സ്ത്രീകൾക്കും കുട്ടികൾക്കും വാർഡുതലത്തിൽ നിയമസുരക്ഷ; ‘ജാഗ്രത’യില്ലെങ്കിൽ അംഗത്വം പോവും
text_fieldsകോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും അവകാശലംഘനങ്ങളും തടയൽ പുതിയ പഞ്ചായത്ത് ഭരണസമിതികളുടെ നിയമപരമായ ചുമതലയാക്കി. പഞ്ചായത്തീരാജ് നിയമത്തിൽ ഭേദഗതിവരുത്തി സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ പഞ്ചായത്ത്, വാർഡുതല ‘ജാഗ്രതാസമിതി’കളുടെ രൂപവത്കരണവും യോഗംചേരലും സംബന്ധിച്ച നിർദേശങ്ങൾ ഭരണസമിതികൾ നടപ്പാക്കണം. ഇതുവരെ സർക്കാർ ഉത്തരവിൽ ഒതുങ്ങിയ സമിതികൾക്ക് നിയമപ്രാബല്യം വന്നതോടെ ജാഗ്രതപുലർത്തിയില്ലെങ്കിൽ പഞ്ചായത്തംഗങ്ങൾ അയോഗ്യരാവും.
നിയമസഭ ചേരാത്ത സാഹചര്യത്തിലാണ് വിജ്ഞാപനമിറക്കിയത്. ആറു മാസത്തിനകം നിയമസഭ അംഗീകരിക്കുന്നതോടെ ചട്ടവും നിലവിൽവരും. പഞ്ചായത്തീരാജ് നിയമം 35ാം വകുപ്പിൽ വരുത്തിയ ഭേദഗതിയനുസരിച്ച് ജാഗ്രതാസമിതി യോഗങ്ങൾ പ്രതിമാസം ചേരണം. ഇതിൽ തുടർച്ചയായി മൂന്നു മാസം വീഴ്ചവരുത്തിയാൽ വാർഡ് മെംബർക്ക് അംഗത്വം നഷ്ടമാവും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും അവകാശലംഘനങ്ങളും തടയുന്നതിനും അവരുടെ അന്തസ്സും പദവിയും ഉയർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഓരോ പഞ്ചായത്തുതലത്തിലും വാർഡ്തലത്തിലും ജാഗ്രതാസമിതികൾ പ്രവർത്തിക്കണം.
പ്രസിഡൻറാണ് പഞ്ചായത്തുതലസമിതി അധ്യക്ഷൻ. യോഗം വിളിച്ചുചേർക്കലും അധ്യക്ഷത വഹിക്കലും ഇദ്ദേഹത്തിെൻറ ചുമതലയാണ്. വാർഡംഗം വാർഡുതല സമിതി കൺവീനറാകും. ഇദ്ദേഹമാണ് യോഗം വിളിച്ചുചേർക്കേണ്ടതും അധ്യക്ഷത വഹിക്കേണ്ടതും. ഇരുതലസമിതികളുടെയും യോഗങ്ങൾ എല്ലാമാസവും കുറഞ്ഞത് ഒരുതവണയെങ്കിലും വിളിച്ചുകൂട്ടണം. രണ്ടു യോഗങ്ങൾ തമ്മിലുള്ള ഇടവേള 30 ദിവസത്തിൽ അധികരിക്കാൻ പാടില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.