കുടുംബശ്രീ: ഡയറക്ടർക്ക് എതിരായ എക്സി. ഡയറക്ടറുടെ പരാതി തള്ളി
text_fieldsതൃശൂർ: കുടുംബശ്രീ ഡയറക്ടറായിരുന്ന പി.ആർ. ശ്രീകുമാറിനെതിരെ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.ബി. വത്സലകുമാരി നൽകിയ പരാതി സർക്കാർ തള്ളി. സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. പരാതി ഉയർന്നതോടെ ഡയറക്ടർ ഡെപ്യൂട്ടേഷൻ കാലാവധി തീരും മുമ്പ് കുടുംബശ്രീ വിട്ടിരുന്നു. കാലാവധി നീട്ടിക്കിട്ടുമെന്ന് പ്രതീക്ഷിച്ച എക്സിക്യൂട്ടിവ് ഡയറക്ടർക്കാകട്ടെ, സർക്കാർ അത് അനുവദിച്ചതുമില്ല. ഈ സർക്കാറിെൻറ കാലാവധി അവസാനിക്കും വരെ എക്സിക്യൂട്ടിവ് ഡയറക്ടറുടെ പൂർണ ചുമതല സി–ഡിറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എൻ.കെ. ജയക്കാണ്. തെൻറ നിർദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് കാണിച്ച് ഏപ്രിൽ ആറിനാണ് ശ്രീകുമാറിനെതിരെ വത്സലകുമാരി സർക്കാറിന് പരാതി നൽകിയത്. ഡൽഹിയിൽ നാഷനൽ റൂറൽ ലൈവ്ലിഹുഡ് മിഷെൻറ യോഗത്തിൽ പങ്കെടുക്കണമെന്ന നിർദേശം ഡയറക്ടർ പാലിച്ചില്ല.
ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറുന്നത് ഡയറക്ടർ പതിവാക്കിയതായും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന്, സർക്കാർ നിയോഗിച്ച അന്വേഷണോദ്യോഗസ്ഥൻ എല്ലാ കക്ഷികളുമായും സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ, പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകി. ഡയറക്ടർക്കെതിരെ എക്സിക്യൂട്ടിവ് ഡയറക്ടർ പരാതി നൽകിയത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥയായ വത്സലകുമാരി മൂന്ന് വർഷത്തെ കരാറിലാണ് കുടുംബശ്രീയിൽ നിയമിക്കപ്പെട്ടത്. അഡീഷനൽ സെക്രട്ടറി പദവിയുള്ള ശ്രീകുമാറിന് ഒരുവർഷത്തെ ഡെപ്യൂട്ടേഷൻ നിയമനമായിരുന്നു.
ഭരണ–ധനകാര്യ ചുമതലയുണ്ടായിരുന്ന ശ്രീകുമാർ അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചത് ഡയറക്ടർ ബോർഡിൽ ഉൾപ്പെടെ ചിലരെ അസ്വസ്ഥരാക്കി. അതേസമയം, കുടുംബശ്രീ മിഷൻ ജീവനക്കാരിൽ ഭൂരിഭാഗവും ശ്രീകുമാറിെൻറ സേവനത്തിൽ തൃപ്തരായിരുന്നു. എക്സിക്യൂട്ടിവ് ഡയറക്ടറുടെ നിർദേശപ്രകാരം ചുരുങ്ങിയ കാലത്തിനിടക്ക് താൻ ദുബൈയിലും ഡൽഹിയിലും ഹൈദരാബാദിലും മുംബൈയിലും ഉൾപ്പെടെ നിരവധി യാത്രകൾ നടത്തിയെന്നും അസുഖം മൂലം ഒരു യാത്രക്ക് പ്രയാസം പറഞ്ഞതിലെ വിരോധമാണ് പരാതിക്ക് പിന്നിലെന്നുമാണ് ശ്രീകുമാറിെൻറ വിശദീകരണം. യാത്രകൾ സംബന്ധിച്ച രേഖകളും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് സമർപ്പിച്ചു. അതേസമയം, ഡയറക്ടറുടെ ‘അനുസരണക്കേട്’ തെളിയിക്കുന്ന രേഖകളൊന്നും വത്സലകുമാരി നൽകിയതുമില്ല.
സർക്കാറിന് അപേക്ഷ നൽകി ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച ശ്രീകുമാർ ഇപ്പോൾ തിരുവനന്തപുരത്ത് സർക്കാർ സെൻട്രൽ പ്രസിെൻറ ഡയറക്ടറാണ്. എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്ത് നിന്ന് വത്സലകുമാരിയെ ഒഴിവാക്കിയാണ് സർക്കാർ പുതിയ ആൾക്ക് ചുമതല നൽകിയത്. ഇതിനിടെ, കുടുംബശ്രീയിൽ ക്രമക്കേടുള്ളതായി വത്സലകുമാരി സർക്കാറിന് പുതിയ പരാതി നൽകിയതായും അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.