സ്കൂൾ കായികമേള: ജേതാക്കൾക്കുള്ള സമ്മാനത്തുക ഇരട്ടിയാക്കും –മന്ത്രി പി.കെ. അബ്ദുറബ്ബ്
text_fieldsകോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന കായികതാരങ്ങൾക്ക് നൽകിവരുന്ന അവാർഡ്തുകയും സ്വർണപ്പതക്കത്തിെൻറ തൂക്കവും ഈ വർഷം മുതൽ ഇരട്ടിയാക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. കോഴിക്കോട് മെഡി. കോളജ് അറോറ ഓഡിറ്റോറിയത്തിൽ 59ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടകസമിതി രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവുംകൂടുതൽ പോയൻറ് നേടുന്ന ജില്ലക്ക് 101 പവൻ സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ഈവർഷംതന്നെ നടപ്പാക്കും. കായികമേളക്ക് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ട്രോഫി നിർമാണം പൂർത്തീകരിച്ച് സമാപനച്ചടങ്ങിൽ സ്വർണക്കപ്പ് നൽകാൻ കഴിയുമോയെന്നകാര്യം സംശയമാണ്. സമാപനച്ചടങ്ങിൽ നൽകാൻ കഴിയാത്തപക്ഷം ചാമ്പ്യന്മാർക്ക് ഏറ്റവും അടുത്തചടങ്ങിൽ സ്വർണക്കപ്പ് സമ്മാനിക്കുമെന്നും അബ്ദുറബ്ബ് പറഞ്ഞു. ദേശീയ കായികമേളയിൽ തുടർച്ചയായി കേരളം ഒന്നാമതെത്തുന്നത് അഭിമാനനേട്ടമാണ്. ഇതിനായി മികച്ച പരിശീലനമാണ് കേരളത്തിൽ ലഭിക്കുന്നത്. പാഠ്യ–പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രതിഭകളാണ് ഓരോവർഷവും ഉയർന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ അഞ്ചു മുതൽ എട്ടുവരെ നടക്കുന്ന മേളയിൽ 94 ഇനങ്ങളിലായി 2800 കായികതാരങ്ങളും 350 കായികാധ്യാപകരും പങ്കെടുക്കും. കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മേളയുടെ മുഖ്യയിനങ്ങൾ നടക്കുക. മന്ത്രി ഡോ. എം.കെ. മുനീർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ഒളിമ്പ്യൻ പി.ടി. ഉഷ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.വി. നാരായണൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ രജനി തടത്തിൽ, അന്നമ്മ മാത്യു, കൗൺസിലർമാരായ ഷെറീന വിജയൻ, പി. കിഷൻചന്ദ്, ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ സി.ഇ. ഗോകുലകൃഷ്ണൻ, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ പി. കുഞ്ഞമ്മദ്, കായികവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ചാക്കോ ജോസഫ്, എ.ഡി.എം ടി. ജെനിൽകുമാർ, സൗത് എ.സി ജോസി ചെറിയാൻ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഗിരീഷ് ചോലയിൽ, ഡി.ഇ.ഒ ഗിരിജ അരികത്ത് എന്നിവർ സംസാരിച്ചു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, മന്ത്രി ഡോ. എം.കെ. മുനീർ എന്നിവർ കായികമേളയുടെ മുഖ്യ രക്ഷാധികാരികളാണ്.
ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കലക്ടർ, ജില്ലാപഞ്ചായത്ത് പ്രസിഡൻറ്, സിറ്റി പൊലീസ് കമീഷണർ എന്നിവർ രക്ഷാധികാരികളാകും.
മറ്റു ഭാരവാഹികൾ: മേയർ വി.കെ.സി. മമ്മത്കോയ (ചെയ), പൊതുവിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ (എക്സ്.ഒഫീഷ്യോ പ്രസി), ഡി.ഡി.ഇ ഗിരീഷ് ചോലയിൽ (ജന. കൺ), ഡോ. ചാക്കോ ജോസഫ് (ഓർഗനൈസിങ് സെക്ര), ടി.എച്ച്. അബ്ദുൽ മജീദ് (കോഓഡിനേറ്റർ), യു.കെ. രാമചന്ദ്രൻ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.