തൊഴിലാളികളുടെ ശമ്പള വർധനവിന്‍റെ പേരിൽ തേയില വിലയിൽ വർധന
text_fieldsപീരുമേട്: ശമ്പള വർധന ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികൾ നടത്തിയ സമരം വിജയം കണ്ടതിനെ തുടർന്ന് തോട്ടം ഉടമകൾ തേയില വില വർധിപ്പിച്ചു. ഒരു കിലോക്ക് 20 മുതൽ 25 രൂപ വരെയാണ് ഉയർത്തിയത്. തൊഴിലാളികൾക്ക് ശമ്പളം കൂട്ടി നൽകുന്നതിന് വേണ്ടിയാണ് തേയില വില ഉയർത്തിയതെന്ന് മാനേജ്മെൻറ് പറയുന്നു.
സി.ടി.സി, ആർ.ഡി, എസ്.എഫ്.ഡി, ഓർത്തഡോക്സ് വിഭാഗത്തിലുള്ള തേയില പൊടികൾക്കെല്ലാം വില ഉയർന്നു. സാധാരണ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത് സി.ടി.സിയാണ്. വൻകിട തേയില കമ്പനികൾ തേയില വില ഉയർത്തിയതിനെ തുടർന്ന് ബി.എൽ.എഫ് ഫാക്ടറികളും (കൊളുന്ത് പുറത്തുനിന്ന് വാങ്ങി പ്രവർത്തിക്കുന്ന) വില ഉയർത്തി. എന്നാൽ, ഇവർ കർഷകരിൽനിന്ന് വാങ്ങുന്ന കൊളുന്തിെൻറ വില ഉയർത്തിയിട്ടില്ല. കിലോക്ക് ഏഴു രൂപ നിരക്കിലാണ് വാങ്ങുന്നത്. കൊളുന്ത് വില വർധിപ്പിക്കാതെ തേയിലയുടെ വില വർധിപ്പിച്ചതോടെ വൻ ലാഭമാണ് ചെറുകിട ഫാക്ടറി ഉടമകൾക്ക് ലഭിക്കുന്നത്.
ചെറുകിട ഫാക്ടറികൾക്ക് നേരിട്ട് വിൽപനക്ക് വിൽപനശാലകൾ ഉള്ളതിനാൽ ഒരു കിലോക്ക് 60ൽപരം രൂപ ലാഭം ലഭിക്കുന്നുണ്ട്. ചില ഫാക്ടറികളുടെ വിൽപനശാലകളിൽ കിലോക്ക് 100 രൂപക്കും തേയില വിൽക്കുന്നു. വൻകിട കമ്പനികൾ കൊച്ചിയിൽ ലേലത്തിന് നൽകുമ്പോൾ കിലോക്ക് 95 രൂപ ലഭിക്കുന്ന തേയിലയാണ് കമ്പനി ഔട്ട്ലെറ്റുകൾ വഴി 180 രൂപക്ക് വിൽക്കുന്നത്. മഴ കുറഞ്ഞ കാലാവസ്ഥ ആയതിനാൽ ഈ വർഷം കൊളുന്തിെൻറ വൻ ഉൽപാദനമാണ് ഉണ്ടായത്. ചെറുകിട കർഷകർക്കും വൻതോതിൽ കൊളുന്ത് ലഭിക്കുന്നതിനാൽ ആവശ്യത്തിലധികം കൊളുന്ത് ചെറുകിട ഫാക്ടറികളിൽ എത്തുന്നു. കൊളുന്തിന് മറ്റ് വിപണികൾ ഇല്ലാത്തതിനാൽ ചെറുകിട ഫാക്ടറികളാണ് വില നിശ്ചയിക്കുന്നത്. ഫാക്ടറി ഉടമകൾ പറയുന്ന വിലക്ക് കൊളുന്ത് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. കർഷകർക്ക് നാമമാത്രമായ വില ലഭിക്കുമ്പോൾ ഉയർന്ന വിലക്ക് തേയില വിറ്റ് ഉടമകൾ ലാഭം കൊയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.