Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാറൂഖ് കോളജിനെ...

ഫാറൂഖ് കോളജിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയം -എം.എ ബേബി

text_fields
bookmark_border
ഫാറൂഖ് കോളജിനെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയം -എം.എ ബേബി
cancel

കോഴിക്കോട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഇരുന്ന സംഭവത്തില്‍ ഫാറൂഖ് കോളജിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തെ അപലപിക്കുന്നതായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം പി.ബി അംഗവുമായ എം.എ ബേബി. ഫാറൂഖ് കോളജ് മാനേജ്മെന്‍റിനോട് ഒരു അഭ്യര്‍ത്ഥന എന്ന തലക്കെട്ടോടെ എം. എ ബേബി ഫേസ്ബുക്കിലിട്ട കുറിപ്പാണ് ചര്‍ച്ചയാവുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതിനെതിരെ എസ്.എഫ്.ഐ സമരം നടത്തിയിരുന്നു.

‘ കേരളത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ളാസില്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നത് സാധാരണ സംഭവമല്ല. കോട്ടയത്ത് ശ്രീമതി മേരി റോയ് നടത്തുന്ന ‘പള്ളിക്കൂടം’ എന്ന വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ എങ്കിലും അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നു. കേരളത്തിലെ വളരെ ലിബറലായ ഒരു വിദ്യാലയമായി പേരെടുത്ത സ്ഥാപനമാണിത്. ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ ബാക്കിയുള്ളിടത്തു നിന്ന് പ്രതീക്ഷിക്കേണ്ടതെന്താണ്’ - എം.എ ബേബി ഫേസ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു.

കോളജിലെ മലയാളം ക്ളാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കോളജിന്‍െറ യശസ്സുയര്‍ത്തുന്ന ഒന്നായിരുന്നില്ല. ഇക്കാര്യത്തെ വലിയൊരു വിവാദമാക്കി ഫാറൂഖ് കോളേജിനെ അപമാനിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളില്‍ നിന്ന് പ്രത്യേകിച്ചും ശ്രമമുണ്ടായി. അത് ചെറുക്കപ്പെടേണ്ടതാണ്.പിന്തിരിപ്പന്മാരായ ഹിന്ദുത്വ വര്‍ഗീയവാദികളുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയാകെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് പുത്തന്‍ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. ആ ചൂട്ടിന് ഫറൂഖ് കോളജ് മാനേജ്മെന്‍റ് പോലുള്ള സ്ഥാപനങ്ങള്‍ കാറ്റൂതരുതെന്നും ഫേസ്ബുക് പോസ്റ്റില്‍ എം.എ ബേബി ആവശ്യപ്പെടുന്നു.

ഫേസ്ബുക് പോസ്റ്റിന്‍െറ പൂര്‍ണ രൂപം

ആദരണീയരേ,

ഫറൂഖ് കോളേജില്‍ ഈയടുത്തുണ്ടായ ചില സംഭവവികാസങ്ങള്‍ കേരളത്തിലാകെ വിവാദമായിരിക്കുകയാണല്ളോ. കോളേജ് മാനേജ്മെന്‍റ് ഇക്കാര്യത്തില്‍ സമചിത്തതയോടെയും മിതത്വത്തോടെയുമുള്ള ഒരു സമീപനം സ്വീകരിക്കണം എന്ന് കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

