ബംഗളൂരു സ്ഫോടന കേസ്: സാക്ഷികളെ ഭീഷണിപ്പെടുത്തി വിദേശത്തേക്ക് അയച്ചെന്ന് പൊലീസ്
text_fieldsകൊച്ചി: ബംഗളൂരു സ്ഫോടന കേസിൽ മൊഴി നൽകാതിരിക്കാനായി തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി ഷഹനാസ് അടങ്ങുന്ന സംഘം സാക്ഷിയെ ഭീഷണിപ്പെടുത്തി വിദേശത്തേക്ക് അയച്ചതായി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി ഖത്തറിലേക്കാണ് അയച്ചത്. മൊഴിമാറ്റാൻ സ്വാധീനിച്ച സംഭവത്തിൽ പരാതിയില്ലെന്നും കേസുമായി സഹകരിക്കില്ലെന്നും കണ്ണൂർ സ്വദേശി അറിയിച്ചതായി പൊലീസ് പറഞ്ഞു. ഷഹനാസിന്‍റെ ബാഗിൽ നിന്നും കണ്ടെടുത്ത ഡയറിയിൽ അഞ്ച് സാക്ഷികളുടെ പേരുകളാണുളളത്. ഇവർ ഇപ്പോൾ കേരളത്തിലില്ല. ഇതിൽ ചിലർക്ക് പണം നൽകിയും ചിലരെ ഭീഷണിപ്പെടുത്തിയുമാണ് മൊഴിമാറ്റാൻ ശ്രമിച്ചത്.
തടിയന്‍റവിട നസീറിന്‍റെ നിർദേശ പ്രകാരം ഷഹനാസും മറ്റൊരു പ്രതിയുടെ ബന്ധുവായ തസ് ലമും ചേർന്നാണ് സാക്ഷികളെ സ്വാധീനിച്ച് മൊഴിമാറ്റാൻ ശ്രമം നടത്തിയത്. ഇതിനായി പൊലീസ് തയാറാക്കിയ മൊഴികളുടെ പകർപ്പുകൾ ശേഖരിച്ച സംഘം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ഇതിൽ നിന്നാണ് സാക്ഷികളുടെ പേരുവിവരങ്ങൾ ശേഖരിച്ചത്.
അതേസമയം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ തടിയന്‍റവിട നസീറിനെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി കൊച്ചി പൊലീസ് ചോദ്യംചെയ്യും. ഇതിന്‍റെ ഭാഗമായി ഷഹനാസിനെയും ബംഗളൂരുവിലെത്തിക്കും. ആവശ്യമെങ്കിൽ നസീറിനെ കസ്റ്റഡിയിൽ വാങ്ങി കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസിന് പരിപാടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.