ശാക്തീകരൺ പുരസ്കാരം: കേന്ദ്രത്തിെൻറ കത്ത് പഞ്ചായത്ത് വകുപ്പ് പൂഴ്ത്തി
text_fieldsകോഴിക്കോട്: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പഞ്ചായത്തീരാജ് വകുപ്പ് മുഖേന നൽകുന്ന പുരസ്കാരങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിൽനിന്ന് അപേക്ഷ തേടി കേന്ദ്രസർക്കാർ അയച്ച കത്ത് പഞ്ചായത്ത് വകുപ്പ് ഒന്നരമാസം പൂഴ്ത്തി. സെപ്റ്റംബർ 28ന് കേന്ദ്ര പഞ്ചായത്തീരാജ് ജോ. സെക്രട്ടറി ദ്വിജേന്ദ്ര കുമാർ ശർമ ചീഫ് സെക്രട്ടറിക്കയച്ച കത്താണ് നവംബർ 16 വരെ നടപടികളൊന്നുമില്ലാതെ കിടന്നത്. ഇതിനിടയിൽ അവാർഡിന് അപേക്ഷിക്കേണ്ട ഭരണസമിതികളുടെ കാലാവധി അവസാനിച്ചു. ‘വളരെ അടിയന്തരം’ എന്ന തലക്കുറിയോടെ പുരസ്കാരത്തിന് അപേക്ഷസമർപ്പിക്കാൻ നിർദേശം നൽകി പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം അയച്ച കത്ത് ഈ മാസം16നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് ലഭിച്ചത്.
2014–15ലെ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാർ, രാഷ്ട്രീയ ഗൗരവ് ഗ്രാമപുരസ്കാർ എന്നിവക്കുള്ള ഗ്രാമപഞ്ചായത്തുകളുടെ അപേക്ഷകൾ നവംബർ 22നകം ഓൺലൈൻ മുഖേന നൽകാനാണ് നിർദേശം. എന്നാൽ, പഞ്ചായത്തുകൾ ഒക്ടോബർ 31ന് ഓൺലൈനായി സമർപ്പിക്കുകയും സംസ്ഥാനസർക്കാർ സൂക്ഷ്മപരിശോധനക്കുശേഷം നവംബർ 30ന് ഓൺലൈനായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിനും സമർപ്പിക്കാനായിരുന്നു ദ്വിജേന്ദ്ര കുമാർ ശർമയുടെ കത്തിലെ നിർദേശം.
മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തുകൾക്ക് അപേക്ഷിക്കാൻ കഴിയുന്ന അവാർഡിന് വലിയ പ്രചാരണം നൽകണമെന്നും നിർദിഷ്ട ഫോറം പൂരിപ്പിക്കാൻ സഹായിക്കുന്നതിന് സംസ്ഥാന നോഡൽ ഓഫിസറെ നിയമിക്കണമെന്നുമുള്ള നിർദേശവും ശർമയുടെ കത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളാണ് കേന്ദ്രത്തിെൻറ കത്തിന്മേൽ നടപടി വൈകാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
അതേസമയം, പുതിയ ഭരണസമിതികൾ ചുമതലയേറ്റതിനെത്തുടർന്നുള്ള തിരക്കുകളിൽ പഞ്ചായത്ത് കാര്യാലയങ്ങൾ അമരുമ്പോൾ മുൻഭരണസമിതിയുടെ നേട്ടങ്ങൾ നിരത്തി അപേക്ഷകളയക്കാൻ എത്രത്തോളം സാധ്യമാവുമെന്ന സന്ദേഹം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.