വയനാട്ടിൽ 178 ഇനം ചിത്രശലഭങ്ങൾ; അപൂർവയിനം പട്ടനീലാംബരിയും
text_fieldsമാനന്തവാടി: ജില്ലയിൽ 178 ഇനം ചിത്രശലഭങ്ങൾ. അപൂർവയിനം പട്ട നീലാംബരിയും (റോയൽ ബാൻഡഡ്) വയനാട്ടിലുണ്ട്. സംസ്ഥാന ജൈവവൈവിധ്യ ബോർഡും വനം വന്യജീവി വകുപ്പും ചേർന്ന് നടത്തിയ സർവേയിലാണ് ശലഭങ്ങളെ കണ്ടെത്തിയത്. നവംബർ 13 മുതൽ 15വരെ വടക്കേ വയനാട് വനം ഡിവിഷനിലെ പേര്യ, മാനന്തവാടി, ബേഗൂർ റെയ്ഞ്ചുകളിലും തെക്കേ വയനാട് ചെതലയം റെയ്ഞ്ചിലും വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയ്ഞ്ചിലുമായി 15 സ്ഥലങ്ങളിലാണ് സർവേ നടത്തിയത്.
മോശം കാലാവസ്ഥയിലും അഞ്ചു കുടുംബങ്ങളിലായാണ് ഇത്രയും ശലഭങ്ങളെ കണ്ടെത്തിയത്. കിളിവാലൻ ശ്വേത പീത ശലഭങ്ങൾ, രോമപാദ ശലഭങ്ങൾ, നീലി ശലഭങ്ങൾ, തുള്ളൻ ശലഭങ്ങൾ തുടങ്ങിയവയെയും കണ്ടെത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന ഒമ്പതിനം ശലഭങ്ങളെയും കണ്ടെത്തി. വന്യജീവി സംരക്ഷണപട്ടികയിലെ ഒന്നാം വിഭാഗത്തിൽപെടുന്ന വൻചൊട്ട, ചക്കര, പുള്ളിവാലൻ എന്നീ ഇനങ്ങളുമുണ്ട്. നീലി ശലഭത്തിൽപ്പെടുന്ന പട്ടനീലാംബരിയെ കണ്ടെത്താനായി എന്നതാണ് ഇത്തവണത്തെ കണക്കെടുപ്പിലെ പുതുമ. കാലാവസ്ഥ വ്യതിയാനവും കീടനാശിനി പ്രയോഗവും ആവാസവ്യവസ്ഥയുടെ നാശവും ശലഭങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നതായി സർവേ സംഘം ചൂണ്ടിക്കാട്ടി.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ മുഹമ്മദ് ജാഫർ പാലോട്ട്, ബാലകൃഷ്ണൻ വളപ്പിൽ, വി.സി. ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ കൊയിലാണ്ടി എന്നിവരും ജില്ലയിലെ വിവിധ സ്കൂളുകളിലെ ബയോ ഡൈവേഴ്സിറ്റി ക്ലബുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളും ചേർന്നാണ് ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് നടത്തിയത്. വടക്കേ വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ നരേന്ദ്രനാഥ് വേളൂരി ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്ട്രി വയനാട് ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ കെ.വി. ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി.
തോൽപെട്ടി വൈൽഡ് ലൈഫ് വാർഡൻ എ.കെ. ഗോപാലൻ, ബേഗൂർ റെയ്ഞ്ച് ഓഫിസർമാരായ നജ്മൽ അമീൻ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോഓഡിനേറ്റർ അജയൻ, പ്രോജക്ട് ഫെലോ എ.ടി. സുധീഷ്, കെ.എൻ. രജീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.