ഏഴ് വീതം ജില്ലാ പഞ്ചായത്തുകൾ എൽ.ഡി.എഫിനും യു.ഡി.എഫിനും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിൽ ഏഴുവീതം എൽ.ഡി.എഫും യു.ഡി.എഫും സ്വന്തമാക്കി. കാസർകോട്, വയനാട്,മലപ്പുറം,എറണാകുളം,ഇടുക്കി,കോട്ടയം,പത്തനംതിട്ട ജില്ല പഞ്ചായത്തുകളിലാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. കണ്ണൂർ,കോഴിക്കോട്,പാലക്കാട്, തൃശൂർ,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ് സാരഥികൾ.
നാടകീയത അവസാനിപ്പിച്ച് ബി.ജെ.പി വിട്ടുനിന്നു കാസര്‍കോട് ജില്ലാ പഞ്ചായത്ത് യു.ഡി.എഫിന്
രവീന്ദ്രന്‍ രാവണേശ്വരം
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നാടകീയതകള്‍ അവസാനിപ്പിച്ച് ബി.ജെ.പി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍ യു.ഡി.എഫിന് ജയം. മുസ്ലിംലീഗിന്‍െറ എ.ജി.സി. ബഷീര്‍ സി.പി.എമ്മിന്‍െറ ഡോ. വി.പി.പി. മുസ്തഫയെ ഏഴിനെതിരെ എട്ടുവോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി. മുസ്ലിംലീഗ് പ്രസിഡന്‍റാകാതിരിക്കാന്‍ ഇടതുമുന്നണിക്ക് വോട്ടുചെയ്യുമെന്ന നിലപാടിലായിരുന്നു വ്യാഴാഴ്ച രാവിലെ വരെ ബി.ജെ.പി. ചടങ്ങ് ആരംഭിക്കാനിരിക്കെയാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റുകൂടിയായ അംഗം കെ. ശ്രീകാന്ത് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നിരുപാധിക പിന്തുണ അറിയിച്ചിട്ടും ജയിച്ചാല്‍ രാജിവെക്കുമെന്ന് പറയുന്നത് ജനാധിപത്യത്തെ അവഹേളിക്കലായതിനാലാണ് എല്‍.ഡി.എഫിന് വോട്ട് ചെയ്യാനുള്ള തീരുമാനം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ രണ്ട് വോട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചാല്‍ വിജയം ഇടതുപക്ഷത്തിനാകും. ഈ സാഹചര്യമുണ്ടായാല്‍ രാജിവെക്കാനുള്ള തീരുമാനം ഇടതുമുന്നണിയും എടുത്തു. ഇതോടെ പ്രതിരോധത്തിലായ ബി.ജെ.പിക്ക് ഭാവിയിലേക്ക് അടവുകള്‍ നഷ്ടപ്പെട്ടപ്പോള്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് അവസരം ഒരുക്കുകയായിരുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്തമ്മ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.പി.എമ്മിലെ ഇ. പത്മാവതിയെയാണ് പരാജയപ്പെടുത്തിയത്. എ.ജി.സി. ബഷീര്‍ ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനില്‍നിന്നും ശാന്തമ്മ ഫിലിപ്പ് ചിറ്റാരിക്കാല്‍ ഡിവിഷനില്‍നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ ആറു ബ്ളോക്കുകളില്‍ നാലിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും ഭരിക്കും. ബ്ളോക് പഞ്ചായത്തുകളില്‍ പരപ്പയില്‍ സി.പി.എമ്മിലെ പി. രാജനെ പ്രസിഡന്‍റായും സി.പി.ഐയിലെ പി.വി. തങ്കമണിയെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് ബ്ളോക്കില്‍ സി.പി.എമ്മിലെ വി. ഗൗരി പ്രസിഡന്‍റും സി.പി.ഐയിലെ കരുണാകരന്‍ കുന്നത്ത് വൈസ് പ്രസിഡന്‍റുമായി. നീലേശ്വരത്ത് സി.പി.എമ്മിലെ വി.പി. ജാനകി പ്രസിഡന്‍റായി. കെ. നാരായണനാണ്(സി.പി.എം)വൈസ് പ്രസിഡന്‍റ്. കാസര്‍കോട് ബ്ളോക്കില്‍ മുസ്ലിം ലീഗിലെ മുഹമ്മദുകുഞ്ഞി ചായിന്‍റടി പ്രസിഡന്‍റും ഹലീമ ശിനൂണ്‍ വൈസ് പ്രസിഡന്‍റുമായി. മഞ്ചേശ്വരത്ത് യു.ഡി.എഫില്‍ മുസ്ലിം ലീഗിലെ എ.കെ.എം. അഷ്റഫ് പ്രസിഡന്‍റും മമതാ ദിവാകര്‍ വൈസ് പ്രസിഡന്‍റും. കാറഡുക്ക ബ്ളോക്കില്‍ സി.പി.എമ്മിലെ ഓമന രാമചന്ദ്രന്‍ പ്രസിഡന്‍റും സി.പി.എമ്മിലെ സി.കെ. കുമാരന്‍ വൈസ് പ്രസിഡന്‍റുമായി.
