എസ്.എൻ.ഡി.പിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് ധാർമിക അവകാശമില്ല -തുഷാർ വെള്ളാപ്പള്ളി
text_fieldsകണ്ണൂർ: ജാതി സംഘടനകളെ കൂട്ടുപിടിച്ചു ഭരണം നടത്തുന്ന മുഖ്യമന്ത്രിക്ക് എസ്.എൻ.ഡി.പിയെ വിമർശിക്കാൻ ധാർമിക അവകാശമില്ലെന്ന് വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി. സമുദായ സംഘടനകൾ ഒരുമിക്കുന്നതിനെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും എന്തിനാണ് എതിർക്കുന്നത്. മുസ് ലിംകളെയും ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന മുസ് ലിം ലീഗും കേരളാ കോൺഗ്രസുമാണ് യു.ഡി.എഫിലെ ഘടകകക്ഷികൾ. വിദ്യാഭ്യാസവും വിവരവുമില്ലാത്ത ജനങ്ങളല്ല കേരളത്തിലുള്ളതെന്ന് നേതാക്കൾ മനസിലാക്കണമെന്നും തുഷാർ പറഞ്ഞു.
കേരളത്തിൽ സി.പി.എം മാത്രം പ്രവർത്തിച്ചാൽ മതിയെന്ന വാദം ന്യായമല്ല. കൂട്ടായ്മയിലൂടെ രാജ്യത്ത് പ്രവർത്തിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രസ്താവനയാണ് ഇത്തരക്കാർ നടത്തുന്നത്. സി.പി.എമ്മിനും കോൺഗ്രസിനും എതിരെ ശക്തി തെളിയിക്കുന്നതിനേക്കാൾ ഉപരി ആശയ പ്രചരണത്തിനാണ് സമത്വമുന്നേറ്റ യാത്ര മുൻതൂക്കം നൽകുന്നത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ ആരോപണങ്ങളെ പുച്ഛിച്ചു തള്ളുന്നതായും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
സമത്വമുന്നേറ്റ യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.