ഉടമകള്‍ വഴങ്ങി; തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ഈ മാസം നടപ്പാക്കും
text_fieldsതിരുവനന്തപുരം: തൊഴിലാളികള്‍ക്ക് കൂട്ടിയ കൂലി നല്‍കുന്ന കാര്യത്തില്‍ തോട്ടം ഉടമകള്‍ വഴങ്ങി. കൂലി വര്‍ധന ഈമാസം മുതല്‍ നടപ്പാക്കുമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പ്ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ ധാരണയായി. ബോണസിലും കൂലിവര്‍ധനവിന് മൂന്‍കാല പ്രാബല്യം നല്‍കുന്നത് സംബന്ധിച്ചും തീരുമാനം പിന്നീട് കൈക്കൊള്ളും.
തൊഴിലാളികള്‍ക്ക് കൂട്ടിയ കൂലി നല്‍കാനാവില്ളെന്ന് വ്യക്തമാക്കി തോട്ടം ഉടമകള്‍ ഇന്നലെ രംഗത്തുവന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ റബര്‍, തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് വര്‍ധിപ്പിച്ച നിരക്കില്‍ കൂലി നല്‍കാനാവില്ളെന്ന് വ്യക്തമാക്കി അസോസിയേഷന്‍ ഓഫ് പ്ളാന്‍േറഴ്സ് കേരള ചെയര്‍മാന്‍ സി. വിനയരാഘവനാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അവസാന പി.എല്‍.സി യോഗത്തില്‍ കൂലി വര്‍ധിപ്പിക്കാമെന്ന് സമ്മതിച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാറിനെ സഹായിക്കാനാണെന്നും തോട്ടം ഉടമകള്‍ വ്യക്തമാക്കിയിരുന്നു.
ഒക്ടോബര്‍ 14ന് ചേര്‍ന്ന യോഗതീരുമാനപ്രകാരമുള്ള കൂലിവര്‍ധന നവംബറില്‍ പ്രാബല്യത്തില്‍ വരുത്താമെന്ന് ഉടമകള്‍ സമ്മതിച്ചതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ഇതുപ്രകാരം ചൊവ്വാഴ്ച തന്നെ എല്ലാ തോട്ടത്തിലും കൂലി വര്‍ധന സംബന്ധിച്ച നോട്ടീസ് ഇറക്കും. വര്‍ധനക്ക് മുന്‍കാല പ്രാബല്യമുണ്ടാകുമെങ്കിലും എന്നുമുതല്‍ നടപ്പില്‍വരുമെന്നത് അടുത്ത പി.എല്‍.സി യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.
തേയിലത്തോട്ടങ്ങളില്‍ 232ല്‍ നിന്ന് 301 രൂപയിലേക്കും റബറില്‍ 317ല്‍ നിന്ന് 381ലേക്കും കാപ്പിയില്‍ 237ല്‍ നിന്ന് 301ലേക്കും ഏലം തോട്ടങ്ങളില്‍ 267ല്‍ നിന്ന് 330 ലേക്കുമാണ് കൂലി വര്‍ധിപ്പിച്ചിട്ടുള്ളത്.
