സ്ഫോടനക്കേസ് പ്രതിയെ സഹായിച്ചവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി
text_fieldsകൊച്ചി: ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ തടിയൻറവിട നസീറിെൻറ സഹായിയായി പ്രവർത്തിച്ചെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച വിധി പറയും. പെരുമ്പാവൂർ അല്ലപ്ര പൂത്തിരി ഹൗസിൽ ഷഹനാസ് എന്ന അബ്ദുല്ല, കണ്ണൂർ സിറ്റി സ്വദേശി തസ്ലിം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ചൊവ്വാഴ്ച പ്രതിഭാഗത്തിെൻറയും പ്രോസിക്യൂഷെൻറയും വാദം കേട്ടശേഷമാണ് മജിസ്ട്രേറ്റ് ഷിജു ഷൈഖ് കേസ് വിധി പറയാനായി മാറ്റിയത്. പൊലീസിെൻറ കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ഇന്നലെ കോടതിയിൽ ഹാജരാക്കിയ ഷഹനാസിനെ ഈമാസം 28 വരെയും തസ്ലീമിനെ ഡിസംബർ ഒന്നുവരെയും കോടതി റിമാൻഡ് ചെയ്തു.
തടിയൻറവിട നസീറിനുവേണ്ടി ബംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ബംഗളൂരു ജയിലിൽവെച്ച് ഷഹനാസും നസീറും നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയായിരുന്നുവത്രേ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടന്നത്. കഴിഞ്ഞയാഴ്ച നസീറിനെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഷഹനാസിെൻറ സാന്നിധ്യം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ഈർജിതമാക്കിയത്.
കോലഞ്ചേരിയിൽനിന്ന് എറണാകുളം നോർത് റെയിൽവേ സ്റ്റേഷൻ വരെ പൊലീസ് സംഘത്തെ പിന്തുടർന്ന ഷഹനാസിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് നസീറിെൻറ സഹായിയാണെന്ന് ബോധ്യപ്പെട്ടത്. ഇയാളിൽനിന്ന് നസീറിെൻറ കത്തുകളും മൊബൈൽ ഫോണും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതിന് ശേഷമാണ് തസ്ലീമിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ കേസുകളിലുൾപ്പെട്ടവരെ സഹായിച്ചതിനാൽ യു.എ.പി.എ 39ാം വകുപ്പ് പ്രകാരവും ഗൂഢാലോചന കുറ്റവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.