റോജിക്ക് കരള്‍ പകുത്തുനല്‍കി മുന്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ്
text_fieldsമുണ്ടക്കയം: റോജിക്ക് നവജീവന്‍ നല്‍കാന്‍ കരളിന്‍െറ പാതി നല്‍കി മുന്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മാതൃകയാവുന്നു. പാറത്തോട് പുത്തന്‍പുരക്കല്‍ റോജി ജോസഫിന്‍െറ (44) ജീവന്‍ രക്ഷിക്കാന്‍ കാഞ്ഞിരപ്പള്ളി ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കോരുത്തോട് കുറ്റിക്കാട്ടില്‍ കുഞ്ചാക്കോയാണ് കരളിന്‍െറ പാതി പകുത്തുനല്‍കുന്നത്. ശസ്ത്രക്രിയക്കായി എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി കാല്‍ നൂറ്റാണ്ടുകാലം ജോലിചെയ്ത റോജി കരള്‍ സംബന്ധമായ രോഗംമൂലം ആറുമാസക്കാലമായി ചികിത്സയിലാണ്.
നാട്ടുകാര്‍ ലക്ഷങ്ങള്‍ സമാഹരിച്ചെങ്കിലും കരള്‍ നല്‍കാനായി സ്വമനസ്സുകള്‍ക്കായി അലയുന്നതിനിടെയാണ് 54കാരനായ കുഞ്ചാക്കോ വിവരം അറിയുന്നത്. ബന്ധുക്കള്‍ പോലും മനസ്സുകാട്ടാന്‍ തയാറാകാത്ത കാലത്ത് കുഞ്ചാക്കോയുടെ വരവിനെ നാടൊന്നാകെ അഭിമാനത്തോടെ സ്വീകരിച്ചു. കഴിഞ്ഞ നാലുമാസക്കാലമായി നിയമപരമായ നടപടികളുമായി കുഞ്ചാക്കോയും കുടുംബവും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി. രോഗിയുടെ ബന്ധുവല്ലാത്തതിനാല്‍ വില്ളേജ് ഓഫിസര്‍, തഹസില്‍ദാര്‍, ഡി.എം.ഒ, ഡിവൈ.എസ്.പി തുടങ്ങിയവരുടെ മുന്നിലും മെഡിക്കല്‍ കോളജിലും ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലെയും അധികാരികള്‍ക്കുമുന്നില്‍ കുഞ്ചാക്കോയും ഭാര്യ ലിസമ്മ, മക്കളായ സുമി, പൊന്നി, എബിന്‍ എല്ലാവരും ചേര്‍ന്ന് സമ്മതപത്രം നല്‍കി.
പൊതുപ്രവര്‍ത്തന രംഗത്തു സജീവമായ കുഞ്ചാക്കോ കരള്‍ പകുത്തുനല്‍കുന്നത് ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ ഒരു മടിയുമില്ലാതെ അവതരിപ്പിച്ചപ്പോള്‍ ആദ്യം അവരൊന്ന് പതറി. രണ്ടാമത്തെ മകള്‍ പൊന്നിയൊഴികെ മറ്റെല്ലാവരും കുഞ്ചാക്കോക്ക് പരിപൂര്‍ണ പിന്തുണ നല്‍കി. പിന്നീട് ഡോക്ടര്‍മാരുമായി സംസാരിച്ച് കാര്യം ബോധ്യപ്പെട്ട പൊന്നിയും പപ്പായുടെ നല്ലമനസ്സിനെ അഭിനന്ദിച്ചു.
കരളിന്‍െറ 60 ശതമാനം വരുന്ന 800ഗ്രാമാണ് പകുത്തുനല്‍കുന്നത്. ശസ്ത്രക്രിയക്കായി ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുഞ്ചാക്കോ മൂന്നുമാസം കൊണ്ട് കൊഴുപ്പുകുറക്കാന്‍ 40 കിലോ തൂക്കമാണ് കുറച്ചത്. ഇനി ശേഷം അഞ്ചുമാസത്തേക്ക് വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളം അമൃത ആശുപത്രിയിലത്തെി കുഞ്ചാക്കോ അഡ്മിറ്റായി. ചൊവ്വാഴ്ച രാവിലെ ഏഴിന് കുഞ്ചാക്കോയുടെ ശസ്ത്രക്രിയയും രാവിലെ എട്ടിന് റോജിയുടെ ശരീരത്തിലേക്കു കുഞ്ചാക്കോയുടെ കരള്‍ പിടിപ്പിക്കല്‍ ശസ്ത്രക്രിയയും ഡോ. സുധീന്ദ്രന്‍െറ നേതൃത്വത്തില്‍ നടക്കും. കുഞ്ചാക്കോയുടെ നല്ലമനസ്സിന് സ്തുതിചൊല്ലി കോരുത്തോട് പ്രാര്‍ഥനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.