മേയർ, മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോർപറേഷൻ, മുനിസിപ്പാലിറ്റി സാരഥികളെ ബുധനാഴ്ച അറിയാം. ആറ് കോർപറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർമാരുടെയും 86 മുനിസിപ്പാലിറ്റികളിലെ ചെയർമാൻ, വൈസ് ചെയർമാന്മാരുടെയും തെരഞ്ഞെടുപ്പാണ് നടക്കുക. മുനിസിപ്പൽ ചെയർമാന്മാരുടെയും മേയർമാരുടെയും തെരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് ചെയർമാന്മാരുടേതും ഡെപ്യൂട്ടി മേയർമാരുടേതും ഉച്ചക്ക് രണ്ടിനുമാണ്. ഗ്രാമ–ബ്ലോക്–ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ചയാണ്.
86 മുനിസിപ്പാലിറ്റികളിൽ 26ൽ യു.ഡി.എഫും 25ൽ എൽ.ഡി.എഫും ഭൂരിപക്ഷം നേടി. അവശേഷിക്കുന്ന 35ൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ആറ് കോർപറേഷനിൽ കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവയിലേ വ്യക്തമായ ഭൂരിപക്ഷമുള്ളൂ. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ എന്നിവയിൽ ആർക്കും ഭൂരിപക്ഷമില്ല. ഭൂരിപക്ഷമില്ലാത്ത നഗരസഭകളിലെ ഭരണം പിടിക്കാൻ തന്ത്രങ്ങൾ പയറ്റുകയാണ് പ്രധാന പാർട്ടികൾ. തിരുവനന്തപുരം, തൃശൂർ നഗരസഭകളിൽ ഭരണത്തിലേറാൻ ഇടതുമുന്നണി ശ്രമിക്കുന്നു. കണ്ണൂരിൽ കോൺഗ്രസ് വിമതെൻറ നിലപാടാണ് നിർണായകം.
ഭാരവാഹി തെരഞ്ഞെടുപ്പ് ഓപൺ ബാലറ്റ് മുഖേനയാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ട് ചെയ്യുന്ന അംഗം ബാലറ്റ് പേപ്പറിെൻറ പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്തണം. മത്സരത്തിൽ ഒരാളേ അവശേഷിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ വിജയിയായി പ്രഖ്യാപിക്കും. ആകെ അംഗങ്ങളുടെ പകുതിയാണ് ക്വോറം. ക്വോറം തികഞ്ഞില്ലെങ്കിൽ യോഗം അടുത്ത പ്രവൃത്തിദിവസത്തേക്ക് മാറ്റും. മാറ്റിവെച്ച ദിവസം ക്വോറം നോക്കാതെ തെരഞ്ഞെടുപ്പ് നടത്തും.
സ്ഥാനാർഥിയെ ഒരാൾ നാമനിർദേശം ചെയ്യുകയും മറ്റൊരാൾ പിന്താങ്ങുകയും വേണം. സ്ത്രീകൾക്കും പട്ടികജാതി–വർഗ വിഭാഗങ്ങൾക്കും ആ വിഭാഗത്തിലെ സ്ത്രീകൾക്കും സംവരണം ചെയ്ത സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തെ മറ്റൊരു അംഗം സ്ഥാനാർഥിയായി നാമനിർദേശം ചെയ്യുകയോ പിന്തുണക്കുകയോ ചെയ്യേണ്ടതില്ല. രണ്ട് സ്ഥാനാർഥികൾ മാത്രം മത്സരിക്കുമ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആളെ വിജയിയായി പ്രഖ്യാപിക്കും. തുല്യവോട്ടാണ് രണ്ട് സ്ഥാനാർഥിക്കുമെങ്കിൽ നറുക്കെടുക്കും. രണ്ടിലധികം സ്ഥാനാർഥികൾ വന്നാൽ ഒരാൾക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കുംകൂടി കിട്ടിയ വോട്ടിനെക്കാൾ കൂടുതൽ ലഭിക്കുന്ന പക്ഷം വിജയിയാകും. ആദ്യ വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കുംകൂടി കിട്ടിയ മൊത്തം വോട്ടിനെക്കാൾ കുറവാണെങ്കിൽ കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കും. ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കും ലഭിക്കുന്ന മൊത്തം വോട്ടിനെക്കാൾ അധികം വോട്ട് ലഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും. മൂന്നോ അതിലധികമോ സ്ഥാനാർഥികൾ മത്സരിക്കുകയും അതിൽ രണ്ടോ അതിലധികമോ സ്ഥാനാർഥികൾക്ക് തുല്യവോട്ട് ലഭിക്കുകയും ചെയ്യുന്നപക്ഷം നറുക്കെടുപ്പ് നടത്തി പേര് ഒഴിവാക്കും.
മൂന്നോ അതിലധികമോ സ്ഥാനാർഥികൾക്ക് തുല്യവോട്ട് ലഭിക്കുന്ന പക്ഷം ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് വേണ്ടിവരുമ്പോൾ ഓരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലെ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണം. ഫലപ്രഖ്യാപനം കഴിഞ്ഞാൽ മേയർ, ചെയർമാൻ, പ്രസിഡൻറ് എന്നിവർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ മേയർ മുമ്പാകെയും വൈസ് ചെയർമാൻ ചെയർമാൻ മുമ്പാകെയും വൈസ് പ്രസിഡൻറ് പ്രസിഡൻറ് മുമ്പാകെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.