തെരഞ്ഞെടുപ്പ് തിരിച്ചടി: ആറ് ഡി.സി.സികളില്‍ സമഗ്ര അഴിച്ചുപണി
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ആറ് ഡി.സി.സികളില്‍ സമഗ്ര അഴിച്ചുപണിക്ക് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഒരുങ്ങുന്നു. ഇക്കാര്യം പരിശോധിച്ച കെ.പി.സി.സി കമീഷന്‍ റിപ്പോര്‍ട്ടിന്‍െറയും ജില്ലാതല വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി.
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് നടപടിയുണ്ടാവുക. ജില്ലാ നേതാക്കളുമായി നടക്കുന്ന ആശയവിനിമയം ഇന്ന് അവസാനിക്കും. ഇതിനു പിന്നാലെ ജില്ലാതല സംവിധാനം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച കൂടിയാലോചനകള്‍ ആരംഭിക്കും.
തെരഞ്ഞെടുപ്പുഫലം ഏറ്റവും മോശമായ ജില്ലകളില്‍ ഡി.സി.സി അധ്യക്ഷന്‍ ഉള്‍പ്പെടെ നേതൃനിരയെയാകെ മാറ്റുന്നതിനാണ് നീക്കം. അതേസമയം, സമവായത്തോടെ പോകേണ്ട മറ്റുജില്ലകളില്‍ ഡി.സി.സിതല അഴിച്ചുപണി മാത്രമേ ഉണ്ടാകൂ. കനത്ത തോല്‍വി നേരിട്ട കൊല്ലത്ത് നേതൃനിരയെയാകെ മാറ്റുമെന്നാണ് സൂചന. അവിടെ ഒരു മുന്നൊരുക്കവും തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നില്ളെന്നാണ് കണ്ടത്തെിയത്.
പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അവലോകനത്തില്‍ കെ.പി.സി.സിക്കെതിരെയും വിമര്‍ശം ഉയര്‍ന്നു. പാലക്കാടുമായി ബന്ധപ്പട്ട് കെ. അച്യുതന്‍ എം.എല്‍.എയാണ് ആഞ്ഞടിച്ചത്.
മദ്യനയം ദോഷം ചെയ്തെന്നും തെരഞ്ഞെടുപ്പുതോല്‍വി അന്വേഷിക്കാന്‍ ഇനി കമീഷനുകളെയൊന്നും അങ്ങോട്ട് വിടേണ്ടെന്നും അദ്ദേഹം പറഞ്ഞു. എ.വി. ഗോപിനാഥ് ഡി.സി.സി പ്രസിഡന്‍റായിരുന്നപ്പോള്‍ ജില്ലയില്‍ പാര്‍ട്ടി ശക്തമായിരുന്നെന്ന് കെ.പി.സി.സി സെക്രട്ടറി പൗലോസ് പറഞ്ഞു.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തര്‍ക്കമുണ്ടാകാത്തത് ഗ്രൂപ് വീതംവെക്കല്‍ ആയതിനാലാണെന്ന് മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തള്ളി വിമതന്മാര്‍ ഒന്നാമതത്തെിയ സാഹചര്യം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തൃശൂരിലെ വിശകലനചര്‍ച്ചയിലും കെ.പി.സി.സി നേതൃത്വത്തിനെതിരെയാണ് പരോക്ഷമായി വിമര്‍ശം ഉയര്‍ന്നത്. മന്ത്രി സി.എന്‍. ബാലകൃഷ്ണനെ താഴ്ത്തിക്കെട്ടാന്‍ നടത്തിയ നീക്കം തിരിച്ചടിയായെന്ന് പലരും ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനെതിരായ ശ്രമം തിരിച്ചടിക്ക് കാരണമായെന്ന ഐ ഗ്രൂപ് വിമര്‍ശത്തെ എ ഗ്രൂപ് പ്രതിരോധിച്ചില്ല.
ബി.ജെ.പി നേടിയ വോട്ടില്‍ നല്ലപങ്കും കോണ്‍ഗ്രസിന്‍േറതാണ്. അമിത ആത്മവിശ്വാസവും അപകടം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാര്‍ഥികളെ ഇറക്കുമതി ചെയ്യരുതെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു.
മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് തുടരും
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാജിവെച്ച മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ് കുഞ്ഞി സ്ഥാനത്ത് തുടരും.
രാജി സ്വീകരിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്. വികാരം പാര്‍ട്ടിയെ അറിയിച്ചതായും പാര്‍ട്ടിക്ക് വിധേയനായി രാജിയില്‍നിന്ന് പിന്‍വാങ്ങിയതായും മുഹമ്മദ് കുഞ്ഞി പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് കഴിഞ്ഞദിവസം ചേര്‍ന്ന മലപ്പുറം ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തവരും രാജി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം തകര്‍ന്നത് തെരഞ്ഞെടുപ്പില്‍ മുന്നണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.