വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച സംഭവം: കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു
text_fieldsകൊല്ലം: ശാസ്താംകോട്ട ഡി.ബി കോളജിൽ ബൈക്കിടിച്ച് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കോളജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു. ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിൻസിപ്പലിന്‍റെ ഒാഫീസ് ഉപരോധിച്ചത്. ബൈക്കുകൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം അനുവദിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കോളജ് ക്യാമ്പസിനുള്ളിൽ വാഹനങ്ങൾ കയറ്റാൻ അനുമതിയില്ലെന്ന് പ്രിൻസിപ്പൽ ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. അന്യ വാഹനങ്ങൾ കോളജിനുള്ളിൽ കയറാറില്ല. സന്ദർശകർക്കുള്ള വാഹന പാർക്കിങ്ങിന് ക്യാമ്പസിനുള്ളിൽ പ്രത്യേക സ്ഥലമുണ്ട്. ഈ പാർക്കിങ് ഏരിയക്ക് പുറത്താണ് വിദ്യാർഥിനിയെ ബൈക്ക് ഇടിച്ചിട്ടത്. സംഭവം നടന്ന ഉടൻ തന്നെ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചതായും അപകടത്തെകുറിച്ച് പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നതായും പ്രിൻസിപ്പൽ അറിയിച്ചു.
ക്യാമ്പസിനുള്ളില്‍ സന്ദർശകന്‍റെ ബൈക്കിടിച്ച് തലക്ക് പരിക്കേറ്റ രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനി സയനയുടെ നില ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവുണ്ടായതിനെ തുടർന്ന് സയനയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വിദ്യാർഥിനി 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ക്യാമ്പസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ നിരോധിച്ചിരിക്കെയാണ് സെക്യൂരിറ്റി ഗേറ്റ് മറികടന്നെത്തിയ ബൈക്ക് സയനയെ ഇടിച്ചു വീഴ്ത്തിയത്. വിദ്യാർഥിനിയെ ഇടിച്ചിട്ട ബൈക്ക് ഒാടിച്ചിരുന്ന ഹരികുമാറിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
കമ്പലടി പുത്തന്‍വിള വീട്ടില്‍ സിദ്ദീഖിന്‍റെ ഭാര്യയാണ് അപകടത്തിൽപ്പെട്ട സയന (19).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.