ഫസല്‍ വധം: ജാമ്യ വ്യവസ്ഥ പൂര്‍ണമായി ഒഴിവാക്കണമെന്ന് കാരായിമാര്‍
text_fieldsകൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാര്‍ ജാമ്യവ്യവസ്ഥ പൂര്‍ണമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജനും തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാരായി ചന്ദ്രശേഖരനുമാണ് എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥ ഒഴിവാക്കാന്‍ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയെ സമീപിച്ചത്.അപേക്ഷ കോടതി ബുധനാഴ്ച വാദം കേള്‍ക്കാനായി മാറ്റി. എന്‍.ഡി.എഫ് പ്രവര്‍ത്തകനായ തലശ്ശേരി മാടപീടികയില്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴും എട്ടും പ്രതികളാണ് കാരായി രാജനും ചന്ദ്രശേഖരനും. ഒന്നര വര്‍ഷം മുമ്പ് ജാമ്യം അനുവദിച്ചപ്പോഴാണ് ഇരുവരോടും മുന്‍കൂര്‍ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്.
ഇതിനുശേഷം പലപ്പോഴായി കോടതിയുടെ അനുമതിയോടെയായിരുന്നു കണ്ണൂരിലേക്കുള്ള ഇരുവരുടെയും യാത്ര. വോട്ട് രേഖപ്പെടുത്താനും വോട്ടെണ്ണലിനും സത്യപ്രതിജ്ഞക്കും അനുമതിയോടെയാണ് ഇരുവരും പോയത്. ഒടുവില്‍ തെരഞ്ഞെടുപ്പ് ജയിച്ച സാഹചര്യത്തില്‍ ഭരണ കാര്യങ്ങള്‍ നോക്കി നടത്താന്‍ കണ്ണൂരില്‍ തങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാരായിമാര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.