നെടുമ്പാശേരി സ്വർണക്കടത്ത്: മുഖ്യപ്രതി കല്ലുങ്കൽ അഷറഫ് അറസ്റ്റിൽ
text_fieldsനെടുമ്പാശേരി: നെടുമ്പാശേരി സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി കല്ലുങ്കൽ അഷറഫിനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ദുബൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
2013 മുതൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കസ്റ്റംസും സി.ബി.ഐയും ചേർന്ന് കേരളത്തിൽ എത്തിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ഫയാസിന്‍റെ കൂട്ടാളിയാണ് അഷറഫ്. ഇരുവരും ചേർന്ന് വിദേശത്തു നിന്നും നിരവധി തവണ സംസ്ഥാനത്തേക്ക് സ്വർണം കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.
സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഒളിവിൽ കഴിഞ്ഞ മറ്റൊരു പ്രതി മൂവാറ്റുപുഴ സ്വദേശി യാസിർ മുഹമ്മദിനെ കോയമ്പത്തൂർ വിമാനത്താവളത്തിൽവെച്ച് തിങ്കളാഴ്ച പിടികൂടിയിരുന്നു.
മൂവാറ്റുപുഴ സ്വദേശി നൗഷാദ് എന്നയാളാണ് ഈ കേസിലെ മറ്റൊരു പ്രതി. ഇയാളും നെടുമ്പാശ്ശേരിയിലെ എമിഗ്രേഷൻ എസ്.ഐയായിരുന്ന ജാബിൻ കെ. ബഷീറും മറ്റുചിലരും ചേർന്ന് പലപ്പോഴായി ദുബൈയിൽ നിന്ന് കൊണ്ടുവന്ന 400 കിലോയോളം സ്വർണം നെടുമ്പാശ്ശേരി വഴി കടത്തിയെന്നതാണ് കേസ്. കേസിൽ ഇതുവരെ നാൽപതോളം പേരാണ് അറസ്റ്റിലായത്.
ഇനി കൊഫെപോസ ചുമത്തപ്പെട്ട സൈഫുദ്ദീൻ, ഫൈസൽ എന്നിവർ കൂടി പിടിയിലാകാനുണ്ട്. 2013 മുതൽ 2015 ജൂൺ വരെയാണ് ഇവർ വൻതോതിൽ സ്വർണം കടത്തിയത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ് ലിങ് ഏജൻസിയിലെ ചില ജീവനക്കാരും ഇവരുടെ സഹായികളായി പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.