യോഗം തുടങ്ങിയത് മുതല്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു തോട്ടം ഉടമകള്‍. ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ക്ക് പുറമെ മന്ത്രിയും ഇതിനെ ശക്തമായി എതിര്‍ത്തു. തീരുമാനത്തില്‍നിന്ന് പിന്നോട്ട് പോകാനാവില്ളെന്ന് മന്ത്രി ഉറപ്പിച്ചതോടെ ഉടമകള്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു. പുതുക്കിയ നിരക്ക് 2016 ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനുള്ള സാവകാശം വേണമെന്നായിരുന്നു ഉടമകളുടെ ആടുത്ത ആവശ്യം. ഇക്കാര്യവും ട്രേഡ് യൂനിയനുകള്‍ നിഷേധിച്ചതോടെ ഉടമകള്‍ ആവശ്യത്തില്‍നിന്ന് പിന്മാറി. തേയിലത്തോട്ടങ്ങളില്‍ പ്രതിദിനം തൊഴിലാളികള്‍ നുള്ളുന്ന കൊളുന്തിന്‍െറ അളവ് 10 കിലോ വര്‍ധിപ്പിക്കണമെന്ന ആവശ്യവും ഉടമകള്‍ മുന്നോട്ടുവെച്ചെങ്കിലും തൊഴിലാളി പ്രതിനിധികള്‍ എതിര്‍ത്തു. ഷെയര്‍ പ്ളക്കിങ് നിലവിലെ 21 കിലോയില്‍ നാല് കിലോ വര്‍ധിപ്പിക്കാനേ കഴിയൂവെന്നായിരുന്നു തൊഴിലാളികളുടെ നിലപാട്. ഇക്കാര്യത്തില്‍ തര്‍ക്കം തുടര്‍ന്നതോടെ വിഷയം അടുത്ത പി.എല്‍.സിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു.
അധിക ജോലിക്കുള്ള തുക ഉയര്‍ത്തണമെന്നത് തൊഴിലാളികളുടെ ഏറെനാളത്തെ ആവശ്യമാണ്. നിലവില്‍ പ്രതിദിനം തേയിലത്തോട്ടങ്ങളില്‍ 21 കിലോക്കുശേഷം 14 വരെയുള്ള ഒരോ കിലോക്കും 65 പൈസയും തൊട്ടടുത്ത് 14ല്‍ ഒരോന്നിനും 80 പൈസയും ശേഷമുള്ള 14ല്‍ ഓരോന്നിനും ഒരു രൂപ 10 പൈസയുമാണ് നിരക്ക്. ഒന്നുകില്‍ സ്ളാബ് ഒഴിവാക്കി 21ന് ശേഷമുള്ള ഒരോ കിലോക്കും വര്‍ധിപ്പിച്ച തുക നിര്‍ണയിക്കണമെന്നും അല്ളെങ്കില്‍ ഓരോ സ്ളാബിനും തുക വര്‍ധിപ്പിക്കമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. സ്ളാബ് നിലനിര്‍ത്തുകയാണെങ്കില്‍ മിനിമം തൂക്കം കഴിഞ്ഞുള്ള ആദ്യ സ്ളാബില്‍ ഓരോ കിലോക്കും നിലവിലെ 65 പൈസയില്‍നിന്ന് മൂന്ന് രൂപയും മറ്റ് സ്ളാബുകളില്‍ ആനുപാതിക വര്‍ധനയുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
തൊഴിലാളികള്‍ പ്രതിദിനം നുള്ളുന്ന തേയിലയുടെ അളവ് ഉയര്‍ത്തണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹാന്‍ഡ് പ്ളക്കിങ്ങിന്‍െറ അളവ് കൂട്ടി നിശ്ചയിക്കില്ല. അതേസമയം ഷെയര്‍ പ്ളക്കിങ് കാലാനുസൃതമായ വര്‍ധന അടുത്ത പി.എല്‍.സി യോഗം ചര്‍ച്ച ചെയ്യും. 2011ലെ ഒത്തുതീര്‍പ്പില്‍ തന്നെ പ്രതിദിന ഉല്‍പാദനത്തിന്‍െറ അളവ് വര്‍ധിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും നടപ്പിലായില്ല. അധികജോലിക്കുള്ള കൂലി നിരക്ക്, വെയിറ്റേജ്, മറ്റ് കാറ്റഗറി ജീവനക്കാരുടെ വേതനവര്‍ധന തുടങ്ങിയ കാര്യങ്ങള്‍ അടുത്ത പി.എല്‍.സി യോഗത്തിലേ ചര്‍ച്ച ചെയ്യൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.