38 ഗ്രാമ പഞ്ചായത്തുകളില്‍ യു.ഡി.എഫ് 17 പഞ്ചായത്തുകളിലും എല്‍.ഡി.എഫ് 15 പഞ്ചായത്തുകളിലും ബി.ജെ.പി നാല് പഞ്ചായത്തുകളിലും പ്രസിഡന്‍റായി. ഈസ്റ്റ് എളേരിയില്‍ കോണ്‍ഗ്രസ് വിമതരുടെ വികസന മുന്നണി പ്രസിഡന്‍റായി.
മുളിയാര്‍ പഞ്ചായത്തും വോര്‍ക്കാടിയും യു.ഡി.എഫിനും എന്‍മകജെ പഞ്ചായത്ത് ബി.ജെ.പിക്കും നറുക്കെടുപ്പിലൂടെയാണ് ലഭിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തില്‍ യു.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡന്‍റായി ബി.ജെ.പി അംഗം തെരഞ്ഞെടുക്കപ്പെട്ടു.
കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ കാരായി രാജനും വൈസ് പ്രസിഡന്‍റായി പി.പി. ദിവ്യയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ തോമസ് വര്‍ഗീസിനെ പരാജയപ്പെടുത്തിയാണ് രാജന്‍ വിജയിച്ചത്. രണ്ട് സ്ഥാനങ്ങളിലേക്കും ഇടതുമുന്നണിക്ക് 15ഉം യു.ഡി.എഫിന് ഒമ്പതും വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ പി.കെ. സരസ്വതിയാണ് മത്സരിച്ചത്.
എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ കൊലപ്പെട്ട കേസില്‍ കുറ്റാരോപിതനായ രാജന്‍ സി.ബി.ഐ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ജില്ലാ പഞ്ചായത്തിന്‍െറ പാട്യം ഡിവിഷനെ പ്രതിനിധാനംചെയ്ത് മത്സരിച്ചത്. ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കടന്നപ്പള്ളി ഡിവിഷനില്‍ നിന്നാണ്. 24 അംഗ ജില്ലാ പഞ്ചായത്തില്‍ 15 സീറ്റ് എല്‍.ഡി.എഫിനും ഒമ്പത് സീറ്റ് യു.ഡി.എഫിനുമാണ്. ഓപണ്‍ ബാലറ്റ് വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് കാരായി രാജന്‍െറ പേര് കെ.വി. സുമേഷാണ് നിര്‍ദേശിച്ചത്. വികെ. സുരേഷ് ബാബു പിന്താങ്ങി.തോമസ് വര്‍ഗീസിന്‍െറ പേര് അന്‍സാരി തില്ലങ്കേരി നിര്‍ദേശിക്കുകയും കെ.പി. ചന്ദ്രന്‍ പിന്താങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ദിവ്യയെ കെ.പി. ജയബാലന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു. പി. ജാനകി പിന്താങ്ങി.
