ആദിവാസി നിൽപ് സമരം വീണ്ടും
text_fieldsകൊച്ചി: കേന്ദ്ര സർക്കാർ കൈമാറിയ ഭൂമി ഭൂരഹിതർക്ക് പതിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ആദിവാസി ഗോത്ര മഹാസഭ സെക്രട്ടേറിയറ്റ് പടിക്കൽ ആദിവാസികൾ നിൽപ് സമരം പുനരാരംഭിക്കുന്നു. ഭൂമി പതിച്ച് നൽകുന്നതുവരെ സമരം തുടരും. അടുത്ത മാസം 17ന് തിരുവനന്തപുരത്ത് സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന് നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവർ അറിയിച്ചു.
കേന്ദ്ര സർക്കാർ കൈമാറിയ 20,000 ഏക്കർ ഭൂമി പതിച്ചു നൽകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ല. അട്ടപ്പാടി മേഖലയിൽ 9,000 ഏക്കർ ഭൂമി പതിച്ചു നൽകാനുണ്ട്. അട്ടപ്പാടിയിൽ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് നൽകുന്നതിന് പകരം ഭൂമാഫിയകൾക്ക് ഭൂമി കൈമാറാനുള്ള നടപടിയാണ് സർക്കാർ നടപ്പാക്കുന്നത്.
ആദിവാസി ഗോത്ര മഹാസഭയുടെ കീഴിൽ രൂപവത്കരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ആദിവാസി ഈര് വികസന മുന്നണി മാർച്ചിൽ നിലവിൽ വരും. മാർച്ച് ആദ്യവാരത്തോടെ മുന്നണിയുടെ കൺവെൻഷൻ നടക്കും. കണ്ണൂരിലെ പേരാവൂർ, ഇടുക്കി തുടങ്ങി സംസ്ഥാനത്തെ 10 നിയമസഭാ മണ്ഡലങ്ങളിൽ ആദിവാസി വോട്ട് നിർണായകമാണ്. വോട്ട് ചൂണ്ടിക്കാട്ടി വിലപേശാൻ തങ്ങൾ തയാറല്ല. അതേസമയം സ്വന്തം ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ആദിവാസികളെ പഠിപ്പിക്കും. അടുത്ത അഞ്ചു വർഷത്തിനിടെ ലക്ഷ്യം കൈവരിക്കാനാവും.
ഹിന്ദു രാഷ്ട്രീയത്തിെൻറ അടിസ്ഥാനത്തിൽ ജാതി–മത ധ്രുവീകരണത്തിൽ തങ്ങൾക്ക് താൽപര്യമില്ല. പാർശ്വവത്കരിക്കപ്പെട്ടവരെ അഭിസംബോധന ചെയ്യുന്നതിൽ എൽ.ഡി.എഫ്. പരാജയപ്പെട്ടെന്നും അവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വി.ഡി. മജീന്ദ്രൻ, സി.എൻ. ബാബുരാജ്, അനീഷ് മാത്യു, എസ്. ബോരൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.