പ്രവാസി പുനരധിവാസ പദ്ധതി: പുതിയ അപേക്ഷകൾ ജനുവരിയിൽ സ്വീകരിക്കും
text_fieldsമലപ്പുറം: സൗദി അറേബ്യയിലെ സ്വദേശിവത്കരണത്തിെൻറ ഭാഗമായി തിരിച്ചെത്തിയവർക്കായി നടപ്പാക്കിയ പ്രവാസി പുനരധിവാസ പദ്ധതിയിൽ നിലവിലുള്ള അപേക്ഷകൾ ഡിസംബറിൽ തീർപ്പാക്കും. ആറുമാസമായി മുടങ്ങിക്കിടക്കുന്ന പുനരധിവാസ പദ്ധതിയാണ് പ്രവാസി സംഘടനകളുടെ ഇടപെടലിെൻറ ഭാഗമായി വീണ്ടും നടപ്പാക്കുന്നത്.
നിലവിൽ അയ്യായിരത്തോളം അപേക്ഷകളാണ് തീർപ്പാകാതെ കിടക്കുന്നത്. പദ്ധതി നടപ്പാക്കുന്നതുമായി സംബന്ധിച്ച് മൂന്ന് ബാങ്കുകളുമായി ധാരണപത്രം ഒപ്പിട്ടതായി നോർക്ക സി.ഇ.ഒ കണ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കനറാ ബാങ്ക്, യൂനിയൻ ബാങ്ക്, സൗത് ഇന്ത്യൻ ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അഗ്രി ബിസിനസ്, വ്യവസായം, സേവനമേഖല, ടാക്സി സർവിസ്, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ സംരംഭം ആരംഭിക്കാൻ നേരത്തേ 20,000ത്തോളം അപേക്ഷകളാണ് നോർക്കക്ക് ലഭിച്ചിരുന്നത്. അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനിടെ കഴിഞ്ഞ മാർച്ചിൽ പദ്ധതി പാതിവഴിയിൽ മുടങ്ങുകയായിരുന്നു. നടപടികൾ പൂർത്തിയായിട്ടും ബാങ്കുകൾ വായ്പ നൽകാതിരുന്നതോടെയാണ് പദ്ധതി അവതാളത്തിലായത്.
20 ലക്ഷം രൂപയാണ് പരമാവധി വായ്പയായി നൽകുന്നത്. മൊത്തം തുകയുടെ 15 ശതമാനം സർക്കാർ സബ്സിഡിയായി നൽകും. ബാങ്കുകളുമായി പുതുതായി ഉണ്ടാക്കിയ ധാരണപ്രകാരം 10.25 ശതമാനം പലിശനിരക്കിലാണ് വായ്പ നൽകുക. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് മൂന്ന് ശതമാനം ഇളവുണ്ടാകും. ഇതോടെ 7.25 ശതമാനം പലിശയാണ് പ്രവാസി പുനരധിവാസ പദ്ധതിയിൽ വായ്പയെടുത്തവർ അടക്കേണ്ടത്. നേരത്തേ, വായ്പയെടുത്തവർക്കും ഇതേ ഇളവ് ലഭിക്കും.
ജനുവരി മുതൽ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കാനും പദ്ധതിയുണ്ട്. ബാങ്കിെൻറ ഏത് ശാഖയിൽനിന്ന് വായ്പ ലഭിക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അപേക്ഷകന് ഓൺലൈനായി നൽകാൻ സാധിക്കും. അപേക്ഷിച്ചവർ വായ്പക്കർഹരാണെന്ന് കണ്ടെത്തിയാൽ അവർക്ക് നിർബന്ധമായും വായ്പ നൽകേണ്ടിവരും. അർഹരാണെങ്കിലും ബാങ്ക് മന$പൂർവം നീട്ടിക്കൊണ്ടുപോകുന്നതായി നേരത്തേ പരാതികൾ ലഭിച്ചിരുന്നു. അതേസമയം, വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ കാര്യത്തിലുള്ള തുടർനടപടി ഇതുവരെ തീരുമാനിച്ചിട്ടില്ല. സന്നദ്ധസംഘടനകളുമായി സഹകരിച്ച് ഈ പ്രശ്നം പരിഹരിക്കാനാകുമോയെന്ന് പഠിക്കുമെന്നും നോർക്ക സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.