ജോയി കൊന്നക്കലാണ് സരസ്വതിയെ നിര്‍ദേശിച്ചത്. സണ്ണി മേച്ചേരിയാണ് പിന്താങ്ങിയത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ രാവിലെ 11നും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉച്ച രണ്ടിനുമാണ് നടന്നത്. വരണാധികാരി കൂടിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യക്ക് കാരായി രാജനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
തൃശൂരില്‍ ഷീല വിജയകുമാര്‍ പ്രസിഡന്‍റ്
തൃശൂര്‍: ഇടതുമുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്‍റായി സി.പി.ഐയിലെ ഷീല വിജയകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിലെ കെ.പി. രാധാകൃഷ്ണനാണ് വൈസ് പ്രസിഡന്‍റ്. യു.ഡി.എഫിലെ ഇ. ഓമനയെ പരാജയപ്പെടുത്തിയാണ് ഷീല ജില്ലാ പഞ്ചായത്തിന്‍െറ പത്താമത് പ്രസിഡന്‍റായത്. ഒമ്പതിനെതിരെ 20 വോട്ട് ഷീല നേടി. കെ.പി. രാധാകൃഷ്ണനും 20 വോട്ട് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിംലീഗിലെ ടി.എ. ആയിഷ ഒമ്പത് വോട്ട് നേടി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മേരി തോമസാണ് ഷീലയുടെ പേര് നിര്‍ദേശിച്ചത്. എന്‍.സി.പിയിലെ പത്മിനി ടീച്ചര്‍ പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഓമനയെ ഇ. വേണുഗോപാല മേനോന്‍ നിര്‍ദേശിച്ചു. കെ. ജയശങ്കര്‍ പിന്താങ്ങി. കെ.പി. രാധാകൃഷ്ണനെ സി.പി.ഐയിലെ ഇ.ടി. ടൈസന്‍ മാസ്റ്റര്‍ നിര്‍ദേശിച്ചു. പി.കെ. ലോഹിതാക്ഷന്‍ പിന്താങ്ങി. ടി.എ. ആയിഷയെ കോണ്‍ഗ്രസിന്‍െറ അഡ്വ. നിര്‍മല്‍ സി. പാത്താടന്‍ നിര്‍ദേശിച്ചു. ശോഭസുബിന്‍ പിന്താങ്ങി. ആദ്യ രണ്ടുവര്‍ഷം സി.പി.ഐക്കും അവസാന മൂന്നുവര്‍ഷം സി.പി.എമ്മിനും പ്രസിഡന്‍റ് സ്ഥാനം നല്‍കാനാണ് ധാരണ. ജില്ലാ പഞ്ചായത്തില്‍ ആകെ സീറ്റ് 29 ആണ്. സി.പി.എം-12, സി.പി.ഐ-ഏഴ്, എന്‍.സി.പി-ഒന്ന് എന്നിങ്ങനെ എല്‍.ഡി.എഫിന് 20ഉം കോണ്‍ഗ്രസ്-ഏഴ്, മുസ്ലിംലീഗ്-രണ്ട് എന്നിങ്ങനെ യു.ഡി.എഫിന് ഒമ്പതും അംഗങ്ങളുണ്ട്. കലക്ടര്‍ എ. കൗശികന്‍ പ്രസിഡന്‍റിനും പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റിനും സത്യവാചകം ചൊല്ലിക്കൊടുത്തു.
മൂന്നാം തവണയും ജില്ലാ പഞ്ചായത്ത് അംഗമായ ഷീല മുന്‍ ഭരണസമിതിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനാണ്. അമ്മാടം ഡിവിഷനില്‍ നിന്ന് 10,928 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ് ഇത്തവണത്തെ വിജയം. കമ്യൂണിസ്റ്റ് നേതാവ് ടി.കെ. കരുണന്‍െറ രണ്ടാമത്തെ മകളാണ്. 16ാം വയസ്സില്‍ മോസ്കോയില്‍ യങ് പയനിയര്‍ ക്യാമ്പില്‍ പങ്കെടുത്തു. ബാലവേദി, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറിയുമാണ്. വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍നിന്ന് വിജയിച്ച കെ.പി. രാധാകൃഷ്ണന്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്. ചെറുതുരുത്തി പുതുശേരി ചിത്തിരയില്‍ കുടുംബാംഗമാണ് ഈ 70കാരന്‍.
മലപ്പുറത്ത് തെരഞ്ഞെടുപ്പില്ലാതെ മുസ്ലിം ലീഗ്; എ.പി. ഉണ്ണികൃഷ്ണന്‍ പ്രസിഡന്‍റ്
മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി മുസ്ലിം ലീഗിലെ എ.പി ഉണ്ണികൃഷ്ണനെയും വൈസ് പ്രസിഡന്‍റായി സക്കീന പുല്‍പ്പാടനെയും തെരഞ്ഞെടുത്തു.
രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ സലിം കുരുവമ്പലമാണ് എ.പി ഉണ്ണികൃഷ്ണന്‍െറ പേര് നിര്‍ദേശിച്ചത്. കോണ്‍ഗ്രസിലെ വി. സുധാകരന്‍ പിന്താങ്ങി.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് എല്‍.ഡി.എഫ് പ്രതിനിധിയെ നിര്‍ത്തിയിരുന്നില്ല. വോട്ടെടുപ്പിലൂടെയാണ് വൈസ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. ലീഗിലെ സക്കീന പുല്‍പ്പാടനും സി.പി.എമ്മിലെ കെ. ദേവിക്കുട്ടിയും തമ്മിലായിരുന്നു മത്സരം. സക്കീന പുല്‍പ്പാടന് 27ഉം ദേവിക്കുട്ടിക്ക് അഞ്ചും വോട്ടുകള്‍ കിട്ടി. ഇത്തവണ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി സംവരണമാണ്. ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എ.പി. ഉണ്ണികൃഷ്ണന്‍ 91ല്‍ ജില്ലാ കൗണ്‍സിലിലും 2000ല്‍ ജില്ലാ പഞ്ചായത്തിലും അംഗമായിരുന്നു. മുന്‍ ഭരണസമിതിയില്‍ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സക്കീന പുല്‍പ്പാടന്‍ നേരത്തെ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
ബാബു പറശ്ശേരി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്
കോഴിക്കോട്: സി.പി.എമ്മിലെ ബാബു പറശ്ശേരി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റു. വൈസ് പ്രസിഡന്‍റായി സി.പി.ഐയിലെ റീന മുണ്ടേങ്ങാട്ടും. ഇരുവര്‍ക്കും ലഭിച്ചത് 16 വോട്ടുകള്‍ വീതം. എതിരാളികളായിരുന്ന മുസ്ലിം ലീഗിലെ അഹമ്മദ് പുന്നക്കലിനും കോണ്‍ഗ്രസിലെ അന്നമ്മ മാത്യുവിനും 11 വോട്ടുകള്‍വീതം ലഭിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍കൂടിയായ എന്‍.സി.പി നേതാവ് മുക്കം മുഹമ്മദാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബാബു പറശ്ശേരിയെ നിര്‍ദേശിച്ചത്. സി.പി.ഐയിലെ ടി.കെ. രാജന്‍ മാസ്റ്റര്‍ പിന്താങ്ങി.
യു.ഡി.എഫിന്‍െറ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി അഹമ്മദ് പുന്നക്കലിന്‍െറ പേര് കോണ്‍ഗ്രസ് നേതാവ് വി.ഡി. ജോസഫ് നിര്‍ദേശിച്ചപ്പോള്‍ ജെ.ഡി.യുവിലെ എ.ടി. ശ്രീധരന്‍ പിന്താങ്ങി. വോട്ടെടുപ്പിനൊടുവില്‍ ബാബു പറശ്ശേരിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി ജില്ലാ വരണാധികാരികൂടിയായ കലക്ടര്‍ എന്‍. പ്രശാന്ത് പ്രഖ്യാപിച്ചു. ഉച്ചക്ക് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി റീന മുണ്ടേങ്ങാട്ടിനെ നിര്‍ദേശിച്ചത് സി.പി.എമ്മിലെ ജോര്‍ജ് മാസ്റ്റര്‍. പി.കെ. സജിത പിന്താങ്ങി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി അന്നമ്മ മാത്യുവിനെ മുസ്ലിം ലീഗിലെ സി.കെ. കാസിം നിര്‍ദേശിച്ചു. എം.പി. അജിത പിന്താങ്ങി. എം.എല്‍.എമാരായ പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റുമാരായ കാനത്തില്‍ ജമീല, കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍ തുടങ്ങി ഘടകകക്ഷി നേതാക്കളും സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖരും സാരഥികളെ അനുമോദിക്കാനത്തെി.
വയനാട് ജില്ലാ പഞ്ചായത്ത്: ടി. ഉഷാകുമാരി പ്രസിഡന്‍റ്
മുസ്ലിം ലീഗിലെ പി.കെ. അസ്മത്ത് വൈസ് പ്രസിഡന്‍റ്
കല്‍പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ടി. ഉഷാകുമാരിയും വൈസ് പ്രസിഡന്‍റായി മുസ്ലിം ലീഗിലെ പി.കെ. അസ്മത്തും തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരികൂടിയായ കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചിനെതിരെ 11 വോട്ടുകളാണ് ഇരുവരും നേടിയത്. എല്‍.ഡി.എഫില്‍നിന്ന് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ഞുമോളും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എ.എന്‍. പ്രഭാകരനുമാണ് മത്സരിച്ചത്.
