ഇ.എസ്.എ പട്ടിക അട്ടിമറിക്ക് കേരളം
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം അട്ടിമറിക്കാൻ വിചിത്രവാദവുമായി കേരളം രംഗത്ത്. പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന ആറ് സംസ്ഥാനങ്ങളിലെ ഇ.എസ്.എ പ്രദേശങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാറിെൻറ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. 2015 സെപ്റ്റംബറിലാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്. പരിസ്ഥിതി ലോലപ്രദേശങ്ങളുടെ (ഇ.എസ്.എ) പട്ടികയിൽ റിസർവ് വനങ്ങൾ, സംരക്ഷിത മേഖലകൾ, ലോക പൈതൃക സ്ഥലങ്ങൾ എന്നിവ മാത്രം ഉൾപ്പെടുത്തിയാൽ മതിയെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം കത്തയച്ചിരിക്കുന്നത്.
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം ഇ.എസ്.എ മേഖലയായി ആദ്യം തെരഞ്ഞെടുത്തത് 123 വില്ലേജുകളെ ആയിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഉൾപ്പെടെ സമ്മർദത്തെ തുടർന്ന് സംസ്ഥാനം ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി. ഉമ്മനെ ഇക്കാര്യം പരിശോധിക്കാൻ നിയോഗിച്ചു. അദ്ദേഹം ഇത് 119 വില്ലേജുകളായി കുറച്ചു. കസ്തൂരിരംഗൻ കമ്മിറ്റി ഇ.എസ്.എ ആയി ശിപാർശ ചെയ്തത് 13,108 സ്ക്വ. കി.മീറ്റർ ആയിരുന്നു. എന്നാൽ ഉമ്മൻ വി. ഉമ്മെൻറ ശിപാർശ പ്രകാരം ഇത് 9,993.7 സ്ക്വ. കി. മീറ്ററായി ചുരുങ്ങി. 9,107 സ്ക്വ. കി. മീറ്റർ വനവും 886.7 സ്ക്വ. കി.മീറ്റർ വനേതര പ്രദേശവും ഉൾപ്പെടെ ആയിരുന്നു ഇത്. അതേസമയം, ഇതുപോലും പാടില്ലെന്ന നിലപാടിലായിരുന്നു കൈയേറ്റ ലോബി. തുടർന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സർക്കാർ തന്നെ നിയോഗിച്ച സമിതി ഇ.എസ്.എ ആക്കാൻ ശിപാർശ ചെയ്ത പ്രദേശങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രത്തിനു മുന്നിൽ ഉന്നയിച്ചത്.
ഭരണഘടന പ്രകാരം ഭൂമി സംസ്ഥാന വിഷയമാണെന്നും ഇതിനു മേലുള്ള നിയന്ത്രണവും അധികാരവും തങ്ങളുടേതാണെന്നും വ്യക്തമാക്കിയാണ് ഒക്ടോബർ 27ന് പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മാരപാണ്ഡ്യൻ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം സ്പെഷൽ സെക്രട്ടറി ഹേം പാണ്ഡേക്ക് കത്തയച്ചത്. ഇ.എസ്.എ സംബന്ധിച്ച് സെപ്റ്റംബർ നാലിലെ കരട് വിജ്ഞാപനത്തിലെ ചില വ്യവസ്ഥകൾ സംസ്ഥാനത്തിെൻറ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ റിസർവ് വനം, സംരക്ഷിത മേഖല, ലോക പൈതൃക പ്രദേശങ്ങൾ എന്നിവ കൂടി ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് മുതലെടുത്താണ് സംസ്ഥാന സർക്കാറിെൻറ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.