മക്കള്‍ക്കുവേണ്ടി മടക്കം; അത് അവസാന യാത്രയായി
text_fieldsമട്ടന്നൂര്‍: മക്കള്‍ക്ക് സ്കൂളിലേക്ക് പോകേണ്ട തിടുക്കമോര്‍ത്ത് വിവാഹത്തിന്‍െറ അവസാന ചടങ്ങിന് കാത്തിരിക്കാതെയാണ് മടങ്ങിയത്. പക്ഷേ, പള്ളിക്കൂടത്തിലെ പൂമ്പാറ്റകളുടെ അന്ത്യയാത്രയായി അത്. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ മലപ്പുറം ഐക്കരപ്പടി വാഹനാപകടത്തില്‍പെട്ട കുടുംബത്തിന്‍െറ ഈ കണ്ണീര്‍ക്കഥ ആരുടെയും കരളലിയിപ്പിക്കും.
ദിവസം തെറ്റിയാണ് കുടുംബം സേലത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത്. അപകടത്തില്‍ മരിച്ച തെരൂര്‍ പാലയോട് കുട്ടിക്കുന്നുമ്മല്‍ ദേവകിയുടെ ചെറുമകള്‍ അമ്മുക്കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ദേവകിയും 31 അംഗ ബന്ധുക്കളും ശനിയാഴ്ച സേലത്തേക്ക് പുറപ്പെട്ടത്. വിവാഹം ഞായറാഴ്ചയാണെന്ന് കരുതി ശനിയാഴ്ച രാവിലെ പത്തോടെയാണ് ഇവര്‍ ടൂറിസ്റ്റ് ബസില്‍ പുറപ്പെട്ടത്.
സേലത്തെ വീട്ടിലത്തെിയപ്പോഴാണ് തിങ്കളാഴ്ചയാണ് വിവാഹത്തിന്‍െറ പ്രധാന ചടങ്ങുകളെന്നറിഞ്ഞത്. ഒരുദിവസം കൂടി തങ്ങി എല്ലാം പൂര്‍ത്തിയാക്കി മടങ്ങാമെന്ന് ദേവകിയുടെ മകള്‍ ലീലയും മറ്റും നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, ടൂറിസ്റ്റു ബസുകാര്‍ തിങ്കളാഴ്ച മറ്റൊരു ട്രിപ്പ് ഏറ്റുപോയതിനാല്‍ സംഘത്തിന് തിരിക്കേണ്ടത് നിര്‍ബന്ധമായി. ഇതോടൊപ്പം സംഘത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടതും തിടുക്കത്തിന് കാരണമായി. തിങ്കളാഴ്ച നടക്കുന്ന വിവാഹത്തിന്‍െറ പ്രധാന ചടങ്ങില്‍ പങ്കെടുക്കാതെ ഞായറാഴ്ച വൈകീട്ടുതന്നെ മടങ്ങിയത് അങ്ങനെയാണ്.
ബന്ധുക്കളായ അഞ്ചുപേര്‍ മരിക്കുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്തയറിഞ്ഞ് പകച്ചുനില്‍ക്കുകയാണ് എടയന്നൂരിനടുത്ത തെരൂര്‍-പാലയോട് പ്രദേശം. ഉല്ലാസയാത്രയെന്നോണം അയല്‍വാസികളോട് കൈവീശിക്കാട്ടി യാത്രപോയ കൊച്ചുസഹോദരങ്ങളുടെയടക്കം ജീവനപഹരിച്ച അപകട വാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയത്. തെരൂര്‍ പാലയോട്ടും കുമ്മാനത്തുമുള്ള സഹോദരങ്ങളും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ അഞ്ച് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചത് അക്ഷരാര്‍ഥത്തില്‍ മട്ടന്നൂരിന് താങ്ങാനായില്ല. കുടുംബ വീടുകളിലെല്ലാം മൂകത തളംകെട്ടി നില്‍ക്കുകയാണ്.
ശശികല യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി
നീലേശ്വരം: വിവാഹത്തിന് പോകുമ്പോള്‍ അമ്മയോടും അനുജത്തിയോടും ചിരിച്ച് യാത്ര പറഞ്ഞ് ഇറങ്ങിയ ശശികലയുടെ അപകട ദുരന്തം താങ്ങാനാവാതെ കുടുംബം. വീടെന്ന സ്വപ്നം ബാക്കിവെച്ചാണ് ശശികലയെ മരണം തട്ടിയെടുത്തത്. കാഞ്ഞങ്ങാട് നഗരസഭയിലെ പടന്നക്കാട് മരക്കാപ്പ് കടപ്പുറത്തെ പരേതനായ ഒ.വി. അമ്പാടി-സാവിത്രി ദമ്പതികളുടെ മകള്‍ ശശികല (52) ആണ് ഞായറാഴ്ച പുലര്‍ച്ചെ വാഹനാപകടത്തില്‍ മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അശോകനാണ് ശശികലയെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായി കുടുംബസമേതം മരക്കാപ്പ് കടപ്പുറത്താണ് താമസം.
കുടുംബ വീട് പൊളിച്ച് നിര്‍മിക്കുന്ന പുതിയ വീടിന്‍െറ പണി പാതി പൂര്‍ത്തിയാക്കിയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഭര്‍ത്താവ് അശോകന്‍െറ ബന്ധുവിന്‍െറ വിവാഹത്തിനായി യാത്ര തിരിച്ചത്. സേലത്ത് വിവാഹചടങ്ങ് നടന്ന് തിരിച്ച് നാട്ടിലേക്കുള്ള യാത്രയിലാണ് മലപ്പുറം ഐക്കരപ്പടിയില്‍ ഇവര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയില്‍ ഇടിച്ച് ദുരന്തം സംഭവിച്ചത്. ഭര്‍ത്താവ് അശോകനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. രാവിലെ മട്ടന്നൂര്‍ സ്കൂളിലും ഭര്‍ത്താവ് അശോകന്‍െറ തറവാട്ട് വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും. ഉച്ചക്ക് ഒന്നിന് മരക്കാപ്പ് കടപ്പുറത്തെ വീട്ടില്‍ മൃതദേഹം എത്തിക്കും. മക്കള്‍: അക്ഷയ് (തമിഴ്നാട് സേലം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി), അനഘ (ഗവ. ഫിഷറീസ് ഹൈസ്കൂള്‍ മരക്കാപ്പ് കടപ്പുറം). സഹോദരങ്ങള്‍: പ്രീതി, പ്രദീപന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.