെഡ്ഡിയെ കൊണ്ടുവരുന്നത്. അതേസമയം, ശങ്കർ റെഡ്ഡിയെ വിജിലൻസിലേക്ക് കൊണ്ടുവരുന്നതിനോട് ചില ഘടകകക്ഷി നേതാക്കൾക്ക് വിയോജിപ്പുണ്ടെന്നറിയുന്നു. മലബാർ മേഖലയിൽ ശങ്കർ റെഡ്ഡിയുടെ സേവനം താൽപര്യപ്പെടുന്ന പ്രമുഖ നേതാവ് ശങ്കർ റെഡ്ഡിക്ക് ഡി.ജി.പി സ്ഥാനം ലഭിക്കുന്നതുവരെ ഉത്തരമേഖലയിൽ നിർത്താൻ സമ്മർദം തുടരുകയാണ്.
എന്നാൽ, ബാർ കോഴക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ വിശ്വസ്തനായ ഉദ്യോഗസ്ഥനെ വിജിലൻസ് തലപ്പത്ത് കൊണ്ടുവരണമെന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുള്ളത്. ഡി.ജി.പി റാങ്കിലുള്ള ലോകനാഥ് ബെഹ്റയെ കൊണ്ടുവരാൻ നീക്കമുണ്ടായെങ്കിലും ആഭ്യന്തരവകുപ്പിലെ ചിലർ വിയോജിപ്പ് രേഖപ്പെടുത്തി. നിലവിൽ ജയിൽ മേധാവിയായ ബെഹ്റക്കും ജയിൽ വകുപ്പിൽ തുടരാനാണ് താൽപര്യം. ഡി.ജി.പി റാങ്കിലെ ഉദ്യോഗസ്ഥനെയാണ് വിജിലൻസിൽ നിയമിക്കേണ്ടത്. വിൻസൻ എം. പോൾ വിരമിച്ചാൽ അടുത്ത് ഡി.ജി.പി ആകേണ്ടത് ഋഷിരാജ് സിങ്ങാണ്. അദ്ദേഹത്തെ സുപ്രധാന തസ്തികകളിൽ നിയമിക്കുന്നതിനോട് ഭരണകക്ഷിയിലെ പ്രമുഖർക്കെല്ലാം വിയോജിപ്പാണ്.
ഋഷിരാജിനെ ഐ.എം.ജി ഡയറക്ടറാക്കാനും നിർദേശമുണ്ട്. കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിെൻറ തുടരന്വേഷണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അന്വേഷണത്തിൽ കാലവിളംബം ഒഴിവാക്കാനും മാണിക്കനുകൂലമായി കരുക്കൾ നീക്കാനും അനുയോജ്യനായ ഉദ്യോഗസ്ഥനെ വിജിലൻസ് ആസ്ഥാനത്ത് കൊണ്ടുവരാനുമുള്ള നീക്കങ്ങൾ തകൃതിയായി മുന്നേറുന്നു. ഇക്കാര്യത്തിൽ ഉടൻ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.