യു.ഡി.എഫിലെ ധാരണപ്രകാരം രണ്ടരവര്‍ഷത്തിനുശേഷം പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങള്‍ ലീഗും കോണ്‍ഗ്രസും വെച്ചുമാറും. ജില്ലയിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മറുപടിപ്രസംഗത്തില്‍ ഉഷാകുമാരി പറഞ്ഞു.
പാലക്കാട്ട് അഡ്വ. കെ. ശാന്തകുമാരി പ്രസിഡന്‍റ്
പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ അഡ്വ. കെ. ശാന്തകുമാരിയും വൈസ് പ്രസിഡന്‍റായി ടി.കെ. നാരായണദാസും തെരഞ്ഞെടുക്കപ്പെട്ടു. 30 അംഗ ഭരണസമിതിയില്‍ 27 സീറ്റുകള്‍ എല്‍.ഡി.എഫും ശേഷിച്ച മൂന്ന് സീറ്റില്‍ കോണ്‍ഗ്രസുമാണ്. ജില്ലയിലെ 13 ബ്ളോക്ക് പഞ്ചായത്തുകളില്‍ പട്ടാമ്പി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ ഭരണം യു.ഡി.എഫിനും തൃത്താല, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, കുഴല്‍മന്ദം, പാലക്കാട്, ചിറ്റൂര്‍, നെന്മാറ, കൊല്ലങ്കോട്, മലമ്പുഴ, ആലത്തൂര്‍ ബ്ളോക്കുകളില്‍ ഭരണം എല്‍.ഡി.എഫിനുമാണ്.
എറണാകുളം ജില്ലാ പഞ്ചായത്ത്: ആശ സനില്‍ പ്രസിഡന്‍റ്
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ ആശ സനിലും വൈസ് പ്രസിഡന്‍റായി അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും 16 വോട്ട് വീതം ലഭിച്ചു. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച സി.പി.എമ്മിലെ പി.എസ്. ഷൈല, ഉപാധ്യക്ഷ സ്ഥാനാര്‍ഥി സി.പി.ഐയിലെ അഡ്വ. കെ. സുഗതന്‍ എന്നിവര്‍ക്ക് 11 വീതം വോട്ടുകള്‍ കിട്ടി.
കലക്ടര്‍ എം.ജി. രാജമാണിക്യം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലയേറ്റ ആശ സനിലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ്, പ്രസിഡന്‍റിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. ആശ സനില്‍ മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റാണ്.
ആലപ്പുഴയില്‍ ജി. വേണുഗോപാല്‍
ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി സി.പി.എമ്മിലെ ജി. വേണുഗോപാലിനെ തെരഞ്ഞെടുത്തു. സി.പി.എമ്മിലെ തന്നെ ദലീമ ജോജോയാണ് വൈസ് പ്രസിഡന്‍റ്.വ്യാഴാഴ്ച രാവിലെ 11.15നാണ് ജില്ലാ പഞ്ചായത്ത് ഹാളില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. പുന്നപ്ര ഡിവിഷനില്‍നിന്നുള്ള പ്രതിനിധിയാണ് മുതിര്‍ന്ന സി.പി.എം നേതാവായ വേണുഗോപാല്‍. 23 അംഗ ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന് 16 വോട്ടുകളാണുള്ളത്. അതില്‍ ആര്യാട് ഡിവിഷനില്‍നിന്നുള്ള ജുമൈലത്തിന്‍െറ വോട്ട് ബാലറ്റ് പേപ്പറിന്‍െറ പിറകില്‍ പേരിന് താഴെ ഒപ്പിടാത്തതിനാല്‍ അസാധുവായി. അതിനാല്‍, വേണുഗോപാലിന് 15 വോട്ടുകളാണ് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ജോണ്‍ തോമസിന് യു.ഡി.എഫിന്‍െറ ഏഴ് വോട്ടുകള്‍ ലഭിച്ചു. വേണുഗോപാലിന്‍െറ പേര് വെളിയനാട് ഡിവിഷനില്‍നിന്നുള്ള കെ.കെ. അശോകന്‍ നിര്‍ദേശിച്ചു. ചെന്നിത്തല ഡിവിഷനിലെ ജേക്കബ് ഉമ്മന്‍ പിന്താങ്ങി. ജി. വേണുഗോപാലിന് വരണാധികാരിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അരൂര്‍ ഡിവിഷനില്‍നിന്നുള്ള ദലീമ ജോജോക്ക് 16 വോട്ടും മുതുകുളം ഡിവിഷനില്‍നിന്നുള്ള യു.ഡി.എഫിലെ ബബിത ജയന് ഏഴ് വോട്ടും ലഭിച്ചു.