കോളേജിലെ മലയാളം ക്ളാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരുന്നത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കം കോളേജിന്‍റെ യശസ്സുയര്‍ത്തുന്ന ഒന്നായിരുന്നില്ല. ഇതിന്‍െറ പേരില്‍ എട്ടു വിദ്യാര്‍ത്ഥികളെ ക്ളാസിന് പുറത്തു നിറുത്തി, രക്ഷകര്‍ത്താക്കളെ വിളിച്ചുകൊണ്ടു വരാനാവശ്യപ്പെട്ടു. പ്രയപൂര്‍ത്തിയായ ഈ യുവാക്കളോട് രക്ഷിതാക്കളെ കൊണ്ടു വന്നിട്ട് ക്ളാസില്‍ കയറിയാല്‍ മതി എന്ന് പറയുന്നത് ആധുനിക വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കേണ്ടുന്ന സ്ഥാനത്തിന് ചേര്‍ന്ന നടപടി ആയില്ല. അത് കഴിഞ്ഞ്, രക്ഷകര്‍ത്താക്കളെ കൂട്ടിക്കോണ്ടുവരാന്‍ വിസമ്മതിച്ച ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തതും ഉചിതമായില്ല. നവംബര്‍ 13ന് കേരള ഹൈക്കൊടതി ഈ വിദ്യാര്‍ത്ഥിക്കെതിരായ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇനി നിയമനടപടികള്‍ക്ക് പോകാതെ കോടതിയുടെ ഈ നിര്‍ദേശത്തിന്‍റെ അന്തസത്ത ഉള്‍ക്കൊണ്ട് ഈ വിദ്യാര്‍ത്ഥിക്ക് തുടര്‍ പഠനത്തിനുള്ള സമാധാനപരമായ അവസരം ഉണ്ടാക്കി ഈ വിവാദം അവസാനിപ്പിക്കാന്‍ മാനേജ്മെന്‍റ് തയ്യറാകണമെന്നഭ്യര്‍ത്ഥിക്കാനാണ് പ്രധാനമായും ഞാന്‍ ഈ കത്തെഴുതുന്നത്.

ഇക്കാര്യത്തെ വലിയൊരു വിവാദമാക്കി ഫറൂഖ് കോളേജിനെ അപമാനിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികളില്‍ നിന്ന് പ്രത്യേകിച്ചും ശ്രമമുണ്ടായി. അത് ചെറുക്കപ്പെടേണ്ടതാണ്. കേരളത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ളാസില്‍ ഒരു ബഞ്ചില്‍ ഇരിക്കുന്നത് ഒരു സാധാരണ സംഭവമല്ല. ഒട്ടു മിക്ക വിദ്യാലയങ്ങളിലും നടപ്പുള്ള രീതിയുമല്ല. കോട്ടയത്ത് ശ്രീമതി മേരി റോയ് നടത്തുന്ന പള്ളിക്കൂടം എന്ന വിദ്യാലയത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു മീറ്റര്‍ എങ്കിലും അകലം പാലിച്ചു നിന്നേ സംസാരിക്കാവൂ എന്ന ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നു. കേരളത്തിലെ വളരെ ലിബറലായ ഒരു വിദ്യാലയമായി പേരെടുത്ത സ്ഥാപനമാണിത്. ഇവിടെ ഇതാണ് സ്ഥിതിയെങ്കില്‍ ബാക്കിയുള്ളിടത്തു നിന്ന് പ്രതീക്ഷിക്കേണ്ടതെന്താണ്? ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച വൈസ് ചാന്‍സലറുടെ ഭരണമുള്ള കണ്ണൂരെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ആരോഗ്യകരമായ സ്ത്രീപുരുഷ ബന്ധത്തെ വകവയ്ക്കാത്തവരുടെ ഇടപെടലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയിടെയായി കൂടുതല്‍ വരുന്നുണ്ട്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടിരിക്കാമോ ഇല്ലയോ എന്ന പഴഞ്ചന്‍ ചര്‍ച്ചയില്‍ പെട്ടു കിടക്കേണ്ടി വരുന്നത് കേരളത്തിന്‍റെയും ഇന്ത്യയുടെയും പ്രശ്നമാണ് ഫറൂഖ് കോളേജിന് മാത്രമായുള്ള ഒരു പ്രശ്നമല്ല. ഇക്കാര്യത്തില്‍ ഫറൂഖ് കോളേജിനെ ഒറ്റപ്പെടുത്തി മാനംകെടുത്താന്‍ നടത്തിയ ശ്രമത്തെ ഞാന്‍ അപലപിക്കുന്നു. പക്ഷേ, പിന്തിരിപ്പന്മാരായ ഹിന്ദുത്വ വര്‍ഗീയവാദികളുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയാകെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ക്ക് പുത്തന്‍ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. ആ ചൂട്ടിന് ഫറൂഖ് കോളേജ് മാനേജ്മെന്‍റ് പോലുള്ള സ്ഥാപനങ്ങള്‍ കാറ്റൂതരുത്.

മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ബ്രിട്ടീഷ് മലബാര്‍, സാമ്പത്തിക-വിദ്യാഭ്യാസ കാര്യങ്ങളില്‍ കടുത്ത അവഗണന നേരിടുന്ന പ്രദേശമായിരുന്നു. ഈ അവഗണന നേരിടുന്നതിനുള്ള ആദ്യകാല ശ്രമങ്ങളിലൊന്നായിരുന്നു ഫറൂഖ് കോളേജ്. വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യവളര്‍ച്ച എന്ന പ്രഖ്യാപിത ഉദ്ദേശത്തോടുകൂടിയാണ് 1948ല്‍ കോഴിക്കൊട്ട് ഈ വിദ്യാലയം ആരംഭിച്ചത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് പ്രത്യേകിച്ചും മലബാറിന് ഫറൂഖ് കോളേജ് വലിയ സംഭാവന ചെയ്തിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷ സ്ഥാപനമായിരിക്കെ തന്നെ, എല്ലാ മത-ജാതി വിഭാഗങ്ങളിലുള്ളവര്‍ക്കും തുല്യതയോടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കുക എന്നതാണ് ഫറൂക്ക് കോളേജിന്‍െറ പാരമ്പര്യം എന്നത് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കേണ്ട കാര്യമില്ലല്ളോ. 1957ലും 1967ലും അധികാരത്തിലത്തെിയ ഇഎംഎസ് സര്‍ക്കാരുകളാണ് സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്ക പ്രദേശമായിരുന്ന മലബാറിന്‍െറ ആകെ വിദ്യാഭ്യാഭ്യാസ പുരോഗതിക്കായി ഫലപ്രദമായ നടപടികളെടുത്തത്. കേരളത്തിലെ മുസ്ലിം സമുദായത്തിന്‍റെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയില്‍ മാറ്റമുണ്ടാകുന്നത് ഇതോടെയാണ്.

പക്ഷേ, ഫറൂഖ് കോളേജ് ഒരു മതപഠനസ്ഥാപനമല്ല. പൊതുവിദ്യാലയമാണ്. അതിനെ ഒരു ആധുനിക പൊതുവിദ്യാലയമായി നടത്തുന്നതാണ് കേരളത്തിലെ മുസ്ലിം സമുദായത്തിനും ക്ഷേമകരമാവുക. മദ്രസ വേറെ നടത്താമല്ളോ. ഒരു ആധുനിക പുരോഗമന സമൂഹമായി മാറാന്‍ വ്യഗ്രതപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ മുസ്ലിം സമൂഹത്തിന് വക്കം മൗലവിയും മുഹമ്മദ് അബ്ദുറഹ്മാനും വൈക്കം മുഹമ്മദ് ബഷീറും ഇകെ ഇബ്ബിച്ചി ബാവയും ഇടതു പുരോഗമന പ്രസ്ഥാനങ്ങളും കാണിച്ചു തന്ന വഴിയാണുള്ളത്. മതപരമായ ഉള്‍വലിയലിന്‍െറ വഴി ഗുണമല്ല ചെയ്യുക.

ഇക്കാര്യത്തിലെ കേരള ഹൈക്കൊടതി വിധിയുടെ അന്തസത്ത ഉള്‍ക്കോണ്ടു കൊണ്ട് ദിനു എന്ന, ദളിത് വിഭാഗത്തില്‍ നിന്ന് ഐഐടിയിലെ വിദ്യാഭ്യാസം ഉപേക്ഷിച്ചു ഫാറൂഖ് കോളേജില്‍ ചേര്‍ന്ന, മിടുക്കനായ വിദ്യാര്‍ത്ഥിക്കെതിരായ നടപടികളും ഈ വിവാദവും അവസാനിപ്പിക്കണമെന്ന് ഞാന്‍ ഒരിക്കല്‍ കൂടെ അഭ്യര്‍ത്ഥിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farooq collegema baby
Next Story