മകനെ തീവ്രവാദത്തിലേക്ക് നയിച്ചവരെ ശിക്ഷിക്കണം: ഷഹനാസിന്‍െറ പിതാവ്
text_fieldsപെരുമ്പാവൂര്‍: ‘മകന്‍ തെറ്റുകാരനാണെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടണം. പക്ഷേ, 22 വയസ്സു മാത്രമുള്ള അവനെ തെറ്റിനു പ്രേരിപ്പിച്ചവരെയും വെറുതെ വിടരുത്. അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാകണം’-സാക്ഷികളെ സ്വാധീനിക്കാന്‍ തടിയന്‍റവിട നസീറിനെ സഹായിച്ചെന്ന കുറ്റത്തിന് പിടിയിലായ ഷഹനാസിന്‍െറ പിതാവ് അബ്ബാസിന്‍െറ വാക്കുകളാണിത്.
മരക്കച്ചവട ബ്രോക്കറായ അബ്ബാസ് അതില്‍നിന്ന് ലഭിക്കുന്ന കമീഷന്‍ കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. പിതാവിനെ കച്ചവടത്തില്‍ സഹായിക്കാന്‍ രണ്ടുമാസം മുമ്പ് ഷഹനാസും ഒപ്പം കൂടിയിരുന്നു. ഇതിനിടെ, പലപ്പോഴും ഷഹനാസ് ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നത് കാണാറുണ്ടെങ്കിലും ആരാണ് വിളിക്കുന്നതെന്നോ എന്താണ് സംസാരിച്ചതെന്നോ അന്വേഷിക്കാറില്ലായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ശനിയാഴ്ച അത്യാവശ്യമായി കോലഞ്ചേരിക്ക് പോകണമെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയത്. ഷഹനാസിനെ പൊലീസ് പിടിച്ചതറിഞ്ഞ് മനോനില തെറ്റിയ ഭാര്യയെ ചികിത്സിക്കാന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ഇദ്ദേഹം.
എസ്.എസ്.എല്‍.സി വരെ ഷഹനാസ് വളയന്‍ചിറങ്ങര എന്‍.എന്‍.എസ് സ്കൂളിലാണ് പഠിച്ചത്. അവിടെ പഠിക്കുമ്പോള്‍ അധ്യാപകരുമായി പ്രശ്നമുണ്ടാക്കിയ ഷഹനാസിനുവേണ്ടി പുറത്തുനിന്ന് ചിലര്‍ ഇടപെട്ടിരുന്നു. അവിടത്തെ പഠനം അവസാനിപ്പിച്ചപ്പോള്‍ മതപഠനത്തിനു പോകണമെന്ന് നിര്‍ബന്ധം പിടിച്ചു. അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. അങ്ങനെ കരിമുകളിലുള്ള ഒരു സ്ഥാപനത്തില്‍ ചേര്‍ത്തു. തുടര്‍ന്ന്, ആലുവ കുന്നത്തേരിയിലെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നു. മകനെ ദുര്‍പാതയിലൂടെ നയിച്ചവര്‍ അവനെ മലപ്പുറത്തുനിന്ന് ഒന്നരവര്‍ഷം മുമ്പ് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ താന്‍ കൂട്ടാക്കിയില്ല. വിവാഹപ്രായം എത്തിനില്‍ക്കുന്ന മകള്‍ വിട്ടിലുള്ളപ്പോള്‍ മകന്‍ വിവാഹം കഴിച്ചത് തനിക്ക് ഉള്‍ക്കൊള്ളാനായില്ല. മകളുടെ പഠനസൗകര്യം നോക്കിയും തന്‍െറ കച്ചവട സൗകര്യാര്‍ഥവുമാണ് പെരുമ്പാവൂരിലെ അല്ലപ്രയില്‍നിന്ന് പുക്കാട്ടുപടിയില്‍ വാടകക്ക് വീടെടുത്തു മാറിയത്. ഈ ഒറ്റമുറി വീട്ടില്‍നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്തുകളും വിലങ്ങഴിക്കാനുള്ള താക്കോലും കണ്ടത്തെിയതായി പറയുന്നത്.
കഴിഞ്ഞദിവസം ആറ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. അവര്‍ ഷഹനാസിന്‍െറ പെട്ടിയില്‍നിന്ന് കുറെ കടലാസുകള്‍ എടുത്തു. വിലങ്ങഴിക്കാനുള്ള താക്കോല്‍ കണ്ടത്തെിയതായി മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട വിവരമേയുള്ളൂ. താക്കോല്‍ ഞങ്ങളെ കാണിച്ചിട്ടില്ല. മകനെ രക്ഷിക്കാനല്ല; അവനെ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെയും താന്‍ പോകുമെന്നും അബ്ബാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.