ജഗതി മരിച്ചെന്ന വ്യാജ വാർത്ത; സൈബർ പൊലീസ് കേസെടുത്തു
text_fieldsതിരുവനന്തപുരം: സിനിമാ താരം ജഗതി ശ്രീകുമാർ മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് സൈബൽ സെൽ കേസെടുത്തു. ഇന്നലെയാണ് വാട്സ് ആപ്പ് വഴി വാർത്ത പ്രചരിച്ചത്. ഹൃദയാഘാതം മൂലം ജഗതി മരിച്ചെന്നും ഇന്ന് അദ്ദേഹത്തിൻെറ സംസ്കാരം നടക്കുമെന്നുമായിരുന്നു സന്ദേശം. മനോരമ ന്യൂസിൻെറ പേരിലാണ് വ്യാജ വാർത്ത പ്രചരിച്ചത്.
മനോരമ ന്യൂസ്, ജഗതിയുടെ മകൻ രാജ്കുമാർ എന്നിവർ നൽകിയ പരാതിയിലാണ് സൈബർ പൊലീസ് കേസെടുത്തത്. വിഷയത്തിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജ്കുമാർ പറഞ്ഞു. ഇത്തരം പ്രചരണങ്ങൾ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. വാർത്ത പ്രചരിച്ചത് ജഗതി ശ്രീകുമാറും അറിഞ്ഞു. അദ്ദേഹവും ഏറെ വിഷമിച്ചുവെന്നും രാജ്കുമാർ വ്യക്തമാക്കി.
പ്രമുഖര്‍ മരിച്ചു എന്ന വ്യാജ വാര്‍ത്ത വാട്‌സ് ആപിലൂടെ പ്രചരിക്കുന്നത് ഇതാദ്യമല്ല. അഭിനേതാക്കളായ മാമുക്കോയ, ജിഷ്ണു, സലിംകുമാര്‍, മേനക എന്നിവര്‍ മരിച്ചു എന്ന വാര്‍ത്ത നേരത്തെ വിവിധ സമയങ്ങളില്‍ വാട്‌സ് ആപിലൂടെ പ്രചരിച്ചിരുന്നു. വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്നവരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ജഗതി ശ്രീകുമാർ.
ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനെതിരെ നടൻ മോഹൻലാൽ തൻെറ ബ്ലോഗിൽ എഴുതിയിരുന്നു. ‘മാമുക്കോയയെ കൊന്നത് മലയാളിയുടെ മനോവൈകൃതം’ എന്ന തലക്കെട്ടിലായിരുന്നു മോഗഹൻലാൽ ബ്ലോഗ് എഴുതിയത്. വാർത്ത പടച്ചുണ്ടാക്കിയവർക്കെതിരെ സൈബർ സെൽ കേസെടുക്കണമെന്നും ലാൽ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.