നൂറനാട് ഡിവിഷനിലെ വിശ്വന്‍ പടനിലമാണ് ദലീമയുടെ പേര് നിര്‍ദേശിച്ചത്. വയലാര്‍ ഡിവിഷനിലെ ജോമോള്‍ പിന്താങ്ങി. മാന്നാര്‍ ഡിവിഷനില്‍നിന്നുള്ള ജോജി ചെറിയാനാണ് ബബിത ജയന്‍െറ പേര് നിര്‍ദേശിച്ചത്. മനക്കോടം ഡിവിഷനിലെ സജിമോള്‍ ഫ്രാന്‍സിസ് പിന്താങ്ങി.
കോട്ടയത്ത് ജോഷി ഫിലിപ്പ് പ്രസിഡന്‍റ്
കോട്ടയം: കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായും കേരള കോണ്‍ഗ്രസ് -എമ്മിലെ മേരി സെബാസ്റ്റ്യനെ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുത്തു. ആകെ 22ല്‍ 14 വോട്ട് നേടിയാണ് വാകത്താനം ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന ജോഷി ഫിലിപ്പ് വിജയിച്ചത്. കേരള കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും കോണ്‍ഗ്രസിലെ എട്ട് അംഗങ്ങളും അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫിലെ എതിര്‍സ്ഥാനാര്‍ഥി മുണ്ടക്കയം ഡിവിഷനിലെ കെ. രാജേഷിന് എട്ടു വോട്ട് ലഭിച്ചു. സി.പി.എമ്മിലെ ആറുപേരുടെയും സി.പി.ഐയിലെയും കേരള കോണ്‍ഗ്രസ് സെക്കുലറിലെയും ഒന്നു വീതം അംഗങ്ങളുടെയും പിന്തുണ എല്‍.ഡി.എഫിന് കിട്ടി.
ഉച്ചക്കുശേഷം നടന്ന വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന കേരള കോണ്‍ഗ്രസിലെ മേരി സെബാസ്റ്റ്യന്‍ 14 വോട്ടുനേടി വിജയിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പൂഞ്ഞാര്‍ ഡിവിഷനിലെ പ്രതിനിധി കേരള കോണ്‍ഗ്രസ് സെക്കുലറിലെ ലിസി സെബാസ്റ്റ്യന് എട്ടു വോട്ടും കിട്ടി. യു.ഡി.എഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനവും കേരള കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനവും നല്‍കും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിന് പ്രസിഡന്‍റ് സ്ഥാനവും കോണ്‍ഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനവും ലഭിക്കും. രണ്ടാംഘട്ടത്തില്‍ കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന പ്രസിഡന്‍റ് സ്ഥാനത്തില്‍ ആദ്യ ഒന്നേകാല്‍ വര്‍ഷം കുറവിലങ്ങാട് ഡിവിഷനിലെ സക്കറിയാസ് കുതിരവേലിയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ഡിവിഷനിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലും പ്രസിഡന്‍റാകും.
