സർക്കാറിനെ കുടുക്കി വീണ്ടും ‘സെൽഫ് ഗോൾ’
text_fieldsകൊച്ചി: ബാർ കോഴക്കേസിൽ സർക്കാറിനെ വീണ്ടും കുരുക്കിലാക്കി ‘സെൽഫ് ഗോൾ’. മന്ത്രി കെ.എം. മാണിയുടെ രാജിയിലെത്തിച്ച കോടതി പരാമർശങ്ങൾക്കിടയാക്കിയത് സർക്കാർ ഹരജിയാണെങ്കിൽ, മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കൂടി മുൾമുനയിലാക്കിയ കോടതി നിരീക്ഷണങ്ങൾക്ക് കാരണമായത് മാണിയെ രക്ഷിക്കാൻ ബാറുടമ നൽകിയ ഹരജിയാണ്. മാണിക്കെതിരെ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു രണ്ട് ഹരജിയിലെയും ആവശ്യം. രണ്ട് ഹരജിയിലും കോടതി നിരീക്ഷണങ്ങൾ സർക്കാരിനെതിരാവുകയായിരുന്നു. സർക്കാറിനുവേണ്ടി വിജിലൻസ് എ.ഡി.ജി.പി നൽകിയത് ക്രിമനൽ ഒ.പി ഹരജിയാണെങ്കിൽ മാണിക്കുവേണ്ടിയെന്ന് വ്യക്തമാകുന്നതരത്തിൽ ബാറുടമ തൊടുപുഴ സ്വദേശി സണ്ണി മാത്യു റിവിഷൻ (പുന$പരിശോധന) എന്ന നിലയിലാണ് ഹരജി സമർപ്പിച്ചത്.
എന്നാൽ, മാണി മന്ത്രിയായിരിക്കേ വിജിലൻസ് അദ്ദേഹത്തിനെതിരെ നടത്തുന്ന അന്വേഷണം സത്യസന്ധമാകില്ലെന്ന് ജനം കരുതുന്നത് സ്വാഭാവികം, സീസറിെൻറ ഭാര്യ സംശയത്തിന് അതീതയായിരിക്കണം, ചോദ്യങ്ങൾ ആരോപണ വിധേയനുതന്നെ വിടുന്നു തുടങ്ങിയ ശക്തമായ പ്രയോഗങ്ങളാണ് വിജിലൻസ് നൽകിയ കേസ് പരിഗണിച്ച ജസ്റ്റിസ് കെമാൽ പാഷയിൽനിന്നുണ്ടായത്. പരാമർശങ്ങളെത്തുടർന്ന് മാണി രാജിവെച്ചു. അങ്ങനെ സർക്കാർ ഹരജി ആദ്യ സെൽഫ് ഗോളായി.
സമാന അവസ്ഥയാണ് സണ്ണി മാത്യു നൽകിയ ഹരജിയിലും ആവർത്തിച്ചത്. മാണിക്കെതിരായ തുടരന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് റിവിഷൻ ഹരജി നൽകിയതിലൂടെ മറ്റൊരു ബെഞ്ചിെൻറ പരിഗണനക്കാവും കേസ് എത്തുകയെന്നത് വ്യക്തമായിരുന്നു. ക്രിമിനൽ ഒ.പിയിൽനിന്ന് വ്യത്യസ്തമായി കോടതി ഉത്തരവ് മാത്രം വിലയിരുത്തി പുന$പരിശോധന എന്നതാണ് റിവിഷൻ ഹരജിയുടെ സ്വഭാവം.
എന്നാൽ, വാദം പാതിവഴിയിലായപ്പോൾ തന്നെ മാണിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കോടതി തിരിഞ്ഞു. അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സി.ബി.ഐ നിലപാട് തേടാനും ഒരുങ്ങി. അതോടെ സർക്കാറിനെ രക്ഷിക്കാൻ അഡ്വക്കറ്റ് ജനറലിന് ഇടപെടേണ്ടിവന്നു. റിവിഷൻ ഹരജി ഫയലിൽ സ്വീകരിച്ച കോടതി കെ.എം, മാണി, സർക്കാർ, വിജിലൻസ് വകുപ്പ്, വിജിലൻസ് കോടതിയിലെ പരാതിക്കാരായ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, ആം ആദ്മി പാർട്ടി കൺവീനർ സാറാ ജോസഫ്, വി.എസ്. സുനിൽ കുമാർ എം.എൽ.എ , ബിജു രമേശ്, പാലക്കാട് ആസ്ഥാനമായ ഓൾ കേരള ആൻറികറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ തുടങ്ങിയവർക്ക് നോട്ടീസയച്ചു.
സർക്കാർ നൽകിയ ഹരജിയിലെ എതിർ കക്ഷിയായിരുന്നു സണ്ണി മാത്യു. ജസ്റ്റിസ് കെമാൽ പാഷ മുമ്പാകെ സർക്കാറിനുവേണ്ടി വാദം നടത്തിയ ഏക എതിർ കക്ഷിയും ഈ ഹരജിക്കാരനായിരുന്നു. സമാനസ്വഭാവമുള്ള ആവശ്യമുന്നയിച്ച് ഹരജിക്കാരന് വീണ്ടും കോടതിയിൽ എത്താനാകുമോയെന്ന നിയമപ്രശ്നം ശനിയാഴ്ച കോടതിക്കുപുറത്ത് ഏറെ ചർച്ചചെയ്യപ്പെട്ടു. ഹരജി ഫയലിൽ സ്വീകരിക്കും മുമ്പേ തള്ളുമെന്ന അഭിപ്രായവും ഉയർന്നു. എന്നാൽ, പരിഗണിക്കാനും വാദം കേൾക്കാനും കോടതി തയാറായി. കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമായ തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടും തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി നിയമപരമല്ലെന്നും കോഴ ആരോപണമുന്നയിച്ച ബിജു രമേശിനെ കേസിൽ പ്രതിയാക്കാതെയാണ് നടപടിയെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
വിജിലൻസ് കോടതി നടപടി നിയമവിരുദ്ധമാണെന്നും പ്രോസിക്യൂഷൻ നടപടിക്ക് സാധ്യതയില്ലെന്ന അന്തിമ റിപ്പോർട്ട് കണക്കിലെടുക്കാതെ നടത്തിയ ഇടപെടൽ നിയമപരമായി നിലനിൽക്കില്ലെന്നും ആരോപിച്ചു. ഇതേ ആരോപണങ്ങളും ആവശ്യങ്ങളുമൊക്കെയാണ് സർക്കാർ നൽകിയ ഹരജിയിലും ഉന്നയിച്ചത്. സി.ബി.ഐ അന്വേഷണമടക്കം അന്ന് കോടതി ചർച്ചചെയ്യാത്ത ഗൗരവമേറിയ ചർച്ചകളിലേക്ക് വിഷയത്തെ കോടതിയിലൂടെത്തന്നെ എത്തിച്ചെന്നതാണ് ഈ ഹരജിയിലൂടെയുണ്ടായ ഫലം. സ്വരക്ഷക്ക് നൽകുന്ന ഹരജികൾ കൂരമ്പുകളായി തിരിച്ചുവരുന്ന അവസ്ഥ സർക്കാറിനുണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.