സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് തുടക്കം
text_fieldsതൃശൂര്‍: സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കുന്നതില്‍ സി.ബി.എസ്.ഇ സ്കൂളുകളുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംഘാടനത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ തലത്തിലേക്ക് സി.ബി.എസ്.ഇ കലോത്സവം ഉയര്‍ന്നത് അഭിനന്ദനാര്‍ഹമാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഇനിയും സി.ബി.എസ്.ഇ സ്കൂളുകള്‍ മുന്നേറട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു. അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍ അധ്യക്ഷത വഹിച്ചു. കെ.എ. ഫ്രാന്‍സിസ്, ഡോ. ഇന്ദിര രാജന്‍, പി.എ. മാധവന്‍ എം.എല്‍.എ, കെ.ജി. സൈമണ്‍, ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, ജോണ്‍ ഡാനിയേല്‍, ഫാ. ടോമി നമ്പിപറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു. കേരള സി.ബി.എസ്.ഇ അസോസിയേഷനും കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോപ്ളക്സും സംയുക്തമായി നടത്തുന്ന പ്രഥമ കലോത്സവമാണിത്. രാവിലെ എട്ടിന് പാറമേക്കാവ് വിദ്യാമന്ദിറില്‍ സ്റ്റേജിതര മത്സരങ്ങളോടെയാണ് കലോത്സവം ആരംഭിച്ചത്. 144 ഇനങ്ങളിലായി 6500ലധികം വിദ്യാര്‍ഥികള്‍ നാല് ദിവസമായി നടക്കുന്ന കലോത്സവത്തില്‍ മത്സരിക്കും. സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്കൂളില്‍ നടന്‍ വി.കെ. ശ്രീരാമന്‍ നിര്‍വഹിച്ചു. ജയരാജ് വാര്യര്‍, ഗായത്രി സുരേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
മഴയിലും ആവേശം കുറയാതെ ഘോഷയാത്ര
തൃശൂര്‍: ഓര്‍ക്കാപ്പുറത്ത് പെയ്ത മഴ സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന്‍െറ ഘോഷയാത്രയില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ആവേശമായി. മഴ കൊള്ളുന്നത് വ ീട്ടിലാണെങ്കില്‍ അമ്മയുടെ വഴക്ക് പേടിക്കണം. സ്കൂളിലാണെങ്കില്‍ ടീച്ചറുടേയും. ഇവിടെയിപ്പോള്‍ അവരുടെ മുഖത്തുനോക്കി മഴനനഞ്ഞ് നടക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ മഴയും വെയിലും കൊള്ളാത്ത സി.ബി.എസ്.ഇ കുട്ടികള്‍ അത് ശരിക്കങ്ങ് മുതലാക്കി. തിമിര്‍ത്ത് പെയ്ത മഴയില്‍ അവരുടെ ആവേശം ആളിക്കത്തി. വര്‍ണശബളമായ നിശ്ചലദൃശ്യങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്. കഥകളി മുതല്‍ പരിചമുട്ട്കളി വരെയുള്ളവ കുട്ടികള്‍ അവതരിപ്പിച്ചു. ശ്രീനാരായണഗുരു വചനങ്ങളുടെ മഹത്വത്തെക്കുറിച്ച് പറയുന്നതും മതമൈത്രി വിളിച്ചോതുന്നതുമായ നിശ്ചലദൃശ്യങ്ങള്‍ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.