ഇടുക്കിയില്‍ കൊച്ചുത്രേസ്യാ പൗലോസ്
ചെറുതോണി: ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി രാജാക്കാട് ഡിവിഷനില്‍നിന്ന് ജയിച്ച കൊച്ചുത്രേസ്യാ പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11ന് ജില്ലാ പഞ്ചായത്തിന്‍െറ ചേംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കലക്ടര്‍ വി. രതീശന്‍ വരണാധികാരിയായിരുന്നു. ആകെ 16 വോട്ടില്‍ പത്തെണ്ണം കൊച്ചുത്രേസ്യക്കും ആറെണ്ണം എല്‍.ഡി.എഫിലെ എതിര്‍സ്ഥാനാര്‍ഥി നെടുങ്കണ്ടം ഡിവിഷനിലെ നിര്‍മല നന്ദകുമാറിനും ലഭിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ 11ാമത്തെ പ്രസിഡന്‍റാണ് 59കാരിയായ കൊച്ചുത്രേസ്യാ പൗലോസ്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് എം.ടി. തോമസ്, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ ബാങ്ക് പ്രസിഡന്‍റ് ഇ.എം. ആഗസ്തി, ഇബ്രാഹിംകുട്ടി കല്ലാര്‍, അലക്സ് കോഴിമല തുടങ്ങിയവര്‍ ആശംസകള്‍ നേരാന്‍ എത്തിയിരുന്നു. രാജാക്കാട് ഡിവിഷനിലെ ജനറല്‍ സീറ്റില്‍ മത്സരിച്ച കൊച്ചുത്രേസ്യ ഇതിനു മുമ്പ് 2000ത്തിലും 2010ലും ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിലത്തെിയ കൊച്ചുത്രേസ്യ പൗലോസ് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍.ഡി.എഫിലെ വി.എന്‍. മോഹനനെയാണ് പരാജയപ്പെടുത്തിയത്. രണ്ടുതവണ സ്വദേശമായ രാജകുമാരിയില്‍ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവിവാഹിതയാണ്. രാജകുമാരി കുരിശുങ്കല്‍ കുടുംബാംഗമാണ്. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കരിങ്കുന്നം ഡിവിഷനില്‍നിന്ന് ജയിച്ച മാത്യു ജോണ്‍ (തമ്പി മാനുങ്കല്‍) എല്‍.ഡി.എഫിലെ നോബിള്‍ ജോസഫിനെ പരാജയപ്പെടുത്തി. കേരള കോണ്‍ഗ്രസ് -എം ജില്ലാ കമ്മിറ്റി അംഗമാണ്.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജഗദമ്മ; വൈസ് പ്രസിഡന്‍റ് എം.ശിവശങ്കരപ്പിള്ള
കൊല്ലം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കെ.ജഗദമ്മയും വൈസ് പ്രസിഡന്‍റായി എം.ശിവശങ്കരപ്പിള്ളയും അധികാരമേറ്റു. 26 അംഗ ജില്ലാ പഞ്ചായത്തില്‍ ഇരുവര്‍ക്കും 22 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. എല്‍.ഡി.എഫ് പ്രസിഡന്‍റുസ്ഥാനാര്‍ഥിയായി കെ.ജഗദമ്മയെ സി.രാധാമണി നിര്‍ദേശിക്കുകയും അഡ്വ.എസ്. അനില്‍ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ആര്‍.രശ്മിയെ ബി.സേതുലക്ഷ്മി നിര്‍ദേശിക്കുകയും ആര്‍.എസ്.പിയുടെ എസ്.ശോഭ പിന്താങ്ങുകയും ചെയ്തു. എല്‍.ഡി.എഫിന്‍െറ വൈസ് പ്രസിഡന്‍റുസ്ഥാനാര്‍ഥിയായ എം.ശിവശങ്കരപ്പിള്ളയെ അഡ്വ.എസ്.വേണുഗോപാല്‍ നിര്‍ദേശിച്ചു. ഡോ.കെ.രാജശേഖരന്‍ പിന്താങ്ങി. യു.ഡി.എഫിന്‍െറ വൈസ് പ്രസിഡന്‍റുസ്ഥാനാര്‍ഥിയായി എസ്.ശോഭയെ സരോജിനി ബാബു നിര്‍ദേശിക്കുകയും ആര്‍.രശ്മി പിന്താങ്ങുകയും ചെയ്തു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗമായ ജഗദമ്മ വെളിയം ഡിവിഷന്‍ പ്രതിനിധിയാണ്. കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് പ്രസിഡന്‍റായിരുന്നു.
