വിഴിഞ്ഞംപദ്ധതി ഉപേക്ഷിക്കണമെന്ന് വിദഗ്ധര്‍
text_fieldsതിരുവനന്തപുരം: ഇന്നത്തെനിലയില്‍ വിഴിഞ്ഞംപദ്ധതി പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത ശില്‍പശാല ആവശ്യപ്പെട്ടു.
പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ വശങ്ങള്‍ ശില്‍പശാല ചര്‍ച്ചചെയ്തു. കടല്‍ ആവാസവ്യവസ്ഥക്ക് പദ്ധതിയുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഏറ്റവും ജൈവമായ ഒരു കടല്‍പരിസ്ഥിതിയാണ് ഈ ഭാഗത്തുള്ളത്. അതുസംബന്ധിച്ച ഗൗരവമായ പഠനമൊന്നും പരിസരാഘാത പത്രികയിലില്ല. ഇക്കാര്യം പലപ്രാവശ്യം നിരവധി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇപ്പോഴും അതുകണക്കിലെടുത്തിട്ടില്ല. പുലിമുട്ട് നിര്‍മാണംമൂലം കടല്‍ത്തീരത്തിനുണ്ടാകുന്ന ആഘാതവും വസ്തുനിഷ്ഠമായ പഠനത്തിനു വിധേയമാക്കിയിട്ടില്ല. കൂടാതെ ഈ പ്രദേശം കടലിലെ ഒരു ‘ബയോളജിക്കല്‍ ഹോട്ട് സ്പോട്ട്’ ആയി പ്രഖ്യാപിച്ചതാണെന്ന കാര്യവും പരിഗണിച്ചില്ല.
സാമ്പത്തികമായും പദ്ധതി വന്‍ പരാജയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്കായി ഏകദേശം 6000 കോടി രൂപയാണ് കേരളസര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കുന്നത്.
500ല്‍ താഴെ തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതികൊണ്ട് അദാനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസിന് അവസരമൊരുക്കാന്‍ കഴിയുമെന്നല്ലാതെ മറ്റു കാര്യമായ പ്രയോജനമൊന്നും ഉണ്ടാകില്ല. പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളുമായി ചര്‍ച്ചചെയ്യുന്നതിനും സര്‍ക്കാര്‍ തയാറായില്ല. കേരളം കണ്ട ഏറ്റവും വലിയ ജനവഞ്ചനയാണ് പദ്ധതിയെന്ന് യോഗം വിലയിരുത്തി.
ശില്‍പശാലയില്‍ ഡോ. ആര്‍.വി.ജി മേനോന്‍ മോഡറേറ്ററായിരുന്നു. മുന്‍ ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ്, സെസിലെ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ.വി. തോമസ്, സി.എം.എഫ്.ആര്‍.ഐ യിലെ റിട്ട. സയന്‍റിസ്റ്റ്് ഡോ. അപ്പുക്കുട്ടന്‍, ഡോ. സഞ്ജീവ് ഘോഷ്, സമുദ്രഗവേഷകനായ റോബര്‍ട്ട് പനിപ്പിള്ള, മേഴ്സി അലക്സാണ്ടര്‍, പ്ളാനിങ് ബോര്‍ഡ് മുന്‍ മെംബര്‍ ഡോ. കെ.എന്‍. ഹരിലാല്‍, എ.ജെ. വിജയന്‍, മത്സ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍, ഐ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. എന്‍.കെ. ശശിധരന്‍പിള്ള, പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി എന്‍. ജഗജീവന്‍, ജില്ലാവൈസ്പ്രസിഡന്‍റ് ടി. രാജാമണി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.