കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച: സര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശം
text_fieldsകൊച്ചി: കേസ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടരുന്നതില്‍ സര്‍ക്കാറിന് ഹൈകോടതിയുടെ വിമര്‍ശം. സര്‍ക്കാറിനെ കേള്‍ക്കാതെ കീഴ്കോടതി വിധി പ്രഖ്യാപിക്കാനിടയായതിലെ വീഴ്ചക്കുപുറമെ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ പോലും ഒന്നര വര്‍ഷത്തിലേറെ വൈകിയത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍െറ വിമര്‍ശം.
കേരള കൗമുദിക്കെതിരായ കേസില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിനെ അതൃപ്തി അറിയിച്ചത്. ലോവര്‍ പെരിയാര്‍ ടണലുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യ ഹരജി നല്‍കി. വാര്‍ത്ത നല്‍കിയ മറ്റു പത്രങ്ങളെ ഒഴിവാക്കി കേരള കൗമുദിക്കെതിരെ മാത്രം കേസ് നല്‍കുകയും മോശമായ പ്രചാരണം നടത്തുകയും ചെയ്തതിനെതിരെ എഡിറ്റര്‍ തിരുവനന്തപുരം സബ് കോടതിയില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തു. കേസില്‍ സര്‍ക്കാറിനോട് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കീഴ്കോടതി ഉത്തരവിട്ടു. ഹാജരാകാന്‍ നിര്‍ദേശിച്ച ദിവസം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് എക്സ്പാര്‍ട്ടിയായാണ് ഹരജിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. ഉത്തരവുണ്ടായി 550 ദിവസത്തിനശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയതത്. കീഴ്കോടതി ഉത്തരവ് സര്‍ക്കാര്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്ന ്കോടതി വിമര്‍ശിച്ചു. എക്സ്പാര്‍ട്ടി ഉത്തരവുണ്ടായത് സര്‍ക്കാറിന്‍െറ വീഴ്ചമൂലമാണ്. പിന്നീട് അപ്പീല്‍ നല്‍കാനും 550 ദിവസം വേണ്ടിവന്നു. കോടതി ഉത്തരവ് പ്രകാരം പണം നല്‍കാന്‍ തീരുമാനിച്ചിരുന്നതായി സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച ഫയല്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയെങ്കിലും ഫയലുകള്‍ നശിച്ചുപോയെന്നായിരുന്നു മറുപടി. അപ്പീല്‍ പരിഗണനയിലിരിക്കേ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ഫയല്‍ നശിച്ചുപോയത് അന്വേഷണം നടത്തണമെന്ന് കോടതി അഭിപ്രായപ്പെട്ടതോടെ ഉത്തരവിന്‍െറ പകര്‍പ്പുണ്ടെന്നും ഇത് ഹാജരാക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഈ കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്തരീതിയില്‍ അതൃപ്തിയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. വീഴ്ച പ്രകടമാണെങ്കിലും എന്നാല്‍, സര്‍ക്കാറിനെ കേള്‍ക്കാതെ കീഴ്കോടതി ഉത്തരവുണ്ടയതിനാല്‍ വിശദീകരണം നല്‍കാനായില്ളെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുക്കുന്നതായി ഹൈകോടതി ചൂണ്ടിക്കാട്ടി.
പൊതുപണം വിനിയോഗിക്കുന്ന കേസായതിനാല്‍ വിശദമായി പരിശോധിച്ച് തീര്‍പ്പാക്കേണ്ട കേസാണിത്. അതിനാല്‍ ഇരു പക്ഷത്തിന്‍െറയും വാദം കേട്ട് എത്രയും വേഗം കേസ് തീര്‍പ്പാക്കാന്‍ കീഴ്കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. അപ്പീല്‍ നിലവിരിക്കേ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടമായതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.