പത്തനംതിട്ടയില്‍ അന്നപൂര്‍ണാദേവി
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി അന്നപൂര്‍ണാദേവിയെയും (യു.ഡി.എഫ്) വൈസ് പ്രസിഡന്‍റായി ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനെയും (യു.ഡി.എഫ്) തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരി കൂടിയായ കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബി. സതികുമാരിയെയാണ് (എല്‍.ഡി.എഫ്) അന്നപൂര്‍ണാദേവി പരാജയപ്പെടുത്തിയത്. അന്നപൂര്‍ണാദേവിക്ക് 11ഉം സതികുമാരിക്ക് അഞ്ചും വോട്ട് ലഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റെജി തോമസാണ് അന്നപൂര്‍ണാദേവിയുടെ പേര് നിര്‍ദേശിച്ചത്. മറ്റൊരംഗമായ സാം ഈപ്പന്‍ പിന്തുണച്ചു. സതികുമാരിയുടെ പേര് ആര്‍.ബി രാജീവ്കുമാര്‍ നിര്‍ദേശിക്കുകയും ടി. മുരുകേഷ് പിന്താങ്ങുകയും ചെയ്തു. അന്നപൂര്‍ണാദേവിയെ വിജയിയായി പ്രഖ്യാപിച്ചശേഷം വരണാധികാരിയായ കലക്ടര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് (യു.ഡി.എഫ്) 11ഉം ടി. മുരുകേഷിന് (എല്‍.ഡി.എഫ്) അഞ്ചും വോട്ട് ലഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ജി കണ്ണനാണ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന്‍െറ പേര് നിര്‍ദേശിച്ചത്. പി.വി. വര്‍ഗീസ് പിന്തുണച്ചു. എസ്.വി. സുബിന്‍ മുരുകേഷിന്‍െറ പേര് നിര്‍ദേശിക്കുകയും സൂസന്‍ അലക്സ് പിന്തുണക്കുകയും ചെയ്തു. ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരത്ത് വി.കെ. മധു പ്രസിഡന്‍റായി
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി വി.കെ. മധുവും വൈസ് പ്രസിഡന്‍റായി അഡ്വ. എ. ഷൈലജയും സ്ഥാനമേറ്റു. 26 അംഗങ്ങളുള്ള ഭരണസമിതിയില്‍ 19 വോട്ട് വീതം നേടിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 11നായിരുന്നു പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും നടന്നു. സി.പി.എമ്മിലെ വി.കെ. മധുവിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചെമ്മരുതി ഡിവിഷനില്‍നിന്ന് വിജയിച്ച സിപി.ഐയിലെ രഞ്ജിത് നിര്‍ദേശിച്ചു. വെഞ്ഞാറമൂട് ഡിവിഷനില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ വൈ.വി. ശോഭകുമാര്‍ പിന്താങ്ങി. വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ഷൈലജയെ നാവായിക്കുളം ഡിവിഷനില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ ബി.പി. മുരളി നിര്‍ദേശിച്ചു. കിളിമാനൂര്‍ ഡിവിഷനില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ ഡി. സ്മിത പിന്താങ്ങി. 26 അംഗ ഭരണസമിതിയില്‍ ആറ് അംഗങ്ങളാണ് യു.ഡി.എഫിനുള്ളത്.
പ്രസിഡന്‍റ് സ്ഥാനത്തേക്ക് യു.ഡി.എഫില്‍നിന്ന് മര്യാപുരം ഡിവിഷനില്‍നിന്ന് വിജയിച്ച ജി. ജോസ് ലാലും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പള്ളിച്ചല്‍ ഡിവിഷനില്‍നിന്ന് വിജയിച്ച എസ്. ശോഭനകുമാരിയും മത്സരിച്ചു. യു.ഡി.എഫ് അംഗങ്ങളുടെ ആറ് വോട്ട് ഇവര്‍ക്ക് ലഭിച്ചു. വെങ്ങാനൂര്‍ ഡിവിഷനില്‍നിന്ന് വിജയിച്ച ബി.ജെ.പി അംഗം വി. ലതകുമാരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വി.കെ. മധുവിന് വരണാധികാരിയായ കലക്ടര്‍ ബിജു പ്രഭാകര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഷൈലജക്ക് പ്രസിഡന്‍റ് വി.കെ. മധുവും സത്യവാചകം ചൊല്ലിക്കൊടുത്തു. പാലോട് ഡിവിഷനില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥിയായി വിജയിച്ചാണ് വി.കെ. മധു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്.
ചിറയിന്‍കീഴ് ഡിവിഷനില്‍നിന്നുള്ള ഷൈലജാ ബീഗം സി.പി.എം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.